മനുഷ്യര്‍ തീര്‍ക്കേണ്ട പൂക്കളങ്ങള്‍
സ്വത്വത്തിന്റെ നിര്‍വചനങ്ങള്‍ അപകടകരമാംവിധം ബഹുസ്വരതകളെ നിഷേധിക്കുന്ന ഒരു കാലഘട്ടത്തിലാണു നാമിപ്പോള്‍ ജീവിക്കുന്നത്. വംശീയ/വര്‍ഗീയ സംഘര്‍ഷങ്ങള്‍ പുതിയ കാലത്തിന്റെ മാത്രം സവിശേഷതയല്ല. ഇത്തരത്തില്‍പെട്ട കലാപങ്ങള്‍ ലോകമെമ്പാടും വന്‍തോതില്‍ മനുഷ്യരെ കൊന്നൊടുക്കിയിട്ടുണ്ട്. എന്നാല്‍, ജനാധിപത്യ സമൂഹങ്ങളില്‍ മത/ജാതി/ഗോത്ര/വംശ സംഘര്‍ഷങ്ങള്‍ നടക്കാന്‍ പാടില്ല. ഭരണകൂടങ്ങള്‍ തന്നെ കലാപങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുകയോ കലാപകാരികളെ അടിച്ചമര്‍ത്താന്‍ വിമുഖത കാണിക്കുകയോ ചെയ്യുന്നു.
ജനാധിപത്യമെന്നതു തന്നെ ബഹുസ്വരതയുടെ ആഘോഷമാണ്. ബഹുസ്വരത ദുര്‍ബലപ്പെട്ടാല്‍ അതു ജനാധിപത്യമാകില്ല. ഭാരതത്തില്‍ ജനാധിപത്യംതന്നെ അവസാനിക്കുകയാണോ എന്ന ഭീതിയിലേക്കു നമ്മെ നയിക്കുന്ന സംഭവങ്ങളാണു തെരുവുകളില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍, ഇതൊന്നും നമ്മെ വിശ്വാസരാഹിത്യത്തിലേക്കു നയിച്ചുകൂടാ. സ്‌നേഹവും സഹിഷ്ണുതയും കൊണ്ടാണു നമ്മള്‍ കലാപങ്ങളുടെ ചോരപ്പാടുകള്‍ മായ്‌ക്കേണ്ടത്.
ലോകത്തെ എല്ലാ ആഘോഷങ്ങളും സവിശേഷമായ സ്വത്വാന്വേഷണങ്ങളുമായി ബന്ധപ്പെട്ടതാണ്. ജനത സ്വയം നിര്‍വചിക്കുന്ന രീതിയാണത്. ആഘോഷങ്ങള്‍ക്കു പിന്നിലെല്ലാം ചില സമാനതകള്‍ കണ്ടെത്തുകയും ചെയ്യാം. സമാനതകളെ സംബന്ധിച്ച അന്വേഷണങ്ങള്‍ നമ്മെ കൂടുതല്‍ കൂടുതല്‍ ഐക്യപ്പെടുത്തുകയും വേണം.
ഓണവും ബലിപെരുന്നാളും രണ്ടു മഹാത്യാഗങ്ങളെയാണ് ഓര്‍മിപ്പിക്കുന്നത്. ഈ ത്യാഗസ്മരണകളില്‍ നാം ചേര്‍ന്നുനില്‍ക്കണം. ബലിപെരുന്നാള്‍ ലോകമെമ്പാടുമുള്ള മുസല്‍മാന്മാര്‍ ആഘോഷിക്കുന്നു. ഏക മാനവസങ്കല്‍പം മുന്നോട്ടുവയ്ക്കുന്നു ബലിപെരുന്നാള്‍. മാനവസമൂഹത്തിന്റെ വളര്‍ച്ചയുടെ സവിശേഷമായ ഒരു ഘട്ടത്തെ ത്യാഗഭാവത്തില്‍ അതു പ്രതീകവല്‍ക്കരിക്കുന്നു. എന്നാല്‍ ഈ ത്യാഗം ഏതെങ്കിലുമൊരു ജനസമൂഹത്തിനു വേണ്ടിയുള്ള ഓര്‍മപ്പെടുത്തലുമല്ല. ജാതിമത വ്യത്യാസമില്ലാതെ മാനവസമൂഹത്തിനുള്ള ചില പാഠങ്ങള്‍ ഈ സ്മരണയിലുണ്ട്. മനുഷ്യര്‍ ദൈവത്തിനു മുന്‍പില്‍ എത്രയോ ചെറിയവര്‍. അവനു പ്രിയപ്പെട്ടതെല്ലാം ദൈവത്തിനു സമര്‍പ്പിക്കാനുള്ളതാണ്. ആ സമര്‍പ്പണത്തിലൂടെ എല്ലാ കാലുഷ്യങ്ങളെയും, മനുഷ്യസഹജമായ എല്ലാ അഹങ്കാരങ്ങളെയും അവന്‍ മറികടക്കും. ബാക്കിയാകുന്നതു നിര്‍മമതയും ശൂന്യതയും. ആ ശൂന്യതയെ ദൈവം അപാരമായ കാരുണ്യം കൊണ്ടു നിറയ്ക്കും. മനുഷ്യന്‍ പൂര്‍ണനാകുന്നത് അപ്പോഴാണ്.
