പന്ത്രണ്ട് വേദികളില്‍ കലാവിരുന്നൊരുക്കി ജില്ലാതലത്തില്‍ ഓണാഘോഷം
കൊച്ചി: ഓണസന്ധ്യകള്‍ക്ക് കലയുടെ ചാരുതയും നിറച്ചാര്‍ത്തുമേകി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ലാവണ്യം 2017 ആഘോഷ സായാഹ്നങ്ങള്‍ക്ക് വെള്ളിയാഴ്ച്ച തുടക്കം. തുടര്‍ന്നുള്ള ആറു ദിവസങ്ങളില്‍ നഗരത്തിന് പുറത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളിലും കലാസന്ധ്യകള്‍ക്ക് വേദിയൊരുങ്ങും. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട്, മറൈന്‍ഡ്രൈവ്, ഫോര്‍ട്ടുകൊച്ചി, പള്ളുരുത്തി, കുമ്പളങ്ങി, ചെറായി, മുനമ്പം, തൃക്കാക്കര, പിറവം, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, ഭൂതത്താന്‍കെട്ട്, കുട്ടമ്പുഴ എന്നീ പന്ത്രണ്ട് സ്ഥലങ്ങളിലാണ് ഔദ്യോഗിക ഓണാഘോഷം സംഘടിപ്പിക്കുന്നതെന്ന് ജില്ലാ കളക്ടറും ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാനുമായ മുഹമ്മദ് വൈ സഫിറുള്ള പത്രസമ്മേളനത്തില്‍ അറിയിച്ചു.
നാടന്‍പാട്ടുകള്‍, തെയ്യം, സൂഫി നൃത്തം, ഗസല്‍ സന്ധ്യ, ഗാനമേള, കോമഡി മെഗാഷോ, കഥാപ്രസംഗം, മഞ്ജുവാര്യര്‍ നയിക്കുന്ന നൃത്തസന്ധ്യ, ഫ്യൂഷന്‍ ബാന്‍ഡ്, വടംവലി മത്സരം, കോല്‍ക്കളി, ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയവയാണ് ഇത്തവണത്തെ പ്രധാനപരിപാടികള്‍. എല്ലാ വേദികളിലും പ്രവേശനം സൗജന്യം.
സെപ്തംബര്‍ ഒന്നിന് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുമെങ്കിലും രണ്ടിനാണ് ഔപചാരികമായ ഉദ്ഘാടനം. ഒന്നിന് വൈകിട്ട് 5.30ന് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ തനിമ അവതരിപ്പിക്കുന്ന നാടന്‍പാട്ടുകള്‍ അരങ്ങേറും. 7.30 ന് ട്രാന്‍സ് ജെന്‍ഡര്‍ ആര്‍ട്ട്‌സ് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി അവതരിപ്പിക്കുന്ന ''ദ്വയ'' മെഗാഷോ നടക്കും. പൂരാട ദിനമായ സെപ്റ്റംബര്‍ രണ്ടിന് 12 സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കലാരൂപങ്ങള്‍ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലെ വേദിയില്‍ ആസ്വാദകര്‍ക്ക് മുന്നില്‍ വിസ്മയക്കാഴ്ച്ചയൊരുക്കും. ഉത്രാട ദിനമായ സെപ്റ്റംബര്‍ മൂന്നിന് വൈകീട്ട് 5.30 ന് പി.സി.ചന്ദ്രബോസ് അവതരിപ്പിക്കുന്ന ''വണ്‍മാന്‍ ഷോ''. 6.30ന് വിഭിന്ന ശേഷിയുള്ള കലാകാരന്മാരുടെ തണല്‍ പാരാപ്ലീജിക് കെയര്‍ അവതരിപ്പിക്കുന്ന സിംഗേഴ്‌സ് ആന്റ് തണല്‍ ഗാനമേള. 7.30ന് പ്രശസ്ത നര്‍ത്തകിയും സിനിമാതാരവുമായ പാര്‍വ്വതി നമ്പ്യാര്‍ അവതരിപ്പിക്കുന്ന കൂടിയാട്ടം.
