എ.ടി.എം കാര്‍ഡ് തട്ടിയെടുത്ത് പണംകവര്‍ന്ന രണ്ടംഗ സംഘം പിടിയില്‍
കരുനാഗപ്പള്ളി: താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ എ.ടി.എം കാര്‍ഡ് തട്ടിയിടുത്തതിന് ശേഷം പണം കവരുന്ന രണ്ടംഗസംഘത്തെ കരുനാഗപ്പള്ളി പൊലിസ് അറസ്റ്റ് ചെയ്തു. കിളിമാനൂര്‍ പാറക്കല്‍ പുത്തന്‍വീട് (സിമി ഭവനം) ഷിജു (27) , കരുനാഗപ്പള്ളി കേശവപുരം കടയക്കല്‍ കിഴക്കതില്‍ അജയന്‍ (28) എന്നിവരാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എ.ടി.എം കാര്‍ഡും പണവും നഷ്ട്ടപ്പെട്ടത് സംബന്ധിച്ച് പരാതി നല്‍കാനായി തിരുവനന്തപുരം ശ്രീകാര്യം അമ്പാട്ട് വീട്ടില്‍ കോയ തങ്ങള്‍ കരുനാഗപ്പള്ളിയില്‍ എത്തിയിരുന്നു.
പൊലിസ് സ്റ്റേഷന് തെക്ക് വശം കാര്‍ പാര്‍ക്ക് ചെയ്തതിന് ശേഷം പരാതി നല്‍കി തിരിച്ച് വരവേ ദേശീയ പാതയില്‍ നിന്ന തണല്‍മരം കടപുഴകി വീണ് കാര്‍ പൂര്‍ണമായും തകര്‍ന്നു. പണവും കാറും തകര്‍ന്ന വിഷമത്തിലിരിക്കുമ്പോഴാണ് കരുനാഗപ്പള്ളി എസ്.ഐ ശിവകുമാറും സംഘവും കരുനാഗപ്പള്ളിയിലെ ലോഡ്ജില്‍ നിന്നും അവിടെ സ്ഥാപിച്ച സി.സി.ടി.വിയില്‍ പതിഞ്ഞ പ്രതികളുടെ ദൃശ്യം കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ തട്ടിപ്പ് നടത്തിയ എ.ടി.എം കൗണ്ടറിലെ ദൃശ്യത്തില്‍ നിന്നും പ്രതികളുടെ ചിത്രം പതിഞ്ഞതും തെളിവായി. തുടര്‍ന്നു ഇവരെ അറസ്റ്റു ചെയുകയയിരുന്നു.
തങ്ങള്‍ കോയയുടെ 3,45,000 രൂപയാണ് നഷ്ട്ടപ്പെട്ടത്. ഇവര്‍ ഈ പണം ഉപയോഗിച്ച് മുന്തിയ ഹോട്ടലില്‍ ഭക്ഷണം കഴിച്ചും പണയം വച്ചിരുന്ന സ്വര്‍ണം എടുത്തും ആഢംബര ജീവിതം നയിക്കുകയായിരുന്നു. തങ്ങള്‍ കോയ ഇടയ്ക്കിടെ നാട്ടില്‍ വരുമ്പോള്‍ ഈ ലോഡ്ജില്‍ തങ്ങുമായിരുന്നു. ഇവര്‍ സൗഹൃദം നടിച്ച് എ.ടി.എം കൈക്കലാക്കി പണം തട്ടിയെടുക്കയായിരുന്നെന്ന് പൊലിസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."