ഒരേ രീതിക്ക് ഒരേ ഫലം, ഓരോ രീതിക്ക് ഓരോ ഫലം
'അങ്ങ് എപ്പോഴും ഈ മറുപടിയാണല്ലോ പറയാറുള്ളത്...?'-ശിഷ്യന്‍.
'നീ എപ്പോഴും ഒരേ ചോദ്യം തന്നെ ചോദിച്ചാല്‍ ഒരേ മറുപടി തന്നെയല്ലേ ലഭിക്കുക...'-ഗുരു.
'എന്നാലും അങ്ങേക്ക് വ്യത്യസ്തമായൊരു ഉത്തരം തന്നുകൂടേ'-ശിഷ്യന്‍.
'അതിന് വ്യത്യസ്തമായൊരു ചോദ്യം നിനക്കു ചോദിച്ചുകൂടേ'-ഗുരു.
മാറ്റുമ്പോഴാണു മാറ്റമുണ്ടാകുക. മാറ്റത്തിനു തയാറാകാതെ മാറ്റം പ്രതീക്ഷിക്കുന്നതു കുറ്റമാണ്. എന്നും ഒരേ ജോലി ഒരേ രീതിയില്‍ ചെയ്തുകൊണ്ടിരുന്നാല്‍ ഓരേ പ്രതിഫലമാണു ലഭിക്കുക. കോലം മാറ്റാതെ കൂലി കൂട്ടാന്‍ മുറവിളി കൂട്ടിയാല്‍ കൂലി കൂടില്ല. ഒന്നുകില്‍ ജോലി മാറ്റിപ്പിടിക്കുക. അല്ലെങ്കില്‍ രീതി മാറ്റിനോക്കുക. ഓരേ ജോലിയും ഒരേ രീതിയും എന്നത് പുരോഗതി പ്രദാനം ചെയ്യുന്ന ഒന്നല്ല. ഇനി ഒരേ ജോലിയാണെങ്കില്‍ തന്നെ ഓരോ രീതി പരീക്ഷിക്കണം. എങ്കില്‍ വ്യത്യസ്ത ഫലങ്ങള്‍ ലഭിക്കും. ഒരു വസ്തുവിനെ ഒരു പൊസിഷനില്‍നിന്നുതന്നെ നിരവധി തവണ ഫോട്ടോ എടുത്താല്‍ ഫോട്ടോ ഒന്നു തന്നെയായിരിക്കും. ഒന്നിലും വ്യത്യസ്തതകള്‍ കാണില്ല. നേരെ മറിച്ച് അതേ വസ്തുവിനെ വ്യത്യസ്ത പൊസിഷനുകളില്‍വച്ചാണ് ഫോട്ടോ എടുക്കുന്നതെങ്കില്‍ ഓരോ ഫോട്ടോയും വ്യത്യസ്തമായിരിക്കും.
മുന്‍പില്‍ പഴകിയൊരു പാത്രവും വച്ച് പാതയോരത്തിരുന്നു യാചന നടത്തിയിരുന്ന ഒരു അന്ധന്റെ കഥ നിങ്ങള്‍ കേട്ടിരിക്കും. പാത്രത്തില്‍ ചെറിയൊരു കടലാസ് വച്ചായിരുന്നു അയാള്‍ സ്ഥിരമായി യാചന നടത്താറുണ്ടായിരുന്നത്. കടലാസില്‍ ഇങ്ങനെ എഴുതിയിട്ടുമുണ്ട്: 'അന്ധനാണ്, സഹായിക്കണം.'
അതുവഴി കടന്നുപോകുന്ന ആളുകള്‍ എഴുത്ത് വായിക്കും. പക്ഷേ, നാണയത്തുട്ടുകളിടില്ല. വല്ലവര്‍ക്കും വല്ല നല്ല മനസും തോന്നിയാല്‍ ഭാഗ്യം. ഒരു ദിവസം ഈ എഴുത്ത് കാണാനിടയായ ഒരു സാഹിത്യകാരന്‍ യാചകനോട് ചോദിച്ചു: 'നിങ്ങള്‍ക്ക് ഇങ്ങനെ യാചിച്ചിരുന്നാല്‍ ദിവസം എത്ര കിട്ടും.'
അയാള്‍ പറഞ്ഞു: 'ഏറിയാല്‍ നൂറു രൂപ. അതില്‍ കൂടില്ല.'
