ചെയര്മാന്, വൈ. ചെയര്മാന് സ്ഥാനത്തേക്ക് ഡി.സി.സിയുടെ വിപ്പ് ലംഘിച്ച് മത്സരം
സുല്‍ത്താന്‍ ബത്തേരി: ബത്തേരി സഹകരണ അര്‍ബന്‍ ബാങ്ക് ഭരണസമിതി ചെയര്മാന് തിരഞ്ഞെടുപ്പ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്നു.
ഡി.സി.സി.യുടെ വിപ്പ് ലംഘിച്ച് നടന്ന മത്സരത്തിനൊടുവിലാണ് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണ സമിതിയില്‍ ചെയര്‍മാനെയും വൈസ് ചെയര്‍മാനെയും തിരഞ്ഞെടുത്തത്. പ്രൊഫ. കെ.പി തോമസിനെ ചെയര്‍മാനും മറിയക്കുട്ടി കബീറിനെ വൈസ് ചെയര്‍മാനുമായി തിരഞ്ഞെടുക്കാനായിരുന്നു ഡി.സി.സി നിര്‍ദേശം.
എന്നാല്‍ ഇന്നലെ രാവിലെ ചേര്‍ന്ന ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം ഡി.സിസി നിര്‍ദേശം അട്ടിമറിക്കുകയായിരുന്നു. ഡി.സിസി നോമിനി പ്രൊഫ. കെ.പി തോമസിനെതിരെ കെ.പി.സി.സി. സെക്രട്ടറി എം.എസ് വിശ്വനാഥന് മത്സര രംഗത്തെത്തുകയായിരുന്നു. വൈസ് ചെയര്മാന് സ്ഥാനത്തേക്ക് മറിയക്കുട്ടി കബീറിനെ തിരഞ്ഞെടുക്കണമെന്ന നിര്‍ദേശവും അട്ടിമറിക്കപ്പെട്ടു.
ഈ സ്ഥാനത്തേക്ക് ഒ.എം ജോര്‍ജും കെ.വി ജോയിയും തമ്മിലായിരുന്നു മത്സരം. മത്സരത്തിനൊടുവില്‍ ചെയര്‍മാനായി പ്രൊഫ. കെ.പി തോമസും വൈസ് ചെയര്‍മാനായി ഒ.എം ജോര്‍ജും തിരഞ്ഞെടുക്കപ്പെട്ടു.
അഞ്ചിനെതിരെ എട്ട് വോട്ടുകള്‍ക്കാണ് കെ.പി. തോമസിന്റെ വിജയം. ഒ.എം ജോര്‍ജ് മൂന്നിനെതിരെ പത്ത് വോട്ടുകള്‍ക്കാണ് വിജയിച്ചത്. 13 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസിന് 12ഉം സി.പി.എമ്മിന്റെ ഒരു അംഗവുമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."