ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ അനധികൃത ഗര്‍ഭചിദ്രം തകൃതി
കൊല്ലം: ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ അനധികൃത ഗര്‍ഭചിദ്രം തകൃതിയായി നടക്കുമ്പോഴും നടപടിയെടുക്കാതെ കണ്ണടയ്ക്കുകയാണ് ആരോഗ്യവകുപ്പ് അധികൃതര്‍.
സ്വകാര്യ ചികില്‍സ നടത്തുന്ന ഡോക്ടര്‍മാരാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം. ആശുപത്രികളുടെ ചുറ്റുവട്ടത്തെ മെഡിക്കല്‍ സ്‌റ്റോറുകളില്‍ മാത്രമാണ് ഗര്‍ഭചിദ്രത്തിനുള്ള ഗുളികകള്‍ വില്‍ക്കുന്നത്. ഈ ഗുളിക വാങ്ങിയാല്‍ മിക്ക മെഡിക്കല്‍ സ്‌റ്റോറുകളും കംപ്യൂട്ടര്‍ ബില്ലുകള്‍ നല്‍കാറില്ല.
അനധികൃതമായി ഗര്‍ഭചിദ്രം നടത്തുന്നുവെന്ന് നേരത്തേതന്നെ ആക്ഷേപമയുര്‍ന്ന കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനക്കെത്തിയ രണ്ടുമാസം ഗര്‍ഭിണിയായ യുവതിക്ക് ഗര്‍ഭചിദ്രത്തിന് ഗുളിക കൊടുത്തത് വിവാദമായി. സംഭവത്തില്‍ ഡോക്ടര്‍ക്കെതിരേ നടപടി വൈകുന്നതില്‍ പ്രതിഷേധവും ശക്തമായിട്ടുണ്ട്. ആദിനാട് പ്രവീണാലയത്തില്‍ പ്രവിത പ്രസാദിനാ(22)ണ് താലൂക്കാശുപത്രിയിലെ സീനിയര്‍ ഗൈനക്കോളജിസ്റ്റ് മരുന്ന് മാറി എഴുതിയത്. ഇക്കഴിഞ്ഞ ഒന്‍പതിന് രാവിലെയാണ് ഡോക്ടറെ കാണാന്‍ യുവതി താലൂക്കാശുപത്രിയിലെത്തിയത്. ഒ.പി ടിക്കറ്റെടുത്ത് ക്യൂ നിന്നു ഡോക്ടറെ കണ്ടു. പരിശോധിക്കാതെതന്നെ നോക്കിയിട്ടു ഒ.പി ടിക്കറ്റില്‍ മരുന്നുകുറിച്ച് നല്‍കിയശേഷം ഇത് വാങ്ങി കഴിച്ചിട്ട് ലുങ്കിയും ബനിയനും ഉടുത്ത് ലേബര്‍ റൂമിലേക്ക് വരാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ലുങ്കിയും ബനിയനും ഉടുത്ത് വരാന്‍ പറഞ്ഞപ്പോള്‍ യുവതിക്ക് സംശയമായി. അടുത്തുനിന്ന നഴ്‌സിനോട് ചോദിച്ചപ്പോള്‍ പരിശോധിക്കാനാവും എന്നാണ് പറഞ്ഞത്. സംശയം തോന്നിയതോടെ ബന്ധുവായ നഴ്‌സിനെ വിളിച്ചു ചോദിച്ചപ്പോള്‍ വയറ്റിലെന്തെങ്കിലും കുഴപ്പമുണ്ടേയെന്ന് നോക്കാനാവുമെന്നുള്ള മറുപടിയാണ് കിട്ടിയത്.
