HOME
DETAILS

ഡിജിറ്റല്‍ ഇന്ത്യ: സങ്കല്‍പവും യാഥാര്‍ഥ്യവും

  
backup
August 20 2017 | 02:08 AM

%e0%b4%a1%e0%b4%bf%e0%b4%9c%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%b8%e0%b4%99%e0%b5%8d%e0%b4%95%e0%b4%b2

'ഇന്ത്യ'യെന്നാല്‍ മണ്ണാല്‍ കമ്പിചുറ്റിയ നാലതിരുകളും കുറേ അധികാരമന്ദിരങ്ങളുമുള്ള രാഷ്ട്രീയ ഭൂപടത്തിന്റെ നാമമല്ല. സഹസ്രാബ്ദങ്ങളോളം പഴക്കം ചെന്ന ജീവിതനാഗരികതയുടെയും സംസ്‌കാരങ്ങളുടെയും തായ്‌വേരുകളും തുടര്‍ച്ചയുമാണ് ഇന്ത്യ. കെട്ടിടങ്ങളോ സാങ്കേതികസൗകര്യങ്ങളോ ദൃശ്യവിസ്മയങ്ങളോ അല്ല, പച്ചമനുഷ്യരും അവരുടെ പച്ചയായ ജീവിതവുമാണു പരമസത്യം.

 

ഒരു നക്ഷത്രത്തിന്റെ വലിപ്പമുള്ള മണ്ണും വെള്ളവുമുള്ള മറ്റൊരു നക്ഷത്രമാണ് ഇന്ത്യയെന്നു സരോജിനി നായിഡു എഴുതിയിട്ടുണ്ട്. ഭൂമി ഗ്രഹമാണെങ്കില്‍ ഏഷ്യ ഗൃഹമാണെന്നും ഭാരതം അനുഗ്രഹമാണെന്നും ഇഖ്ബാല്‍ എഴുതി. ഭയത്താല്‍ ശിരസ്സു കുനിയാത്ത, നെഞ്ചിടറാത്ത, വാക്കുകള്‍ തടവറയിലാക്കപ്പെടാത്ത വിമോചനത്തിന്റെ വസന്തഭൂമിയാണു തന്റെ നാടെന്നു ടാഗോര്‍ കുറിച്ചിട്ടു. ഗ്രാമങ്ങളും ഗ്രാമീണതയും ശ്യാമസുന്ദരമായ കാലാവസ്ഥയും ഹരിതാഭനിര്‍ഭരമായ കാര്‍ഷികസംസ്‌കാരവും നിലനില്‍ക്കുന്ന പുരോഗതി മാത്രമായിരിക്കും ഇന്ത്യയുടെ പുരോഗതിയെന്നു ഗാന്ധിജി എഴുതി.


എന്നാല്‍, ഇന്ന് മാളുകളില്‍ വേഗതകുറഞ്ഞ ഇന്റര്‍നെറ്റിന്റെ പേരില്‍ അസ്വസ്ഥരാവുന്ന ആയിരങ്ങളും ചേരികളില്‍ കണ്ണിയടര്‍ന്ന കൊതുകു നെറ്റിന്റെ പേരില്‍ അസ്വസ്ഥരാവുന്ന കോടികളും തമ്മിലുള്ള വൈരുധ്യമായി മാറിയിരിക്കുന്നു ഇന്ത്യ. ഗാന്ധിജിയുടെയും ടാഗോറിന്റെയും ഇഖ്ബാലിന്റെയും സ്വപ്നങ്ങളെല്ലാം ചവിട്ടിമെതിച്ച് 'ഡിജിറ്റല്‍ ഇന്ത്യ'യെന്ന സ്വപ്നത്തിന്റെ പിറകെയാണു നമ്മള്‍. ഓരോ വീട്ടിലും വൈദ്യുതിവെളിച്ചമെന്ന സ്വപ്നം പാതിവഴിയില്‍നില്‍ക്കുന്ന ഇന്ത്യയിലാണ് ഓരോ പൗരനെയും ഇന്റര്‍നെറ്റില്‍ അംഗമാക്കാനുള്ള പദ്ധതിയുമായി നരേന്ദ്രമോദി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.


