ഹജ്ജ് 2017: സഊദി കിരീടാവകാശി സുരക്ഷാ അവലോകനം നടത്തി; സൈനിക പരേഡ് അവസാനിച്ചു
മക്ക: ഈ വര്‍ഷത്തെ ഹജ്ജിനു ഏതാനും ദിവസം മാത്രം അവശേഷിക്കെ മക്കയിലെയും പരിസരങ്ങളിലെയും സുരക്ഷ ഇനി ഹജ്ജ് സെക്യൂരിറ്റി ഫോഴ്‌സിന്റെ കൈകളില്‍. ലോകത്തിന്റെ വിവിധ നിന്നെത്തുന്ന ഹാജിമാരുടെയും മക്കയുടെയും സുരക്ഷക്കായി നിയോഗിക്കപ്പെട്ട സുരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങളും പദ്ധതികളും സഊദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ അവലോകനം ചെയ്തു. മക്കയിലെ സ്‌പെഷ്യല്‍ എമര്‍ജന്‍സി ഫോഴ്‌സ് ക്യാംപില്‍ നടന്ന പരിശോധനയില്‍ സൈനികരുടെ അഭ്യാസപ്രകടനങ്ങളും അരങ്ങേറി. അതി നൂതന സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള സൈനിക പരേഡില്‍ പ്രതിരോധ മന്ത്രി അഭിസംബോധന നടത്തി.
പരേഡില്‍ സ്‌പെഷ്യല്‍ ഹജ്ജ് സെക്യൂരിറ്റി ഫോഴ്‌സിന് പുറമെ തീവ്രവാദ വിരുദ്ധ സേനയും മറ്റു അനുബന്ധ സൈനികരും അണി നിരന്നു. കൂടാതെ സൈനിക ഹെലികൊപ്റ്ററുകള്‍, അത്യാധുനിക സൈനിക വാഹനങ്ങള്‍ തുടങ്ങിയവയും അഭ്യാസ പ്രകടനത്തിന്റെ ഭാഗമായിരുന്നു. സഊദി സ്‌പെഷ്യല്‍ എമര്‍ജന്‍സി ഫോഴ്‌സിന്റെ തീവ്രവാദ വിരുദ്ധ ഡ്രില്ലും അരങ്ങേറി. പരേഡില്‍ സഊദി ആഭ്യന്തര മന്ത്രിയും ഹജ്ജ് കമ്മിറ്റി സുപ്രിം കൗണ്‍സില്‍ ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫ് രാജകുമാരന്റെ സാന്നിധ്യത്തിലായിന്നു കിരീടാവകാശിയുടെ പരിശോധന. സുരഷാ സംവിധാനത്തില്‍ പ്രതിരോധ മന്ത്രി അതീവ സംതൃപ്തി പ്രകടിപ്പിച്ചെന്നു സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഹാജിമാരുടെയും പുണ്യ ഭൂമിയുടെയും സുരക്ഷാ സംവിധാനത്തില്‍ സഊദി ഭരണകൂടം ഏര്‍പ്പെടുത്തുന്ന സംവിധാനത്തില്‍ സന്തുഷ്ടരാണെന്നും ഹാജിമാരുടെ സേവനത്തിനായി സഊദിയുടെ സേവനം അത്യധികം പ്രശംസനീയമാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. കിരീടാവകാശിക്കും ആഭ്യന്തര മന്ത്രിക്കും പുറമെ മദീന പ്രവിശ്യ ഡെപ്യൂട്ടി അമീര്‍ സഊദ് ബിന്‍ ഖാലിദ് ബിന്‍ അല്‍ ഫൈസല്‍ രാജകുമാരന്‍, മക്ക പ്രവിശ്യ ഡെപ്യൂട്ടി അമീര്‍ അബ്ദുള്ള ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍, വിവിധ സെക്യൂരിറ്റി വിഭാഗങ്ങളിലെ കമാണ്ടര്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."