പുറത്തുനിന്നു ലുങ്കിയും ബനിയനും വാങ്ങിയശേഷം ആശുപത്രിക്കകത്തുള്ള മാവേലി മെഡിക്കല്‍ സ്റ്റോറില്‍ ഡോക്ടറുടെ കുറിപ്പടിയുമായി ചെന്നു. മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരി വായിച്ചു നോക്കിയിട്ട് എത്ര മാസം ആയി എന്ന് ചോദിച്ചു. രണ്ടു മാസമായെന്ന് മറുപടി പറഞ്ഞു. എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്ന് വീണ്ടും ചോദിച്ചപ്പോഴാണ് അബോര്‍ഷനു വേണ്ടിയുള്ള മരുന്നാണിതെന്നും ഡോക്ടര്‍ക്ക് തെറ്റിയതാവാമെന്ന് അവര്‍ പറഞ്ഞത്. എങ്കിലും മരുന്ന് കൊടുത്തെങ്കിലും തെറ്റിയതാണെങ്കില്‍ തിരിച്ചെടുക്കാമെന്ന വ്യവസ്ഥയിലാണ് മരുന്നു നല്‍കിയത്. അങ്ങനെ ഡോക്ടറെ കാണാന്‍ വീണ്ടുമെത്തിയപ്പോഴേക്കും റൗണ്ട്‌സിന് പോയിരുന്നു. അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ഡോക്ടറോട് മരുന്ന് കാണിച്ചപ്പോള്‍ അബോര്‍ഷനുള്ളതാണെന്ന് പറഞ്ഞു. അപ്പോഴേക്കും റൗണ്ട്‌സ് കഴിഞ്ഞ് ഡോക്ടര്‍ എത്തിയിരുന്നു. ഡോക്ടറോട് സംശയം വീണ്ടും പറഞ്ഞപ്പോള്‍ 'ഇന്നലെ വീട്ടിലെത്തിയപ്പോള്‍ എല്ലാം പറഞ്ഞിരുന്നതല്ലേ' എന്ന് പറഞ്ഞ് തട്ടിക്കയറുകയായിരുന്നു. വീട്ടിലെത്തിയില്ലെന്ന് യുവതി പറഞ്ഞപ്പോഴാണ് ആളുമാറി എഴുതിയതാണെന്നും തെറ്റുപറ്റിയതില്‍ ക്ഷമിക്കണമെന്നും പറഞ്ഞ് ഒ.പി ടിക്കറ്റ് വാങ്ങി എഴുതിയ മരുന്ന് വെട്ടിക്കളഞ്ഞത്. തുടര്‍ന്ന് യുവതി വീട്ടിലെത്തി ഭര്‍ത്താവിനോട് പറഞ്ഞപ്പോഴാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ മെഡിക്കല്‍ സ്റ്റോറിലെ ജീവനക്കാരി സംശയം പ്രകടിപ്പിച്ചിരുന്നില്ലെങ്കില്‍ മരുന്ന് വാങ്ങി കഴിക്കുകയും അബോര്‍ഷനാവുകയും ചെയ്തിരുന്നേനെ. അന്നേ ദിവസം അബോര്‍ഷനു വേണ്ടി എത്തിയ രോഗിയാണെന്നു കരുതിയാണ് മരുന്ന് മാറ്റിയെഴുതിയത്. സംഭവത്തെപ്പറ്റി പരാതി സുപ്രണ്ടിന് നല്‍കിയിട്ടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതല്ലാതെ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല.
ആരോപണവിധേയയായ ഡോക്ടര്‍ വീട്ടില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ട്. ഇവിടെ ഇത്തരം കേസുകളാണ് കൂടുതലും നടക്കുന്നതെന്നാണ് ആരോപണം. ഒരു വര്‍ഷം മുന്‍പ് ഇരട്ടകുട്ടികളെ പ്രസവിച്ച കുലശേഖരപുരം സ്വദേശിയായ യുവതി ചികിത്സാപിഴവുമൂലം ലേബര്‍ റൂമില്‍ മരിച്ചിരുന്നു. കുറ്റാരോപിതയായ ഈ ഡോക്ടര്‍ക്കെതിരേ യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."