വിനായകന്റെ കുടുംബത്തിന് യൂത്ത്‌ലീഗ് ഷെയ്ഡ് പദ്ധതിയില്‍ നിന്ന് നിയമ സഹായം
വാടാനപ്പള്ളി: പൊലിസ് മര്‍ദനത്തെ തുടര്‍ന്ന് ജീവനൊടുക്കിയ ദലിത് യുവാവ് വിനായകന്റെ കുടുംബത്തിന് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഷെയ്ഡ് പദ്ധതിയില്‍ നിന്ന് നിയമ സഹായം അനുവദിച്ചു. സംസ്ഥാന ട്രഷറര്‍ എം.എ സമദ് ഏങ്ങണ്ടിയൂരിലെ വിനായകന്റെ വസതിയിലെത്തി സഹായ ധനം കൈമാറി. കേരളത്തിന്റെ മന:സ്സാക്ഷി വിനായകന്റെ കുടുംബത്തിനൊപ്പമാണെന്ന് സഹായ ധനം കൈമാറി സമദ് പറഞ്ഞു. വിനായകനെ കസ്റ്റഡിയില്‍ മര്‍ദിച്ച പൊലിസുകാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കാതെ സര്‍ക്കാര്‍ കുറ്റവാളികളെ സംരക്ഷിക്കുകയാണ്. കേരളത്തിനു പുറത്തുള്ളവരുടെ പ്രയാസങ്ങളില്‍ പ്രതികരിക്കുകയും സഹായിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി, പാവപ്പെട്ട ഒരു ദലിത് യുവാവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട പൊലിസ് മര്‍ദനത്തെക്കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല. നീതി തേടിയെത്തിയ വിനായകന്റെ പിതാവിനേയും സഹോദരനേയും കാണാന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ല. 'സര്‍ക്കാര്‍ ഒപ്പമുണ്ട്' എന്ന് വെറുതേ പറഞ്ഞതുകൊണ്ടായില്ല, പ്രവര്‍ത്തനത്തിലൂടെ കാണിക്കുകയാണ് വേണ്ടത്. പൊലിസിന്റെ വീഴ്ചയാണ് വിനായകന്‍ മരിക്കാനിടയാക്കിയത്. ആ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത ആഭ്യന്തര വകുപ്പിനുണ്ട്. 25 ലക്ഷം രൂപയെങ്കിലും കുടുംബത്തിന് സഹായ ധനം അനുവദിക്കണം. വാദിയെ പ്രതിയാക്കുന്ന സമീപനമാണ് വിനായകന്‍ കേസില്‍ പൊലിസ് സ്വീകരിച്ചിട്ടുള്ളത്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് കേസ് സി.ബി.ഐക്ക് കൈമാറണമെന്നും സമദ് പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.എ ഹാറൂണ്‍ റഷീദ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ അഫ്‌സല്‍, ജനറല്‍ സെക്രട്ടറി എ.എം സനൗഫല്‍, സെക്രട്ടറി നൗഷാദ് തെരുവത്ത്, അബൂദാബി കെ.എം.സി.സി തൃശൂര്‍ ജില്ലാ പ്രസിഡണ്ട് കെ.കെ ഹംസക്കുട്ടി, ഗുരുവായൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എ.വി അലി, മണലൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി നിസാര്‍ മരുതയൂര്‍, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഉണ്ണികൃഷണന്‍ കാര്യാട്ട്, ഷെഫീക്ക് വെന്‍മേനാട്, എ.ഐ മുഹമ്മദ് സാബിര്‍, ഷിഹാബ് വെന്മേനാട്, എ.എസ് അബ്ദുള്‍ റസാക്ക് അദ്ദേഹത്തെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."