'ഹൊ എന്തൊരു ബ്ലോക്ക് '
കൊച്ചി: നഗരത്തിലെത്തുന്ന കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കുമൊക്കെ ഒന്നെ പറയാനുള്ളു; 'ഹൊ എന്തൊരു ബ്ലോക്ക്'. ചിലരൊക്കെ മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പും നല്‍കുന്നു, അങ്ങോട്ട് പോകല്ലെ, മണിക്കൂറുകളോളം കാത്തു കിടക്കേണ്ടിവരും. ബലിപെരുന്നാളും തിരുവോണവും തൊട്ടടുത്ത ദിവസങ്ങളില്‍ വന്നതോടെയാണ് ജില്ലയുടെ പ്രധാന വീഥികളെല്ലാം ഗതാഗതകുരുക്കില്‍ അമര്‍ന്നത്. ഈമാസം ആദ്യ ആഴ്ച മുതല്‍ തന്നെ നഗരം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി തുടങ്ങിയിരുന്നു. ജില്ലയിലെ ഗ്രാമപ്രദേശങ്ങളില്‍ നിന്ന് കച്ചവടക്കാര്‍ ആഘോഷങ്ങള്‍ക്ക് സാധനങ്ങള്‍ മൊത്തമായി വാങ്ങാന്‍ എത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. അത്തം പിറന്നതോടെ ഗതാഗതക്കുരുക്ക് ഇരട്ടിയിലേറെയായെന്നുവേണം പറയാന്‍.
വൈറ്റില,തേവര,എം.ജി റോഡ്, മാര്‍ക്കറ്റ് റോഡ് തുടങ്ങിയ ഇടങ്ങളിലൊക്കെ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. വൈകുന്നേരത്തോടെ ഗതാഗതകുരുക്ക് രൂക്ഷമാകുന്നതോടെ വാഹനങ്ങള്‍ക്ക് നിരത്തുകളില്‍ നിന്ന് നീങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. സ്വകാര്യബസില്‍ യാത്രചെയ്യുന്നവരാണ് കൂടുതല്‍ ദുരിതത്തിലാകുന്നത്. മാര്‍ക്കറ്റ് റോഡിനോട് ചേര്‍ന്നുകിടക്കുന്ന കോണ്‍വന്റ് റോഡ്, മേനക, പ്രസ്‌ക്ലബ്ബ് റോഡ് തുടങ്ങിയ ഇടങ്ങളിലെല്ലാം കാല്‍നടയാത്രക്കാര്‍ക്കുപോലും ഗതാഗതകുരുക്ക് തടസം സൃഷ്ടിക്കുന്നുണ്ട്. സ്വകാര്യബസുകളില്‍ ഫെറി വരെ എത്തി പിന്നീട് ബോട്ടിനെ ആശ്രയിച്ച് വീടുകളിലെത്തുന്നവര്‍ക്ക്, പലപ്പോഴും ബസ് താമസിച്ചെത്തുന്നതുകൊണ്ട് ബോട്ട് കിട്ടാത്ത അവസ്ഥയാണ്. ഇത്തരത്തില്‍ യാത്രചെയ്യുന്നവരില്‍ ഏറെയും സ്ത്രീകളും വിദ്യാര്‍ഥികളുമാണ്.
പരീക്ഷാകാലമായതിനാല്‍ താമസിച്ച് വീട്ടിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അവസാന തയാറടെപ്പുകള്‍പോലും നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. മണിക്കൂറുകളോളം തിരക്കേറിയ ബസുകളില്‍ യാത്രചെയ്‌തെത്തുന്ന കുട്ടികള്‍ വീട്ടിലെത്തിയാല്‍ ക്ഷീണിച്ച് ഉറങ്ങിപ്പോകുകയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. ജോലിക്കെത്തുന്നവരാകട്ടെ ഗതാഗതക്കുരുക്ക് മൂലം ഏറെ വൈകിയാണ് ഓഫിസുകളിലും മറ്റും എത്തുന്നത്.
ഗതാഗതക്കുരുക്ക് രോഗികളുമായി പോകുന്ന ആംബുലന്‍സുകളെയും സാരമായി ബാധിക്കുന്നുണ്ട്. മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ച് വ്യാപാരസ്ഥാപനങ്ങള്‍ ആഘോഷങ്ങളില്‍ ഭാഗവാക്കായതോടെ നഗരത്തില്‍ തിരക്ക് ഏറുകയാണ്. വിവിധ സ്ഥാപനങ്ങളും സ്‌കൂളുകളും കോളജുകളുമൊക്കെ വരും ദിവസങ്ങളില്‍ ഓണാഘോഷങ്ങള്‍ ഒരുക്കിയിരിക്കുന്നതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്ന് ഉറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."