പ്ലേ ഓഫ് മത്സരങ്ങള്‍ ഇന്നും നാളെയും കൊച്ചിയില്‍
കൊച്ചി: പ്രൊ കബഡി ലീഗ് പ്ലേ ഓഫ് മത്സരങ്ങള്‍ ഇന്നും നാളെയും കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. മൂന്ന് എലിമിനേറ്ററും ഒരു ക്വാളിഫയറും ഉള്‍പ്പെടെ നിര്‍ണായകമായ നാലു മത്സരങ്ങള്‍ക്കാണ് കൊച്ചി ആതിഥ്യം വഹിക്കുക. രാത്രി എട്ടിനും ഒന്‍പതിനുമാണ് മത്സരം.
ഇന്ന് രാത്രി എട്ടിന് ആദ്യ എലിമിനേറ്ററില്‍ യു മുംബ, യു.പി യോദ്ധയെ നേരിടും. തുടര്‍ച്ചയായ ആറു മത്സരങ്ങള്‍ ജയിച്ചാണ് യു.പി പ്ലേ ഓഫിന് യോഗ്യത നേടിയത്. യു.പിയുടെ വിജയം നിലവിലെ ചാംപ്യന്മാരായ പട്‌ന പൈറേറ്റ്‌സിന് പുറത്തേക്കുള്ള വഴിയൊരുക്കുകയും ചെയ്തു. ലീഗിന്റെ രണ്ടാം പതിപ്പില്‍ കിരീടം നേടിയ യു മുംബ കഴിഞ്ഞ രണ്ടു സീസണുകളിലെ മോശം പ്രകടനം തിരുത്തിയാണ് ഇത്തവണ പ്ലേ ഓഫിലേക്ക് മുന്നേറിയത്. രാത്രി ഒന്‍പതിന് ദബാങ് ഡല്‍ഹിയും ബംഗാള്‍ വോറിയേഴ്‌സും തമ്മിലാണ് രണ്ടാം എലിമിനേറ്റര്‍.
മലയാളി സൂപ്പര്‍ റെയ്ഡര്‍ ഷബീര്‍ ബാപ്പു ഡല്‍ഹി ദബാങ് ടീമിനായാണ് ഇത്തവണ കളിക്കുന്നത്. ഇതുവരെ ആറു മത്സരങ്ങളില്‍ മാത്രമാണ് ഷബീര്‍ ഇറങ്ങിയത്. 2015ല്‍ ഷബീര്‍ ബാപ്പുവിന്റെ മികവിലായിരുന്നു യു മുംബ ലീഗ് ചാംപ്യന്മാരായത്. ആദ്യ സീസണില്‍ 66 റെയ്ഡ് പോയിന്റുകളുമായി മികവ് പ്രകടിപ്പിച്ച ഷബീര്‍ 2017-18 ദേശീയ സീനിയര്‍ കബഡി ചാംപ്യന്‍ഷിപ്പില്‍ കര്‍ണാടക ടീമിന്റെ നായകനായിരുന്നു. പാലക്കാട് സ്വദേശിയാണ്.
എ സോണിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സും ബി സോണില്‍ മുന്നിലെത്തിയ ബെംഗളൂരു ബുള്‍സും തമ്മിലാണ് നാളത്തെ ആദ്യ മത്സരം (ഒന്നാം ക്വാളിഫയര്‍). വിജയികള്‍ നേരിട്ട് കലാശപോരിന് യോഗ്യത നേടും. രണ്ടാം മത്സരത്തില്‍ (മൂന്നാം എലിമിനേറ്റര്‍) ആദ്യ രണ്ടു എലിമിനേറ്ററുകളിലെ വിജയികള്‍ ഏറ്റുമുട്ടും.
ഈ മത്സരത്തിലെ വിജയികളും ആദ്യ ക്വാളിഫയറിലെ പരാജിതരും തമ്മില്‍ ജനുവരി മൂന്നിന് മുംബൈയിലാണ് രണ്ടാം ക്വാളിഫയര്‍. ജനുവരി അഞ്ചിന് ഫൈനല്‍ മത്സരത്തിനും മുംബൈ ആതിഥ്യമരുളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."