തടവുകാര്‍ക്ക് പരിശീലനം നല്കാന് വയനാട്ടില്‍ നിന്നൊരു അച്ഛനും മകനും
മീനങ്ങാടി: കാസര്‍കോട് ചീമേനി തുറന്ന ജയിലിലെ തടവുകാര്‍ക്ക് തൊഴില്‍ പരിശീലനം നല്കാന് അച്ഛനും മകനും ക്ഷണം. മീനങ്ങാടി പൂവത്തിങ്കല്‍ എല്‍ദോ, മകന് ദിദുല്‍ എല്‍ദോ എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചത്. ഇതുസംബന്ധിച്ചുള്ള ജയില്‍ വെല്‍ഫെയര്‍ ഓഫിസറുടെ കത്ത് എല്‍ദോക്ക് ലഭിച്ചു. വാഴനാര് ഉപയോഗിച്ച് കരകൗശലവസ്തുക്കള്‍ നിര്‍മിക്കുന്നതില്‍ എല്‍ദോയും പേപ്പര്‍ റോളുകള്‍ ഉപയോഗിച്ചുള്ള ഫര്‍ണിച്ചര്‍ നിര്‍മാണത്തില്‍ ദിദുലും പരിശീലനം നല്‍കും.
മീനങ്ങാടി കൊളഗപ്പാറയിലെ നാഷണല്‍ ബയോടെക് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന് ചെയര്‍മാനാണ് 39കാരനായ എല്‍ദോ. വാഴനാര് ഉപയോഗിച്ച് കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധനാണ് ഇദ്ദേഹം. മുട്ടില്‍ ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് അക്കാദമിയിയില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് ദിദുല്‍. പേപ്പര്‍ റോളുകള്‍ കാലുകളാക്കി കട്ടില്, മേശ, ടീപ്പോയ് തുടങ്ങിയവ നിര്‍മിക്കുന്ന വിദ്യ അടുത്തകാലത്താണ് ഈ ബാലന് വികസിപ്പിച്ചത്. മാധ്യമങ്ങളിലൂടെ ഇതേക്കുറിച്ച് അറിഞ്ഞാണ് ജയില്‍ അധികൃതര്‍ ദിദുലിനെയും പരിശീലകനായി തെരഞ്ഞെടുത്തത്.
വാഴപ്പോളയില്നിന്ന് വസ്ത്രം, സിമന്റ് പായ്ക്കറ്റ് കവര്‍, കരകൗശല വസ്തുക്കള്‍ എന്നിവയുടെ നിര്‍മാണത്തിനു ഉതകുന്ന ഗുണനിലവാരമുള്ള നാര് വേര്‍തിരിച്ചെടുക്കുന്ന യന്ത്രം എല്‍ദോ നേരത്തേ വികസിപ്പിച്ചെടുത്തിരുന്നു.
ബാഗ്, തൊപ്പി, പേഴ്സ്, മാറ്റ് എന്നിങ്ങനെ നീളുന്നതാണ് വാഴനാരുകൊണ്ട് എല്‍ദോ നിര്‍മിക്കുന്ന കരകൗശല വസ്തുക്കള്‍. കരകൗശലവസ്തു നിര്‍മാണത്തില്‍ രാജ്യവ്യാപകമായി ഇതിനകം 65,000 പേര്‍ക്ക് എല്‍ദോ പരിശീലനം നല്‍കിയിട്ടുണ്ട്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയോടെ ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ച എല്‍ദോ കഴിഞ്ഞവര്‍ഷം ഡല്‍ഹിയില്‍ നടന്ന രണ്ടാമത് അന്താരാഷ്ട്ര ശാസ്ത്രമേളയില്‍ മൂന്ന് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിരുന്നു. കമുകുതടിയില്‍നിന്നു ഗുണനിലവാരമുള്ള ടൈലുകള്‍ നിര്‍മിക്കുന്ന വിദ്യ എല്‍ദോയുടെ പിന്തുണയോടെ ദിദുല്‍ കഴിഞ്ഞവര്‍ഷം വികസിപ്പിച്ചിരുന്നു. സാധാരണ വലിപ്പമുള്ള കമുകുതടിയില്‍നിന്നു 2.2 അടി നീളവും അത്രതന്നെ വീതിയുമുള്ള ആറ് ടൈലുകള്‍ നിര്‍മിക്കാനാകുമെന്നാണ് ദിദുല്‍ തെളിയിച്ചത്. വാഴനാരുകൊണ്ടുള്ള കരകൗശലവസ്തു നിര്‍മാണത്തില്‍ 20ഉം പേപ്പേര്‍ റോളുകൊണ്ടുള്ള ഫര്‍ണിച്ചര്‍ നിര്‍മാണത്തില്‍ നാലും ദിവസത്തെ പരിശീലനം നല്‍കുന്നതിനാണ് ജയില്‍ അധികൃതര്‍ വിളിച്ചിരിക്കുന്നതെന്ന് എല്‍ദോ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."