മനുഷ്യന്‍ അവന്റെ സഹജമായ മൃഗവാസനകളാല്‍ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന പാപങ്ങളില്‍നിന്നു പൂര്‍ണമുക്തനായി പുതിയൊരു വെളിച്ചത്തിലേക്ക് ഉണരുകയാണു പരിശുദ്ധ ഹജ്ജിലൂടെ. അമ്മയുടെ ഗര്‍ഭപാത്രത്തില്‍നിന്നു വീണ്ടും പിറന്നതുപോലുള്ള ഒരവസ്ഥയെന്ന് ആലങ്കാരികമായി പറയാം. എല്ലാവരും ഒരേ ദിശയിലേക്കു നോക്കുമ്പോള്‍, ഒരേ വസ്ത്രമണിയുമ്പോള്‍, ഒരേ അനുഷ്ഠാനകര്‍മത്താല്‍ ആരാധന നടത്തുമ്പോള്‍ ഏകദൈവാനുഭവത്താല്‍ അനുഗ്രഹിക്കപ്പെടുകയാണ്. രാജ്യം/ദേശീയത/വംശം/ഗോത്രം... ഒന്നും അവിടെ പ്രസക്തമല്ല. ദൈവത്തിന്റെ സൃഷ്ടിയായ ഒറ്റ മനുഷ്യര്‍. വിവിധ ശരീരങ്ങളില്‍, ലിംഗ വൈജാത്യങ്ങളില്‍ അതിരുകളില്ലാതെ പരന്നുകിടക്കുന്ന ഒറ്റ മനസ്. ആ മനസിന്റെ പ്രാര്‍ഥനകള്‍ ദൈവത്തിന്റെ മിനാരങ്ങളെ ചെന്നുതൊടും. ഇങ്ങനെ അടുത്തുനില്‍ക്കാന്‍ ഇടങ്ങള്‍ ഉണ്ടായിരിക്കെ മനുഷ്യരെന്തിന് ഇത്രയ്ക്കു കലഹികളാകുന്നത് എന്നും നമ്മള്‍ അത്ഭുതപ്പെടും.
ബലിപെരുന്നാള്‍ പോലെയല്ല ഓണം. അത്യന്തം പ്രാദേശികമാണത്. മലയാളികളുടെ ആഘോഷമാണ്. ഓണം ഏറ്റവും ഹൃദ്യമായി, ഗൃഹാതുരത്വത്തോടെ ആഘോഷിക്കപ്പെടുന്നതു പ്രവാസി മലയാളികള്‍ക്കിടയിലാണ്. പ്രവാസികളുടെ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായപ്പോള്‍ ആ വശ്യതയും മനോഹാരിതയും എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. ആഘോഷത്തിലെ ഇഴയടുപ്പം ഒരുപക്ഷെ അവര്‍ കേരളത്തിലാണു ജീവിക്കുന്നതെങ്കില്‍ ഉണ്ടാകാന്‍ ഇടയില്ലെന്നും തോന്നിയിട്ടുണ്ട്.