ഇതു കേട്ടപ്പോള്‍ സാഹിത്യകാരന്‍ തന്റെ തുണിസഞ്ചിയില്‍നിന്ന് ഒരു പേപ്പര്‍ എടുത്ത് അതില്‍ ഇങ്ങനെ എഴുതി: 'ഈ ലോകം എത്ര മനോഹരം. പക്ഷേ, അതു കാണാനുള്ള കണ്ണ് എനിക്കില്ലാതെ പോയല്ലോ..'
ശേഷം പഴയ ആ കടലാസ് മാറ്റി പകരം ഈ കടലാസ് പാത്രത്തിലിട്ടുവച്ചു. അത്ഭുതമെന്നു പറയട്ടെ, വൈകുന്നേരമായപ്പോഴേക്കും ആ പാത്രം നോട്ടുകള്‍കൊണ്ട് നിറഞ്ഞുകവിഞ്ഞു.
സാഹിത്യകാരന്‍ പിറ്റേന്ന് രാവിലെ തന്നെ യാചകന്റെ അടുക്കലെത്തിയിട്ടു ചോദിച്ചു: 'ഇന്നലെ എത്ര കിട്ടി..?'
'മൂവ്വായിരത്തി നാനൂറ്..!'
'ഇപ്പോള്‍ മനസിലായില്ലേ എന്റെ മാജിക്..'
'നിങ്ങളെന്തു മാജിക്കാണ് എന്റെ പാത്രത്തില്‍ കാണിച്ചത്..?'
'ഒന്നും കാണിച്ചിട്ടില്ല. രീതിയൊന്ന് മാറ്റിപ്പിടിച്ചിട്ടേയുള്ളൂ.'
അന്ധന്‍ എഴുതിയതും സാഹിത്യകാരന്‍ എഴുതിയതും ആശയതലത്തില്‍ ഒന്നുതന്നെ. പക്ഷേ, അവതരണ രീതി വ്യത്യാസപ്പെട്ടപ്പോള്‍ വമ്പിച്ച മാറ്റങ്ങള്‍ ദൃശ്യമായി. വീഞ്ഞ് പഴയതു തന്നെ. കുപ്പി മാറ്റിയപ്പോള്‍ അതിനു വല്ലാത്തൊരു ചന്തം. എന്നും ഒരേ പടിയില്‍തന്നെ നിന്നാല്‍ അവിടത്തന്നെ നില്‍ക്കാം. നില്‍ക്കുന്ന ആ നില്‍പ് ഒരടി മുകളിലേക്കാക്കിയാല്‍ പുരോഗതിയായി. പറഞ്ഞതുതന്നെ പറയുന്നവരെ ആരും ഇഷ്ടപ്പെടില്ല. അവര്‍ക്ക് ശ്രോദ്ധാക്കള്‍ കുറയും. പറയാത്തതു പറയുന്നവരെയും പറഞ്ഞതുതന്നെ പറയാത്ത രീതിയില്‍ പറയുന്നവരെയുമാണു സമൂഹം കേള്‍ക്കുക. യാത്രക്കാരന്‍ ഒരേ ഇരിപ്പാണ് വാഹനത്തില്‍. എന്നിട്ടും അവനു മടുപ്പോ വിരസതയോ അനുഭവപ്പെടാതിരിക്കാന്‍ കാരണം പുറത്തെ വ്യത്യസ്ത കാഴ്ചകളാണ്. എല്ലായിടത്തും ഒരേ കാഴ്ചകളായിരുന്നുവെങ്കില്‍ യാത്രകളെമ്പാടും കുറയും. ഉള്ള യാത്രകള്‍ തന്നെ മടുപ്പുളവാക്കുന്നതുമാകും. യാത്രകള്‍ ആനന്ദദായകങ്ങളാകുന്നതിന്റെ പ്രധാന കാരണം കാഴ്ചകളിലെ വ്യത്യാസങ്ങളാണ്.