'സെല്‍ഫി'യുടെ ചക്രവര്‍ത്തിയായ ഇന്ത്യന്‍ പ്രധാനമന്ത്രി കോര്‍പറേറ്റുകളുടെ ദല്ലാളായോ ഏജന്റായോ ബിനാമിയായോ മാത്രമേ ഇന്ത്യ ഭരിക്കുകയുള്ളൂവെന്ന്, മൂന്നരവര്‍ഷം മുമ്പു പ്രധാനമന്ത്രിമോഹവുമായി അദ്ദേഹം ഗുജറാത്തില്‍നിന്നു ഡല്‍ഹിയിലേക്കു വണ്ടികയറുമ്പോള്‍ത്തന്നെ, 'ദ് ഇക്കണോമിക് മാഗസിന്‍, ബി.ബി.സി, സി.എന്‍.എന്‍, ന്യൂയോര്‍ക്ക് ടൈംസ്' തുടങ്ങിയ ലോകമാധ്യമങ്ങള്‍ എഴുതിയിരുന്നു. അതു നൂറുശതമാനം ശരിയായിരിക്കുന്നു. അംബാനിക്ക് പൗരന്മാരുടെ സ്വകാര്യവിവരങ്ങള്‍വരെ ചോര്‍ത്തി നല്‍കിയ പ്രധാനമന്ത്രി സ്വപ്നം കാണുന്നത് ഏതോ മൊബൈല്‍ ആപ്ലിക്കേഷനില്‍ കണ്ട ഡിജിറ്റല്‍ ഇന്ത്യയാണെന്നു രാംപുരിയാനി പരിഹസിച്ചിരുന്നു.


അറിവിന്റെയും ഇടപെടലുകളുടെയും ജനാധിപത്യവല്‍ക്കരണമാണ് ഇന്റര്‍നെറ്റ് എന്നാണു പൊതുനിര്‍വചനം. പക്ഷേ, ചൂഷണങ്ങളുടെയും ആത്മനഷ്ടങ്ങളുടെയും ഇലക്ട്രോണിക് യുദ്ധമാണു സൈബര്‍ സ്‌പേസ് എന്നാണു വിദഗ്ധപക്ഷം. ലോകജനസംഖ്യയില്‍ 200 കോടിയും ഇന്നു ഇന്റര്‍നെറ്റ് എന്ന സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിലെ പൗരന്മാരാണ്. പക്ഷേ, ഇക്കാലത്തും ഇന്ത്യയിലെ 70 ശതമാനം ജനങ്ങള്‍ക്കു ഇന്റര്‍നെറ്റ് എന്താണെന്നറിയില്ല. 10 ശതമാനം മാത്രമാണ് ഇവിടെ അതിന്റെ സ്ഥിരഉപയോക്താക്കള്‍. 20 ശതമാനംപേര്‍ ആവശ്യത്തിന് ഉപയോഗിക്കുന്നു. വിശക്കുമ്പോള്‍ ഭക്ഷണവും തണുക്കുമ്പോള്‍ ഉടുതുണിയും ഉറങ്ങുമ്പോള്‍ വീഴാത്തൊരു ചുവരുമെന്ന സ്വപ്നം പേറി നടക്കുന്നവര്‍ തന്നെയാണ് ഇന്ത്യയില്‍ അധികം എന്നര്‍ഥം.
'ഡിജിറ്റല്‍ ഇന്ത്യ' വഞ്ചനയുടെ രാഷ്ട്രീയംകൂടിയാണ്. എളുപ്പത്തില്‍ വിവരങ്ങള്‍ അറിയാനുള്ള സൗകര്യമാണ് ഇന്റര്‍നെറ്റ് എന്നതു സാധാരണക്കാരുടെ വിവരക്കേടാണ്. സെക്കന്റുകളേക്കാള്‍ വേഗതയേറിയ 'മൈക്രോ ഫ്രാക്ഷന്‍ ഒഫ് മൊനെന്റില്‍' കോടിക്കണക്കിനു രൂപ ലാഭം കൊയ്യാനുള്ള ബിസിനസാണത്. ഏറ്റവും വലിയ ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിനായ 'ഗൂഗിള്‍' എന്ന ഇംഗ്ലീഷ് പദത്തിന്റെ അര്‍ഥം തന്നെ അതാണു സൂചിപ്പിക്കുന്നത്. ഒന്ന് എന്ന അക്കത്തിനുശേഷം നൂറുപൂജ്യങ്ങളിട്ടാല്‍ എത്രയാണോ അത്രയാണു ഗൂഗിള്‍. സംസ്‌കൃതത്തില്‍ ആ സംഖ്യാമൂല്യത്തിന് 'ജലധി' എന്നാണു പറയുക. ലോകത്തിലെ ആകെ ജലകണങ്ങളുടെ എണ്ണമെന്നു സാരം.
ഇത്തരത്തിലുള്ള സാങ്കേതികവിദ്യ പൊതുസമൂഹത്തിനു വേണ്ടിയല്ല മോദിയുടെ 'ഡിജിറ്റല്‍ ഇന്ത്യാ പദ്ധതി' നടപ്പാക്കുന്നത്. വന്‍കിട കമ്പനികള്‍ക്കുവേണ്ടി ഇന്ത്യന്‍ മസ്തിഷ്‌കം തീറെഴുതിക്കൊടുക്കുകയാണ്. ഇവിടെയുള്ള പൗരന്മാരുടെ സമയം എങ്ങനെ ചെലവഴിക്കപ്പെടണമെന്ന് അവര്‍ തീരുമാനിക്കും.
മോദിയും ഐ.ടി വ്യവസായം കെട്ടിപ്പടുക്കാന്‍ രൂപീകരിച്ച കമ്പനിയായ നാസ്‌കോയും പറയുന്നത് ഇന്ത്യയൊട്ടാകെ നെറ്റ് കണക്റ്റിവിറ്റിയും കംപ്യൂട്ടറും സ്മാര്‍ട്ട്‌ഫോണുമെത്തിച്ചാല്‍ ദാരിദ്ര്യമടക്കമുള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുമെന്നാണ്. ഇന്ത്യയുടെ ഉള്‍നാടുകളിലെ ദയനീയജീവിതം ഭരണാധികാരികള്‍ക്കു കാണാന്‍ കഴിയുന്നില്ലെന്നതാണു പ്രശ്‌നങ്ങളുടെ മൂലകാരണം എന്നാണ് അവര്‍ പറയുന്നത്. നെറ്റും ഫോണും ഉള്‍നാട്ടിലെത്തുന്നതോടെ അവിടത്തെ പ്രശ്‌നങ്ങള്‍ ഭരണാധികാരിക്കു മുന്നിലെത്തും. അപ്പോള്‍ പരിഹാരം എളുപ്പമാകും.


