ചില ഉദ്യോഗസ്ഥര്‍ വികസനത്തിന് തടസം നില്‍ക്കുന്നു: മന്ത്രി ജി. സുധാകരന്‍
മുക്കം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു പൊതുമരാമത്ത് വകുപ്പില്‍ നിരവധി വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നും ഭരണം മാറിയെങ്കിലും ചില ഉദ്യോഗസ്ഥര്‍ ഇപ്പോഴും മാറിയിട്ടില്ലെന്നും ഇത് വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. കൂമ്പാറ-തോട്ടുമുക്കം റോഡിന്റെ പരിഷ്‌കരണ പ്രവൃത്തി ഉദ്ഘാടനവും കുഴിനക്കിപ്പാറ പാലത്തിന്റെ ശിലാസ്ഥാപന കര്‍മവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
അമിതഭാരം കയറ്റി റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. റോഡിലിന്ന് പലതരത്തിലുള്ള കൈയേറ്റങ്ങളാണു നടക്കുന്നത്.
ഇതു തടയുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങില്‍ ജോര്‍ജ് എം. തോമസ് എം.എല്‍.എ അധ്യക്ഷനായി. സി.ടി.സി അബ്ദുല്ല, എന്‍.കെ ഷൗക്കത്തലി, വി.കെ വിനോദ്, സണ്ണി വെള്ളാഞ്ചിറ, ഷിബി മനോജ്, റുഖിയ കോഴിശ്ശേരി, കെ.സി നാടാക്കുട്ടി, ഫാദര്‍ സ്‌കറിയ മങ്കരയില്‍, ജോണി എടശ്ശേരി, പി.ജെ അഗസ്റ്റിന്‍, വി.കെ അബൂബക്കര്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി.കെ. മിനി, ആര്‍. സിന്ധു, കെ.കെ. ബിനീഷ് സംസാരിച്ചു.
9.5 കിലോമീറ്റര്‍ ദൂരമുള്ള തോട്ടുമുക്കം- കൂമ്പാറ റോഡ് ഏഴര കോടി രൂപ ചെലവഴിച്ചാണ് നവീകരിക്കുന്നത്. 1987ല്‍ നിര്‍മിച്ച റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്‌കരമായ സാഹചര്യത്തിലാണ് പരിഷ്‌കരണത്തിനു ഫണ്ടനുവദിച്ചത്.
നിര്‍ദിഷ്ട മലയോര ഹൈവേയുമായും കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയുമായും ബന്ധിപ്പിക്കുന്നതാണ് റോഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."