എല്ലാ ദിവസവും ഒരുപോലെയല്ലല്ലോ. ഓരോ ആഴ്ചകളും മാസങ്ങളും വ്യത്യസ്ത. വര്‍ഷങ്ങളും അങ്ങനെത്തന്നെ. ഇതെല്ലാം എന്നും ഒന്നായിരുന്നുവെങ്കിലുള്ള അവസ്ഥ ആലോചിച്ചുനോക്കൂ. എന്നും ഒരേ അനുഭവങ്ങള്‍. ഒരേ കാഴ്ചകള്‍. ഒരേ സന്തോഷങ്ങള്‍...ഇങ്ങനെയുള്ളൊരു ഭൂലോകവാസം വിരസമാകാതിരിക്കുമോ...?
എല്ലാം അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നുണ്ട്. ഇന്നലത്തെ കാഴ്ചകളും അനുഭവങ്ങളും ഇന്നാകുമ്പോഴേക്കും മാറിമറിഞ്ഞു. ഈ ആഴ്ചത്തെ കാഴ്ചകളല്ല അടുത്ത ആഴ്ചയാകുമ്പോള്‍ കാണുന്നത്. കഴിഞ്ഞ മാസവും ഈ മാസവും തമ്മില്‍ എത്രയോ വ്യത്യാസങ്ങള്‍. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും നോക്കിയാല്‍ മാറ്റങ്ങളുടെ പൊടിപൂരങ്ങള്‍.. എല്ലാം മാറുന്ന ഈ ലോകത്ത് മാറാതെയങ്ങനെ നിന്നാല്‍ എവിടെയുമെത്തില്ല. കഴിഞ്ഞ വര്‍ഷത്തെ അതേ ശമ്പളം തന്നെയായിരിക്കും ഈ വര്‍ഷവും ലഭിക്കുക.
ഒന്നും ഒരുപോലെ ആവര്‍ത്തിക്കരുത്. ആവര്‍ത്തനങ്ങളെപ്പോലും വ്യത്യസ്തമാക്കുക. അപ്പോള്‍ ആവര്‍ത്തനങ്ങള്‍ ആവര്‍ത്തനങ്ങളല്ലാതായിത്തീരും. ഒരു പുസ്തകത്തിന്റെ പത്തു കോപ്പികള്‍ നിങ്ങളുടെ കൈയിലുണ്ടെന്നിരിക്കട്ടെ. അതിലേതെങ്കിലുമൊന്ന് നഷ്ടപ്പെട്ടാല്‍ നിങ്ങള്‍ക്കു വലിയ സങ്കടമൊന്നും തോന്നില്ല. നേരെ മറിച്ച്, പത്തു പസ്തകവും വ്യത്യസ്തങ്ങളാണെങ്കില്‍ അതിലേതെങ്കിലുമൊന്നു നഷ്ടപ്പെട്ടാല്‍ അതു സങ്കടകരമാണ്. നഷ്ടപ്പെട്ടതു തിരിച്ചുകിട്ടുന്നതുവരെ നിങ്ങളതു തേടി നടക്കും.
ഫോട്ടോ കോപ്പികള്‍ക്ക് വില കുറവാണ്. ഓരോ ദിവസത്തെയും 'ഞാന്‍' ആദ്യത്തെ ദിവസത്തെ 'ഞാനിന്റെ' കോപ്പികളാകരുത്. ഇന്നലെത്തെ 'ഞാനും' ഇന്നത്തെ 'ഞാനും' തമ്മില്‍ വ്യത്യാസങ്ങളുണ്ടാകുമ്പോള്‍ 'ഞാന്‍' വ്യത്യസ്തനും ശ്രദ്ധേയനുമാകും. ഇന്നത്തെ 'ഞാന്‍' തന്നെയാണു നാളത്തെ 'ഞാന്‍' എങ്കില്‍ ഇന്നത്തെ ഞാനിന്റെ കോപ്പിയാണ് ഇന്നത്തെ ഞാന്‍.
ഒരിക്കല്‍ കൂടി പറയട്ടെ, കോപ്പിയടിച്ചതിനും കോപ്പിയെടുത്തതിനും വില വളരെ തുച്ഛം. നിങ്ങള്‍ കോപ്പികളാകാതെ മാറ്റങ്ങളുടെയും പരിവര്‍ത്തനങ്ങളുടെയും ഉപാസകരും അപ്പോസ്തലന്മാരുമാകുക. ലോകത്തിനുമുന്‍പില്‍ അജയ്യരും അതുല്യരുമായി സ്വയം രൂപാന്തരപ്പെടുന്ന കാഴ്ച നിറഞ്ഞ മനസോടെ നിങ്ങള്‍ക്കു കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."