കച്ചവടത്തിനായി സൂക്ഷിച്ച 4.5 കിലോ കഞ്ചാവ് പിടികൂടി
നെയ്യാറ്റിന്‍കര: എസ്‌സൈസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ നെയ്യാറ്റിന്‍കരയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 4.5 കിലോ കഞ്ചാവ് പിടികൂടി. എന്നാല്‍ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല. സംഭവവുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര മാമ്പഴക്കര കല്ലുപാലം ശാസ്താ ഭവനില്‍ ഗുണ്ടാ അനി എന്ന് വിളിയ്ക്കുന്ന അനില്‍കുമാറിനെ പ്രതിയാക്കി എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഇന്നലെ ഉച്ചയ്ക്ക് മാമ്പഴക്കര കല്ലുപാലത്തിനു സമീപത്തുനിന്നുമാണ് കഞ്ചാവ് പിടികൂടിയത്. ഓണ വിപണി ലക്ഷ്യമാക്കി ചില്ലറ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്നതാണ് പിടിച്ചെടുത്തവ. ഒരു ഇലക്‌ട്രോണിക് ത്രാസും സംഭവസ്ഥലത്തു നിന്നും പിടിച്ചെടുത്തു. മുന്‍കാലങ്ങളില്‍ കോട സൂക്ഷിക്കുന്നതിനെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ മിഠായി ജാറുകളില്‍ നിറച്ച് മണ്ണില്‍ കുഴിച്ചിട്ട നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് കച്ചവടം നടത്തുന്നതായി ലഭിച്ച പരാതികളെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി കഞ്ചാവ് വില്‍പ്പന സംബന്ധിച്ച് സ്ഥലം ഷാഡോ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
പിടിച്ചെടുത്ത കഞ്ചാവ് ചില്ലറ വില്‍പ്പനയില്‍ രണ്ട് ലക്ഷത്തോളം രൂപ വിലവരുമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് കഞ്ചാവ് കച്ചവടം നടത്തി വന്നിരുന്നത്. നെയ്യാറ്റിന്‍കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ജെ.ബഞ്ചമിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.കോമളന്‍, പ്രിവന്റിവ് ഓഫിസര്‍ ആര്‍.വിജയന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ജി.ഹരികുമാര്‍, ജി.രാജേഷ്ഖന്ന, വി.വിജേഷ്, ഡ്രൈവര്‍ സനല്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."