വിദ്യാര്‍ഥി വെടിയേറ്റ് മരിച്ച സംഭവം: സുഹൃത്ത് അറസ്റ്റില്‍
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ഥി വെടിയേറ്റുമരിച്ച സംഭവത്തില്‍ കൊല്ലപ്പെട്ട മാസിനെ വെടിവച്ചത് മദ്യലഹരിയിലായിരുന്ന സുഹൃത്തെന്നു പൊലിസ്. സംഭവത്തില്‍ മാനത്തുമംഗലം പിലാക്കല്‍ വീട്ടില്‍ മുസമ്മില്‍ (24)നെ അറസ്റ്റ് ചെയ്തു. ഇയാളെ കൂടാതെ എട്ട് പേരും കസ്റ്റഡിയിലുണ്ട്. വെടിയേറ്റയുടന്‍ മാസിനെ ആശുപത്രയില്‍ എത്തിക്കുന്നതിന്റെ ദൃശ്യങ്ങളും പ്രതി എയര്‍ഗണ്ണുമായി നില്‍ക്കുന്ന ചിത്രങ്ങളും പൊലിസിന് ലഭിച്ചിരുന്നു.
സംഭവത്തിനു ശേഷം അന്നേദിവസം തന്നെ മുസമ്മില്‍ കീഴടങ്ങിയിരുന്നെങ്കിലും തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും പൊലിസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് പെരിന്തല്‍മണ്ണ മാനത്തുമംഗലത്തെ കിഴിശ്ശേരി കുഞ്ഞിമുഹമ്മദിന്റെ മകന്‍ മാസിന്‍ (22) ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റ് മരിച്ചത്. വെടിയേറ്റ് ചോരയില്‍ കുളിച്ച മാസിനെ രണ്ടു യുവാക്കള്‍ പെരിന്തല്‍മണ്ണയിലെ കിംസ് അല്‍ഷിഫ ആശുപത്രിയിലെത്തിച്ച് ഉടന്‍ കടന്നുകളയുകയായിരുന്നു.
സംഭവത്തെകുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ: പെരിന്തല്‍മണ്ണ നഗരത്തിനടുത്ത് പൂപ്പലം തടപ്പറമ്പില്‍ ഒഴിഞ്ഞ സ്ഥലത്ത് ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കാനായാണ് സംഘം ഒരുമിച്ച് കൂടിയത്. മാസില്‍ ഉള്‍പ്പെടെ 10പേരാണ് സംഘത്തിലുണ്ടായിരുന്നത്. പക്ഷികളെയും മറ്റും വെടിവച്ച് പിടിക്കുകയെന്ന ഉദ്ദേശത്തോടെ കൂട്ടത്തിലുള്ള ഒരാളുടെ എയര്‍ഗണ്ണുമായാണ് ഇവര്‍ എത്തിയത്. തോക്ക് ഉപയോഗിക്കുന്നതിനിടെ മുസമ്മില്‍ ഉള്‍പ്പെടെ പലരും മദ്യലഹരിയിലായിരുന്നു.
ഇതിനിടെ മാസിന് അഭിമുഖമായി തൊട്ടടുത്ത് നിന്ന മുസമ്മില്‍ വെടിവയ്ക്കുകയായിരുന്നു. വെടിയുണ്ട ശ്വാസകോശത്തിന് മധ്യത്തിലൂടെയാണ് തുളച്ചുകയറിയത്. പിന്നീട് എയര്‍ഗണ്‍ പരിസരത്ത് ഉപേക്ഷിച്ച് മുസമ്മിലും മറ്റൊരു കൂട്ടുകാരനും മാസിനെ സ്‌കൂട്ടറില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പിടിക്കപ്പെടുമെന്ന ഭയത്താലാണ് ഇവര്‍ ഉടന്‍ കടന്നു കളഞ്ഞതെന്നും പൊലിസ് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് പൊലിസ് കണ്ടെടുത്തു.
പ്രതിക്ക് മരിച്ച മാസിനുമായി വൈരാഗ്യം ഉള്ളതായി പ്രത്യക്ഷത്തില്‍ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും ബോധപൂര്‍വമുള്ള ആക്രമണമാണോയെന്നത് ഇപ്പോള്‍ പറയാനാകില്ലെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന പെരിന്തല്‍മണ്ണ സി.ഐ ടി.എസ് ബിനു മൂത്തേടം സുപ്രഭാതത്തോട് പറഞ്ഞു. അതേസമയം, തോക്കില്‍ വെടിയുണ്ട ഉള്ളത് അറിയില്ലായിരുന്നെന്നും അബദ്ധവശാല്‍ വെടിയുതിരുകയാണ് ചെയ്തതെന്നുമാണ് മുത്തമിലിന്റെ മൊഴി. ഇന്നലെ ബാലിസ്റ്റിക് വിദഗ്ധര്‍ ഉള്‍പ്പെടെ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."