പുതിയ വാഹനം നല്‍കാമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി അപമാനിച്ചു
വടക്കാഞ്ചേരി : ജീവന്‍ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ വാഹനങ്ങളില്ലാതെ വലിയ ദുരിതം അനുഭവിയ്ക്കുന്ന വടക്കാഞ്ചേരി അഗ്‌നിശമന സേനയൂണിറ്റിനോട് സര്‍ക്കാര്‍ അവഗണന. അത്യന്താധുനിക സൗകര്യങ്ങളുള്ള 80 വാഹനങ്ങള്‍ ഇന്നലെ വിതരണം ചെയ്തപ്പോള്‍ വടക്കാഞ്ചേരി അവഗണിയ്ക്കപ്പെടുകയും ഓഫീസര്‍മാര്‍ അപമാനിതരാവുകയും ചെയ്തു.
വടക്കാഞ്ചേരി യൂണിറ്റിന് പുതിയൊരു വാഹനം അനുവദിച്ചതായി ഓഫീസിലേക്ക് അറിയിപ്പ് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് ഓഫീസര്‍മാര്‍ വാഹനം കൊണ്ടുവരുന്നതിന് വടക്കാഞ്ചേരിയില്‍ നിന്ന് തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ എത്തുകയും ചെയ്തു. എന്നാല്‍ വടക്കാഞ്ചേരിയ്ക്ക് അനുവദിച്ച വാഹനം മറ്റൊരു സ്റ്റേഷനിലേയ്ക്ക് നല്‍കിയെന്ന മറുപടിയാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ഇതോടെ അപമാനിതരായി ഉദ്യോഗസ്ഥര്‍ക്ക് മടങ്ങേണ്ടിയും വന്നു.
കണ്ടം ചെയ്യാറായ വാഹനമാണ് വടക്കാഞ്ചേരിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിയ്ക്കുന്നത്. പലപ്പോഴും ഈ വാഹനങ്ങള്‍ വഴിയില്‍ കിടക്കുന്നതും നിത്യസംഭവമാണ്. വടക്കാഞ്ചേരിയിലെ ഭൂമി ശാസ്ത്ര പരമായ കിടപ്പ് മൂലം സ്റ്റേഷന്റെ വ്യാപകാതിര്‍ത്തിയില്‍ വലിയ വാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത അവസ്ഥയുണ്ട്. അതു കൊണ്ടു തന്നെ ചെറിയ വാഹനം ലഭിയ്ക്കുന്നുവെന്ന വാര്‍ത്ത സേനാംഗങ്ങള്‍ക്ക് വലിയ ആശ്വാസമായിരുന്നു.
എന്നാല്‍ തിരുവനന്തപുരത്ത് പോയി വെറും കയ്യോടെ മടങ്ങേണ്ടി വന്നത് വലിയ തിരിച്ചടിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."