രേഖകളില്‍ ഒപ്പിടാന്‍ പോലും അറിയാത്ത ജനവിഭാഗം തങ്ങളുടെ ഇല്ലായ്മകള്‍ ഭരണാധികാരികളെ ഇന്റര്‍നെറ്റിലൂടെ അറിയിക്കുമെന്ന വങ്കത്തവും നമ്മളെക്കൊണ്ടു വിശ്വസിപ്പിക്കുകയാണ്. തൊഴിലില്ലായ്മക്കു പരിഹാരമാവാനും 'ഡിജിറ്റല്‍ ഇന്ത്യ'ക്കു കഴിയുമെന്നാണ് അവര്‍ പറയുന്നത്. 'തൊഴിലില്ലാത്തവരെല്ലാം പട്ടിണികിടന്നു മരിച്ചുപോകുമെന്നതിനാല്‍ ആ പ്രശ്‌നം തീര്‍ന്നുകിട്ടു'മെന്ന് ഇതിനെ പരിഹസിച്ചു പ്രശസ്തപത്രപ്രവര്‍ത്തകനായ കുല്‍ദീപ് നയ്യാര്‍ എഴുതിയിട്ടുണ്ട്.


മോദിയുടേതു ഗീര്‍വാണമാണെന്നും ഇന്ത്യ തങ്ങള്‍ക്കു പറ്റിയ മണ്ണല്ലെന്നും തിരിച്ചറിഞ്ഞു ധാരാളം വന്‍കിട ഡിജിറ്റല്‍ കമ്പനികള്‍ ഇന്ത്യവിട്ടു തുടങ്ങി. അടുത്തിടെ ഇങ്ങോട്ടുവന്ന 30ലധികം വിദേശ ബിസിനസ് സോഫ്റ്റ് വെയര്‍ സ്റ്റാര്‍ട് അപ്പ് കമ്പനികളില്‍ ഒമ്പതെണ്ണം രാജ്യം വിട്ടു. പത്തുശതമാനത്തിനുപോലും കംപ്യൂട്ടറില്ലാത്ത ഇന്ത്യയില്‍ എന്തുചെയ്യാനാണെന്നാണ് ആപ്പിളും മൈക്രോസോഫ്റ്റുമെല്ലാം ചോദിക്കുന്നത്. അതേസമയം, ഇന്ത്യയിലെ രാഷ്ട്രീയസാഹചര്യം മുതലെടുത്തു പരമാവധി സ്മാര്‍ട്ട് ഫോണുകള്‍ ചെലവാക്കാനാണു വിദേശകമ്പനികള്‍ ശ്രമിക്കുന്നത്.


