പദ്ധതികള്‍ക്ക് വേഗത്തില്‍ ഭരണാനുമതി നല്‍കും: മന്ത്രി ഐസക്
തിരുവനന്തപുരം: ധനവിനിയോഗ ബില്ലിലുള്ള പദ്ധതികള്‍ക്ക് വേഗത്തില്‍ ഭരണാനുമതി നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്.
നിയമസഭയില്‍ ധനവിനിയോഗ ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. ചര്‍ച്ചയ്‌ക്കൊടുവില്‍ ബില്‍ സഭ പാസാക്കി. ഇതുവരെയുള്ള 70 ശതമാനം പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഈ പ്രക്രിയ വേഗത്തിലാക്കാന്‍ ശ്രമിക്കും. സ്‌കൂളുകളുടെ നവീകരണ പദ്ധതികള്‍ക്ക് പകുതിയെങ്കിലും തുക പ്രാദേശികമായി സമാഹരിക്കേണ്ടിവരും. എം.എല്‍.എമാരുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് ഇതിനുള്ള തുക നല്‍കാവുന്നതാണ്. എല്ലാം സര്‍ക്കാര്‍ നല്‍കുന്ന രീതിയുണ്ടായാല്‍ ഫലപ്രദമായി വിനിയോഗിക്കപ്പെടില്ല. ഗ്രാമീണ റോഡുകള്‍ക്ക് പദ്ധതി അടങ്കലിനു പുറത്തുനിന്ന് പണം നല്‍കാനാവില്ല. മൂലധനച്ചെലവുകള്‍ പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്താന്‍ ശ്രമിക്കും. ജലവിതരണ പദ്ധതികളുടെ നടത്തിപ്പിന് തടസം നില്‍ക്കുന്നത് വാട്ടര്‍ അതോറിറ്റിയുടെ നിര്‍വഹണശേഷിയുടെ അപാകതകളാണ്.
ലാവ്‌ലിന്‍ വിഷയത്തില്‍ ഉയര്‍ന്ന വിവാദങ്ങളെല്ലാം കെട്ടടങ്ങിക്കൊണ്ടാണ് നിയമസഭാ സമ്മേളനം അവസാനിക്കുന്നത്. ലാവ്‌ലിന്‍ കരാറിന്റെ കാര്യത്തില്‍ യു.ഡി.എഫ് ഭരണകാലത്ത് എടുത്ത തീരുമാനം തുടര്‍ന്നുകൊണ്ടുപോകുക മാത്രമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്തത്. തുടര്‍ന്ന് വേറെ മന്ത്രിമാര്‍ വന്നു. എന്നിട്ടും എല്‍.ഡി.എഫ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നയാളെ മാത്രം ആരോപണവിധേയനാക്കുകയാണ് ഉണ്ടായത്. ഒരു വ്യക്തിയെ വേട്ടയാടാനുള്ള അവസരമാക്കി ഈ ആരോപണത്തെ മാറ്റുകയായിരുന്നെന്നും തോമസ് ഐസക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."