തിരുവോണ ദിനമായ നാലിന് വൈകിട്ട് 5.30ന് എന്‍.എസ് ഉഷ അവതരിപ്പിക്കുന്ന പുള്ളുവന്‍ പാട്ടോടെയാണ് ദര്‍ബാര്‍ ഹാള്‍ മൈതാനത്തെ പരിപാടികള്‍ക്ക് തുടക്കം. തുടര്‍ന്ന് രശ്മി സതീഷ് നയിക്കുന്ന ''രസ'' സംഗീത നിശ. അഞ്ചിന് വൈകീട്ട് 5.30ന് പനയില്‍ ഗോപാലകൃഷ്ണന്റെ വേലകളിയും തുടര്‍ന്ന് രാധാമാധവം ക്ലാസിക്കല്‍ ആന്റ് ഡാന്‍സ് ഇന്‍സ്ട്രുമെന്റല്‍ ഫ്യൂഷനും അരങ്ങേറുന്നു. പരിപാടിയുടെ സമാപനദിനമായ ആറിന് സോപാന സംഗീതജ്ഞനായ ഞരളത്ത് ഹരിഗോവിന്ദന്‍ അവതരിപ്പിക്കുന്ന സോപാന സംഗീതത്തോടെയാണ് തുടക്കം. സിനിമാതാരവും നര്‍ത്തകിയുമായ മജ്ഞുവാര്യര്‍ അവതരിപ്പിക്കുന്ന നൃത്ത സന്ധ്യയോടെ പ്രധാനവേദിയിലെ പരിപാടികള്‍ക്ക് തിരശ്ശീല വീഴും.
രണ്ടാമത്തെ വേദിയായ മറൈന്‍ഡ്രൈവില്‍ സെപ്തംബര്‍ ഒന്നാം തിയതി വൈകീട്ട് ഏഴു മണിയ്ക്ക് ഇടക്കൊച്ചി സലീംകുമാറിന്റെ കഥാപ്രസംഗവും രണ്ടാം തിയതി വൈകീട്ട് ഏഴു മണിയ്ക്ക് മിഘായേല്‍ ജോ ഫ്രാന്‍സിസിന്റെ ഇന്‍സ്ട്രമെന്റ് ഫ്യൂഷന്‍ ബാന്‍ഡും അരങ്ങേറും. മൂന്നാം തിയതി വൈകീട്ട് ഏഴു മണിയ്ക്ക് ക്യാംപസ് ചില്ലീസ് മ്യുസിക്കല്‍ ഷോ. മധു വടയമ്പാടിയുടെ ദേവരാജ സന്ധ്യയാണ് തിരുവോണ ദിനമായ നാലാം തിയതിയിലെ പരിപാടി. അഞ്ചാം തിയതി വൈകിട്ട് ഏഴിന് വോയ്‌സ് ഓഫ് ഇന്ത്യയുടെ മ്യൂസിക് പ്രോഗ്രാമും ആറാം തിയതി പ്രദീപ് ബാബു നയിക്കുന്ന പി.ബി ജംഗ്ഷന്‍ മ്യൂസിക് ബാന്‍ഡും മറൈന്‍ഡ്രൈവില്‍ അരങ്ങേറും.
ഫോര്‍ട്ടുകൊച്ചിയിലെ പരിപാടികള്‍ക്ക് വാസ്‌കോഡഗാമ സ്‌ക്വയറിലെ വേദിയില്‍ സെപ്തംബര്‍ രണ്ടിന് തുടക്കം കുറിക്കും. വൈകീട്ട് 5.30 അഷ്‌റഫ് ഹൈദ്രോസ് അവതരിപ്പിക്കുന്ന ഖയാല്‍ഇഖവാലി എന്ന സൂഫി ഡാന്‍സാണ് ആദ്യപരിപാടി. സെപ്തംബര്‍ മൂന്നാം തിയതി വൈകീട്ട് 7.30ന് കോമഡി ടി.വി താരം ഉല്ലാസ് പന്തളത്തിന്റെ നേതൃത്വത്തില്‍ മെഗാഷോ. തിരുവോണദിനമായ നാലാം തിയതി കോഴിക്കോട് ശ്രീനിവാസനും സംഘവും ആചാരാനുഷ്ഠാനങ്ങളോടെ അവതരിപ്പിക്കുന്ന തീച്ചാമുണ്ടി, കുട്ടിച്ചാത്തന്‍ തെയ്യങ്ങളാണ് വാസ്‌കോഡഗാമ സ്‌ക്വയര്‍ കയ്യടക്കുക.