ഇതിനിടയില്‍ ഇന്ത്യന്‍ നിര്‍മിത ഉല്‍പ്പന്നങ്ങള്‍ എട്ടുനിലയില്‍പൊട്ടുന്നു. ക്ലച്ചുപിടിക്കാന്‍ സാധ്യതയുള്ള എല്ലാ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ് കമ്പനികളെയും കേന്ദ്രഭരണ ഒത്താശയോടെ വിദേശകമ്പനികള്‍ വളഞ്ഞവഴിയില്‍ നശിപ്പിക്കുകയാണ്. ഇന്ത്യയിലെ ഐ.ടി. നഗരങ്ങളില്‍ 95 ശതമാനം സ്വദേശി സംരംഭങ്ങളും പൂട്ടിപ്പോയി. ഇങ്ങനെപോയാല്‍, ഡിജിറ്റല്‍ ഇന്ത്യയുടെ ബാക്കിപത്രം കാളവണ്ടിയുഗമായിരിക്കുമെന്നു വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.


ഇന്ത്യയില്‍ പ്രതിദിനം 2 ലക്ഷം ടണ്‍ മനുഷ്യവിസര്‍ജ്യം പൊതുഇടങ്ങളില്‍ നിക്ഷേപിക്കപ്പെടുന്നു. രാജ്യത്തു 15 ലക്ഷത്തോളം പേര്‍ തോട്ടിപ്പണിക്കാരാണ്. 5200 ലധികം വരുന്ന ഇന്ത്യന്‍ നഗരങ്ങളില്‍ 200ല്‍ പരം നഗരങ്ങളില്‍ മാത്രമേ ആവശ്യത്തിന്റെ പകുതിയെങ്കിലും ടോയ്‌ലറ്റുകളുള്ളൂ. 8000 ത്തിലധികം ട്രെയിനുകളില്‍ പ്രതിദിനം സഞ്ചരിക്കുന്ന ഒന്നരക്കോടി യാത്രക്കാര്‍ ശരാശരി മൂന്നരലക്ഷം കിലോ മലം റെയില്‍പാളത്തില്‍ നിക്ഷേപിക്കുന്നു. 'സ്‌കാറ്റോളജി' എന്ന മനുഷ്യമലസംബന്ധമായ പഠനശാസ്ത്രമനുസരിച്ചു മലജന്യരോഗങ്ങളിലും ഇന്ത്യയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത്.


മോദി സിംഹാസനാരൂഢനായ ഡല്‍ഹിയില്‍നിന്ന് അധികം വിദൂരമല്ലാത്ത സംസ്ഥാനങ്ങളിലെ ദലിത്ജീവിതത്തിന്റെ അവസ്ഥകൂടി ഓര്‍ക്കേണ്ടതുണ്ട്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഉറ്റവരുടെ മൃതദേഹങ്ങള്‍, അടക്കംചെയ്യാന്‍ മണ്ണോ വഹിച്ചുകൊണ്ടുപോകാന്‍ വാഹനമോ ഇല്ലാത്തതിനാല്‍, വിറകു തലയിലേറ്റിയപോലെ ചുമന്നു നടന്നവരുടെ എത്രയോ വാര്‍ത്തകള്‍ വന്നു. വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി സര്‍ക്കാരിന്റെ പക്കല്‍നിന്നു കേവലം രണ്ടായിരം രൂപ കൈപറ്റുന്നവരുടെ മറ്റൊരിന്ത്യ വേറെയുണ്ട്. അവരുടെയൊക്കെ മനസില്‍ 'ഡിജിറ്റല്‍ ഇന്ത്യ'ക്കു പിശാചിന്റെ രൂപമായിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  5 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  5 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  5 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  5 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  5 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  5 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  5 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  5 days ago