ലഘുലേഖ വിതരണം: അറസ്റ്റിലായ മുജാഹിദ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നിഷേധിച്ചു
പറവൂര്‍: വടക്കേക്കരയില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത കേസില്‍ അറസ്റ്റിലായവര്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു. പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് അവധിയായതിനെ തുടര്‍ന്ന് ചേന്ദമംഗലം പഞ്ചായത്ത് ഓഫിസ് വളപ്പിലുള്ള ഗ്രാമ ന്യായാലയമാണ് ഇന്നലെ ഇവരുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. നാല്‍പത് പേരാണ് റിമാന്‍ഡിലുള്ളത്. ഞായറാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം.
വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ എന്ന സംഘടനയുടെ പേരിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്തതിനെതിരേ സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്ത് വരികയും മുജാഹിദ് പ്രവര്‍ത്തകരെ പൊതിരെ തല്ലുകയുമായിരുന്നു. പിന്നീട് ഇവരെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് പൊലിസ് സ്റ്റേഷനില്‍ എത്തിച്ചു. സ്റ്റേഷന്‍ പരിസരത്ത് വച്ചും പൊലിസിന്റെ സാന്നിധ്യത്തിലും അര്‍.എസ്.എസുകാര്‍ പ്രബോധകരെ പരസ്യമായി കൈകാര്യം ചെയ്തിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
അറസ്റ്റിലായ നാല്‍പത് പേരുടെ വൈദ്യപരിശോധനയും മറ്റും നടത്തേണ്ടിവന്നതിനാല്‍ തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് ഇവരെ കളമശേരി കോടതിയിലെ മജിസ്‌ട്രേറ്റിന്റെ തൃക്കാക്കരയിലുള്ള വസതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.
പറവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് അവധിയായതിനെ തുടര്‍ന്നാണ് അറസ്റ്റിന് ശേഷം കളമശേരി കോടതിയിലേക്ക് ഇവരെ കൊണ്ടു പോയിരുന്നത്. അതേ സമയം ലഘുലേഖ വിതരണം ചെയ്തവരെ മര്‍ദിച്ച കേസില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരായ ഏഴു പേരെ ഇന്നലെ വടക്കേക്കര പൊലിസ് അറസ്റ്റു ചെയ്തു.
മൂത്തകുന്നം ഒറക്കോലി പ്രമോദ് (43), പാടത്തുവീട് ബൈജു (43), തേവശേരി ജിജീഷ് (34), എറണ്ടതറ അരുണ്‍ (28), ചെത്തിപ്പറമ്പില്‍ അജിത്കുമാര്‍ (33), തൈക്കൂട്ടത്തില്‍ ഗിരീഷ്‌കുമാര്‍ (40), കട്ടത്തുരുത്ത് വലിയവീട്ടില്‍ അനില്‍കുമാര്‍ (38) എന്നിവരാണ് പിടിയിലായത്. ഇവരെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
ലഘുലേഖ വിതരണത്തിനു പിടിക്കപ്പെട്ടവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റിനു സാധ്യതയുണ്ടെന്നു പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."