മാതൃകാ ടൂറിസം ഗ്രാമമായ കുമ്പളങ്ങിയില്‍ വ്യാഴാഴ്ച്ച തന്നെ പരിപാടികള്‍ ആരംഭിക്കും. വൈകിട്ട് 7.30ന് കൃഷ്ണദാസ് തൃപ്പൂണിത്തുറയുടെ ഇടയ്ക്ക നാദലയം. സെപ്തംബര്‍ രണ്ട് വൈകിട്ട് 5.30ന് നേരറിവ് പെരുമാനൂരിന്റെ നാടന്‍പാട്ടുകള്‍. പള്ളുരുത്തി വെളിമൈതാനത്ത് സെപ്തംബര്‍ അഞ്ചിന് കോല്‍ക്കളി അരങ്ങേറും. 7.30ന് കോമഡിതാരം പാഷാണം ഷാജി നയിക്കുന്ന മെഗാഷോ. തൃക്കാക്കര ക്ഷേത്രമൈതാനത്തെ വേദിയില്‍ സെപ്തംബര്‍ മൂന്നിന് വൈകിട്ട് ഏഴു മണിക്ക് സുധാ രഞ്ജിത്തിന്റെ ഗസല്‍ സംഗീത വിരുന്ന്.
കോതമംഗലം ഭൂതത്താന്‍ കെട്ടില്‍ സെപ്തംബര്‍ രണ്ടിന് വൈകീട്ട് 7.30 ന് ചലച്ചിത്രതാരം ടിനി ടോമും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ നടക്കും. മൂന്നിന് വൈകിട്ട് ഏഴിന് നസീര്‍ സംക്രാന്തിയും പോള്‍സണ്‍ ഭാസിയും ചേര്‍ന്ന് നയിക്കുന്ന കോമഡി മെഗാ ഷോ. ചെറായി ബീച്ചില്‍ സെപ്റ്റംബര്‍ അഞ്ചിന് വൈകീട്ട് ഏഴു മണിക്ക് മിന്നലെ ഗാനമേള. സെപ്തംബര്‍ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് മുനമ്പം ബീച്ചില്‍ വടംവലി മത്സരം നടക്കും.
പിറവം ബസ് സ്റ്റാന്റ് മൈതാനത്ത് സെപ്തംബര്‍ അഞ്ച് വൈകിട്ട് ഏഴു മണിക്ക് ഹരിശ്രീ അശോകനും സംഘവും അവതരിപ്പിക്കുന്ന മെഗാ ഷോ. മൂവാറ്റുപുഴയില്‍ പേഴയ്ക്കാപ്പിള്ളി, പായിപ്ര ഗവ:ഹൈസ്‌ക്കൂളില്‍ സെപ്തംബര്‍ അഞ്ചിന് വൈകീട്ട് ഏഴു മണിയ്ക്ക് മനോജ് ഗിന്നസിന്റെ മെഗാഷോ അരങ്ങേറും. പെരുമ്പാവൂരില്‍ സെപ്റ്റംബര്‍ പത്തിന് വൈകിട്ട് ആറിന് കോമഡി താരം കെ.എസ് .പ്രസാദ് നയിക്കുന്ന കോമഡിയും മിമിക്‌സും പിന്നെ നിങ്ങളും.
ഓണാഘോഷത്തിന് മുന്നോടിയായി കുട്ടമ്പുഴയിലെ ആദിവാസി ഊരായ തലവെച്ച പാറയില്‍ മുന്നൂറോളം ആദിവാസികള്‍ക്ക് ഓണ സദ്യയും അതോടൊപ്പം ഓണക്കോടിയുടെ വിതരണവും ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ഫെസ്റ്റിവല്‍ ഡി കൊച്ചി ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തിയറ്ററില്‍ വച്ച് നടക്കും. പീപ്പിള്‍സ് സിനിമയുടെ സഹകരണത്തോടെ നടത്തപ്പെടുന്ന ഈ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ നിരവധി പുരസ്‌ക്കാരങ്ങളും, പ്രേക്ഷക ശ്രദ്ധയും നേടിയ 50 മലയാള ഹ്രസ്വചിത്രങ്ങളും കുട്ടികളുടെ ചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിക്കുന്നത്.
ഓണനാളുകളില്‍ ദര്‍ബാര്‍ഹാള്‍ മൈതാനം മുതല്‍ മറൈന്‍ഡ്രൈവ് വരെ റോഡിന് ഇരുവശവും ദീപാലങ്കാരം ഏര്‍പ്പെടുത്തുമെന്ന് കളക്ടര്‍ പറഞ്ഞു. പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സെപ്റ്റംബര്‍ ഒമ്പതിന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ഓണം ഘോഷയാത്രയില്‍ എറണാകുളം ജില്ലയുടെ ഫ്‌ളോട്ട് ഉണ്ടായിരിക്കുന്നതാണ്. സാഹസിക വിനോദസഞ്ചാര സാധ്യതകളെ ആസ്പദമാക്കിയുള്ള ആശയമാണ് തെരഞ്ഞെടുത്തിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ 'ഭാരത് ഭവന്‍'' മുഖേനയാണ് തയ്യാറെടുപ്പുകള്‍ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."