കൂടുതല്‍ പ്രാദേശിക വാര്‍ത്തകള്‍
കുടുംബശ്രീ ഓണം -ബക്രീദ്
വിപണന മേള 29 മുതല്‍
ആലപ്പുഴ: ഐ.ആര്‍.ഡി.പി.എസ്.ജി.എസ്.വൈ കുടുംബശ്രീ ജില്ലാതല ഓണംബക്രീദ് വിപണന മേള 29 മുതല്‍ സെപ്തംബര്‍ രണ്ടു വരെ ആലപ്പുഴ ഇ.എം.എസ്. സ്റ്റേഡിയത്തില്‍ നടക്കും.
തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ജില്ലാബ്ലോക്ക് പഞ്ചായത്തുകളുടെയും കുടുംബശ്രീ മിഷന്റെയും ധനകാര്യ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിലുള്ള മേള രാവിലെ 11ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷന്‍ തോമസ് ജോസഫ് അധ്യക്ഷത വഹിക്കും.
ദലീമ ജോജോ ആദ്യ വില്‍പനയും ജ്യോത് മോള്‍ അവാര്‍ഡ് ദാനവും നിര്‍വഹിക്കും. കെ.കെ. അശോകന്‍, അഡ്വ. കെ.ടി. മാത്യു, കെ. സുമ, അഡ്വ. ഷീന സനല്‍ കുമാര്‍, പ്രജിത്ത് കാരിക്കല്‍, പോളി തോമസ്, കെ.ആര്‍ ദേവദാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ. നൗഷാദ് തുടങ്ങിവര്‍ പങ്കെടുക്കും.
സ്‌നേഹഭവനില്‍ മദര്‍ തെരേസാ ദിനം ആചരിച്ചു
എടത്വ: തലവടി ആനപ്രമ്പാല്‍ സ്‌നേഹഭവനില്‍ മദര്‍ തെരേസാ ദിനം അഗതികളുടെ ദിനമായി ആചരിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു.
എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളി വികാരി ഫാ. ജോണ്‍ മണക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. എടത്വ എസ്.ഐ സി.കെ. പ്രസന്നന്‍ മധുരപലഹാര വിതരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു, തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജനൂബ് പുഷ്പാകരന്‍, ജോണിക്കുട്ടി തുരുത്തേല്‍, ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള, കെ.എം. ചാക്കോ കന്നയില്‍, ഔസേഫ് വര്‍ഗീസ് ഏഴരയില്‍, തങ്കച്ചന്‍ വേഴകാട്ട്, ജോസ് പഴേമഠം, കൊച്ചുറാണി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
കരാറുകാരുടെ ആത്മഹത്യയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന്
ആലപ്പുഴ: കരാറുകാരുടെ ആത്മഹത്യയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
യഥാസമയം അളവുകള്‍ രേഖപ്പെടുത്തുക, ബില്ലുകള്‍ തയ്യാറാക്കുന്നതില്‍ വീഴ്ചവരുത്തുക എന്നിവ മൂലം നൂറുകണക്കിന് കരാറുകാര്‍ ആത്മഹത്യയുടെ വക്കിലാണ്. ജി.എസ്.ടി നടപ്പാക്കുന്നതിന് അനിവാര്യമായ മുന്നൊരുക്കങ്ങളൊന്നും മരാമത്ത് വകുപ്പില്‍ ഉണ്ടായിട്ടില്ല. സമഗ്രമായ അന്വേഷണത്തിലൂടെ സംസ്ഥാന പൊതുനിര്‍മ്മാണ മേഖലയിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കണമെന്ന് കേരള ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗ്ഗീസ് കണ്ണമ്പള്ളി പറഞ്ഞു.
ഓണാഘോഷവും
കലാപരിപാടികളും ഇന്ന്
ആലപ്പുഴ : ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ എംപ്‌ളോയീസ് അസോസിയേഷന്‍ ഓണാഘോഷവും കുട്ടികളുടെയും അധ്യാപകരുടെയും കലാപരിപാടികളും ഇന്ന്് രാവിലെ 10ന് മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ നടക്കും. ധനമന്ത്രി തോമസ് ഐസക് പരിപാടി ഉദ്ഘാടനം ചെയ്യും. സംഘടനാ പ്രസിഡന്റ് ജിഷാ ബൈജു അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ മുഖ്യപ്രഭാഷണവും ആര്യാട് ബ്‌ളോക്ക് പ്രസിഡന്റ് അഡ്വ. ഷീനാ സനല്‍കുമാര്‍ ഉപഹാരങ്ങള്‍ളും സമര്‍പ്പിക്കും. സംഘടനാ വൈസ് പ്രസിഡന്റ് സ്വപ്ന സുദര്‍ശ, കുഞ്ഞുമോള്‍ പി.എസ്, രമ്യാ മനേഷ്, ലേഖാ ശ്യാംലാല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
തുറമുഖ തൊഴിലാളികള്‍ക്ക് ധനസഹായം വിതരണം 30ന്
ആലപ്പുഴ: തുറമുഖ തൊഴിലാളികള്‍ക്ക് ഓണത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ധനസഹായം നല്‍കും. ധനസഹായത്തിന്റെ വിതരണോദ്ഘാടനം സംസ്ഥാന തുറമുഖ വകുപ്പു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഓഗസ്റ്റ് 30ന് വൈകിട്ട് ആറിന് ആലപ്പുഴ തുറമുഖ ഓഫീസില്‍ നിര്‍വഹിക്കും.
ഉദ്ഘാടനത്തിനുശേഷവും 31നും സെപ്റ്റംബര്‍ രണ്ടിനും തുറമുഖ ഓഫീസില്‍ നിന്നു ധനസഹായം വിതരണം ചെയ്യും. തുറമുഖ തൊഴിലാളികളോ നിയമപരമായ അവകാശികളോ അവകാശം തെളിയിക്കുന്നതിനുള്ള രേഖകളായ ടോക്കണ്‍, തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പണം കൈപ്പറ്റുന്നതിനായി ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് എന്നിവ ഹാജരാക്കി ധനസഹായം കൈപ്പറ്റണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."