ആഭ്യന്തര ഹാജിമാര്‍ ദുല്‍ഹിജ്ജ 13നു മുന്‍പ് മിന വിടുന്നത് വിലക്കി
മക്ക: ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ ദുല്‍ഹിജ്ജ പതിമൂന്ന് കഴിയാതെ മിന വിടരുതെന്ന് അധികൃതര്‍ ഉത്തരവിട്ടു. ദുല്‍ഹിജ്ജ 12 നു മിന വിടുന്ന പ്രവണത ഒഴിവാക്കണമെന്നും ഇത് സംബന്ധിച്ചു തീര്‍ഥാടകര്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്നും നിര്‍ദേശമുണ്ട്. സല്‍മാന്‍ രാജാവിന്റെ ഉപദേശകനും മക്ക ഗവര്‍ണറും സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
സാധാരണ നിലയില്‍ ആഭ്യന്തര ഹാജിമാര്‍ മൂന്നാം ദിവസത്തെ കല്ലേറും നിര്‍വഹിച്ചു മടങ്ങുന്നത് ദുല്‍ഹിജ്ജ 12 നാണു. എന്നാല്‍, വിദേശഹാജിമാരും ഇതേ സമയത്ത് പോകുന്നതിനാല്‍ വിശുദ്ധ ഹറമില്‍ കടുത്ത തിരക്ക് അനുഭവപ്പെടാറുണ്ട്. ഹറമിലെ തിരക്ക് കുറക്കുന്നതിനും തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനുമാണ് പുതിയ നടപടി.
പരമാവധി തീര്‍ഥാടകര്‍ ദുല്‍ഹിജ്ജ 13 വരെ മിനായില്‍ തങ്ങിയാല്‍ മക്കയിലെ തിരക്ക് ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് അധികൃതര്‍. ജംറയിലേക്കും ഹറമിലേക്കുമുള്ള തീര്‍ഥാടകരുടെ യാത്രാനിര്‍ദേശങ്ങള്‍ പൂര്‍ണമായും സര്‍വിസ് സ്ഥാപനങ്ങള്‍ പാലിക്കണമെന്നും ലംഘിക്കുന്ന സര്‍വീസുകള്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളുമെന്നും ഫൈസല്‍ രാജകുമാരന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."