പ്രതിയെ പിടിക്കാനെത്തിയ പൊലിസുകാരുള്‍പ്പടെ നാലുപേര്‍ക്ക് ആക്രമണത്തില്‍ പരുക്ക്
ചെങ്ങന്നൂര്‍: പ്രതിയെ പിടിക്കാനെത്തിയ പൊലീസിന് നേരെ മാരകായുധവുമായി ആക്രമണം നടത്തിയ സംഭവത്തില്‍ ഗ്രേഡ് എസ്. ഐ ഉള്‍പ്പെടെ മൂന്ന് പൊലിസുകാര്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ തിങ്കളാമുറ്റം പറമ്പത്തൂര്‍ വീട്ടില്‍ റെജി മാമ്മനെ(45) പോലീസ് അറസ്റ്റ് ചെയ്തു.
ചെങ്ങന്നൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മുഹമ്മദ് കുഞ്ഞ്, സിവില്‍ പോലീസ് ഓഫീസര്‍ അരുണ്‍ ചന്ദ്രന്, ഹോം ഗാര്‍ഡ് ബിനുമോന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂക്കിന് ഇടിയേറ്റ് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കുഞ്ഞ് ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി.മറ്റ് രണ്ടു പേര്‍ക്കും വെട്ടുകത്തി കൊണ്ടുള്ള അക്രമത്തിലും മര്‍ദ്ദനത്തിലും സാരമായ പരിക്കേറ്റു.
ആക്രമണത്തില്‍ അയല്‍വാസിയായ ഓട്ടോഡ്രൈവര്‍ തിങ്കളാമുറ്റം പള്ളിപ്പറമ്പില്‍ പുത്തന്‍വീട്ടില്‍ വീട്ടില്‍ സുനില്‍ കുമാറിന്റെ കാലിനും പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 10.30 ഓടെ തിങ്കളാമുറ്റം ജംഗ്ഷനു സമീപമാണ് സംഭവം. നിരന്തരമായി മദ്യപിച്ച് അയല്‍വാസികള്‍ക്കെതിരെ ബഹളം വയ്ക്കുന്ന റെജി മാമ്മന്‍ തൊട്ടടുത്ത വീട്ടിലെ സുനില്‍ കുമാറിനോട് അകാരണമായി അസഭ്യം പറഞ്ഞ് ഏറ്റുമുട്ടുകയും വെട്ടുകത്തിയുമായി ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തില്‍ സുനിലിന്റെ കാലിന് പരിക്കേറ്റതോടെ പോലീസില്‍ വിവരം അറിയിക്കുകയും പ്രതിയെ പിടികൂടാനായി സ്ഥലത്തെത്തിയ അഡീഷണല്‍ എസ്ഐ ഉള്‍പ്പടെ മൂന്ന് പോലീസുകാരേയും ഇയാള്‍ വെട്ടുകത്തിയുമായി ആക്രമിക്കുകയുമായിരുന്നു. പിന്നീട് ദീര്‍ഘനേരത്തെ ബലപ്രയോഗത്തിലൂടെ കീഴടക്കിയ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇക്കഴിഞ്ഞ മെയ് 3ന് പുലിയൂര് ഗ്രാമപഞ്ചായത്ത് മുന്‍ അംഗമായ തിങ്കളാമുറ്റം പുന്നാട്ട് ഫിലിപ്പ് ജോണിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി പുരയിടത്തിനു നടുവില്‍ നിന്ന മരം വെട്ടി കിണറിനും വീടിനും മുകളിലേക്ക് വെട്ടിയിടുകയും ജോലി കഴിഞ്ഞ് വരികയായിരുന്ന ഭാര്യയെ നടുറോഡില്‍ വച്ച് അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ റെജി മാമ്മനെ ചെങ്ങന്നൂര്‍ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇയാള്‍ വീണ്ടും പ്രശ്നം സൃഷ്ടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."