വയോജനങ്ങളുടെ കൃഷി ശ്രദ്ധേയമാകുന്നു
കക്കട്ടില്‍: പാതിരിപ്പറ്റയില്‍ ഒരു കൂട്ടം വയോജനങ്ങള്‍ നടത്തുന്ന കരനെല്‍ ഉള്‍പ്പെടെയുള്ള കൃഷി ശ്രദ്ധേയമാവുന്നു. അറുപത് വയസ് കഴിഞ്ഞ 44 പേരടങ്ങുന്ന ഫാര്‍മേഴ്സ് ക്ലബാണ് കൃഷി നടത്തുന്നത്. സര്‍ക്കാര്‍ സര്‍വിസില്‍ നിന്ന് വിരമിച്ചവരും കൃഷിക്കാരും സ്ത്രീകളുമുള്‍പ്പെടെയുള്ള ഫാര്‍മേഴ്സ് ക്ലബ് അംഗങ്ങള്‍ തന്നെയാണ് നിലമൊരുക്കല്‍ മുതല്‍ വിളവെടുപ്പ് വരെയുള്ള കൃഷിപ്പണികള്‍ ചെയ്യുന്നത്.
പച്ചക്കറിയും മരച്ചീനിയുമൊക്കെ കൃഷി ചെയ്യുന്നുണ്ട്. ചക്കയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്പന്നങ്ങള്, കൂണ് എന്നിവ ഉല്പാദിപ്പിക്കാനും ക്ലബിന് പദ്ധതിയുണ്ട്. ഇതിനുള്ള പരിശീലനം അംഗങ്ങള്‍ക്ക് ലഭിച്ചു കഴിഞ്ഞു. കെ.കെ ശങ്കരന് പ്രസിഡന്റും, ഇ.സി ബാലന് സെക്രട്ടറിയുമായ സീനിയര്‍ സിറ്റിസണ്‍ ഫോറവും, ടി. നാണു പ്രസിഡന്റും ഇ.സി ബാലന് സെക്രട്ടറിയുമായ ഫാമേഴ്സ് ക്ലബുമാണ് കൃഷി നടത്തുന്നത്.
ജൈവകൃഷി നടത്തുന്ന ഇവരുടെ സംഘം ഗ്രൂപ്പുകളായി തിരിഞ്ഞ് രാവിലെ മുതല്‍ സന്ധ്യ വരെ ഇവിടെ പണിയെടുക്കും. കിളികളെ തെളിക്കാനും മറ്റും പരമ്പരാഗത രീതിയാണുപയോഗിക്കുന്നത്. ഇവര്‍ക്ക് പിന്തുണയായി സമീപവാസികളുമുണ്ട്. ആഴ്ചയില്‍ ഒരംഗത്തിന്റെ വീട്ടില്‍ സംഗമിച്ചാണ് അംഗങ്ങള്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."