അടുത്ത മാര്‍ച്ചോടെ എല്ലാ ക്ലാസുകളും ഹൈടെക്കാകും: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: അടുത്ത വര്‍ഷം മാര്‍ച്ചോടെ ഹയര്‍ സെക്കന്‍ഡറി മുതല്‍ പ്രൈമറി വരെയുള്ള എല്ലാ ക്ലാസുകളും ഹൈടെക് ആക്കി മാറ്റുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ഇതോടെ ഇന്ത്യയിലെ ആദ്യ ഹൈടെക് സ്‌കൂള്‍ സംസ്ഥാനമാകും കേരളമെന്നും അദ്ദേഹം പറഞ്ഞു. പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്നതിന്റെ പൈലറ്റ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഈവര്‍ഷം ഹൈസ്‌കൂളുകള്‍ ഹൈടെക് ആകും. അടുത്തഘട്ടമാണ് യു.പി, എല്‍.പി സ്‌കൂളുകള്‍ ഈ നിരയിലെത്തുന്നത്. ഇപ്പോള്‍ ഹൈടെക് ആകുന്ന 188 സ്‌കൂളുകള്‍ക്കുപുറമേ, എത്ര സ്‌കൂളുകളില്‍ കൂടി ലാബുകള്‍ വേണമെന്നതില്‍ സര്‍വേ ആരംഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് പദ്ധതി തയാറാക്കി കിഫ്ബിക്ക് സമര്‍പ്പിച്ച് ആവശ്യമായ തുക നേടും. പഠനിലവാരമുയരുന്നതിനൊപ്പം പഠനരീതികളും മാറും. അധ്യാപകരെയും വിദ്യാര്‍ഥികളെയും സജ്ജരാക്കുന്നതിനൊപ്പം മാതാപിതാക്കളും ഇക്കാര്യത്തില്‍ അറിവ് നേടണമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
വിതുര ഗവ. യു.പി സ്‌കൂള്‍, നേമം ഗവ. യു.പി സ്‌കൂളുകള്‍, തിരുവനന്തപുരം ഡയറ്റ് എന്നിവിടങ്ങളിലെ അധ്യാപകര്‍ക്ക് ഹൈടെക് പഠന ഉപകരണങ്ങളായ ലാപ്‌ടോപ്, പ്രൊജക്ടര്‍ തുടങ്ങിയവ കൈമാറിയാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്റെ സോഷ്യല്‍ മീഡിയ പേജുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
ചടങ്ങില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് അധ്യക്ഷയായിരുന്നു. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ് ആശംസകള്‍ നേര്‍ന്നു. 'കൈറ്റ് ' വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് സ്വാഗതവും പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ജിമ്മി കെ ജോസ് നന്ദിയും പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈസ്‌കൂളുകളിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഹൈടെക് ക്ലാസ്‌റൂം പദ്ധതി തുടങ്ങിയിട്ടുണ്ട്.
ഇതിന്റെ തുടര്‍ച്ചയായാണ് പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളും ഹൈടെക്കാവുന്നത്. 188 സ്‌കൂളുകളിലും 14 ഡയറ്റുകളിലും ആരംഭിക്കുന്ന പൈലറ്റ് വിന്യാസത്തിന്റെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."