ഓണം മലയാളിയുടേതാണെന്നു പറയുമെങ്കിലും ഓണം ആഘോഷിക്കാത്ത എത്രയോ ഗോത്രസമൂഹങ്ങളും കേരളത്തിലുണ്ട്. ആദിവാസികള്‍, ചില ദലിത് സമൂഹങ്ങള്‍ എന്നിവരെല്ലാം അതില്‍പെടും. ഓണമെന്ന മിത്ത് സൂക്ഷ്മമായി വിശകലനം ചെയ്യുമ്പോള്‍ ത്യാഗത്തോടൊപ്പം ചതിയുടെയും ചിത്രങ്ങള്‍ തെളിഞ്ഞുകിട്ടും. ഓണാഘോഷത്തിനു പിന്നിലെ ഏറ്റവും വലിയ സവിശേഷത അതില്‍ കര്‍ക്കശമായ മതകീയത ഇല്ല എന്നതാണ്. വംശീയത ഒട്ടുമില്ല. അതുകൊണ്ടാണു ജാതിമത വ്യത്യാസമില്ലാതെ ആളുകള്‍ ഓണാഘോഷത്തില്‍ പങ്കുചേരുന്നത്. ഹിന്ദുമത സമൂഹത്തില്‍ തന്നെ ഓണാഘോഷത്തില്‍ വ്യത്യസ്തത കാണാം. മാതേവരെ(തൃക്കാക്കരയപ്പന്‍) എല്ലാ വീട്ടുമുറ്റങ്ങളിലും പ്രതിഷ്ഠിക്കില്ല. മഹാബലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയ ശക്തിയുടെ പ്രതീകമാണത്. ഓണവുമായി ബന്ധപ്പെട്ട മിത്ത് മഹാരാഷ്ട്രയിലുമുണ്ട്. അവിടെ മഹാബലിയുടെ രക്തസാക്ഷിത്വത്തെ ദലിതുകളാണ് ആഘോഷിക്കുന്നത്. മഹാബലിക്കുമേലുള്ള വിഷ്ണുവിജയം ബ്രാഹ്മണസമൂഹവും ആഘോഷിക്കുന്നു. ഭാവിയില്‍ കേരളത്തിലും ഈ പിളര്‍പ്പ് പ്രത്യക്ഷപ്പെട്ടേക്കാം. ഇതു തിരിച്ചറിഞ്ഞുകൊണ്ട് ഓണവും വിഭജിക്കപ്പെടാതിരിക്കാന്‍ നമ്മള്‍ കരുതിയിരിക്കണം.
കേരളത്തില്‍ പരക്കെ ഇല്ലാത്ത, ഓണവുമായി ബന്ധപ്പെട്ട ചില ആഘോഷങ്ങളുമുണ്ട്. തൃക്കാക്കരയിലെ അത്തച്ചമയം അതില്‍പെടും. അത്തച്ചമയാഘോഷം കേരളത്തില്‍ മറ്റെവിടെയുമില്ല. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മഞ്ചേരിയില്‍നിന്ന് എടപ്പാളിലെ വട്ടംകുളത്തേക്ക് എന്റെ ജീവിതം പറിച്ചുനടപ്പെട്ടതോടെ മറ്റൊരു ഓണാഘോഷത്തിനും ഞാന്‍ സാക്ഷിയായി. അത് എടപ്പാള്‍ അങ്ങാടിയിലെ പൂരാടവാണിഭമാണ്. ഈ വാണിഭവും കേരളത്തില്‍ മറ്റൊരിടത്തുമില്ല. ഈ വാണിഭത്തിന്റെ ഏറ്റവും വലിയ സവിശേഷത നേന്ത്രവാഴക്കുലകളുടെ പ്രദര്‍ശനവും വില്‍പനയുമാണ്. ഒന്നും ഇറക്കുമതിയല്ല. സമീപപ്രദേശത്തെ വയലുകളില്‍ തന്നെ കൃഷി ചെയ്തുണ്ടാക്കുന്നതാണ്. എടപ്പാളിലെ പൂരാടവാണിഭം ദേശത്തെ സാംസ്‌കാരികോത്സവമായി മാറിക്കഴിഞ്ഞു. മുസ്‌ലിം കച്ചവടക്കാരാണു പൂരാടവാണിഭം നിയന്ത്രിക്കുന്നത്. ഇതും ബഹുസ്വരതയുടെ ഉദാഹരണമാണ്.
ഏറെനാട്ടെ കുന്നിന്‍താഴ്‌വരയില്‍ ചെലവിട്ട ഓണസ്മൃതികള്‍ തന്നെയാണു തീവ്രമായി നിലനില്‍ക്കുന്നത്. പേമാരികളുടെ കാലമായിരുന്നു ഏറെനാട്ടെ കര്‍ക്കടകം. മഴയൊഴിയുന്നതോടെ നേര്‍ത്ത വെയില്‍ തെളിയും. ആ വെയിലിലേയ്ക്കു പൂക്കള്‍ കണ്‍മിഴിയ്ക്കും. ആ പൂക്കള്‍ തേടിയാണു പൂവിളികളോടെ ഞങ്ങള്‍ കുന്നുകേറുക. കുന്നുകളിലലഞ്ഞു പൂ ശേഖരിക്കുകയെന്നതു പ്രകൃതിയെ ആഴത്തിലറിയലാണ്. പൂക്കളിലൂടെ തെന്നിപ്പറക്കുന്ന വിവിധതരം പൂമ്പാറ്റകളെയും തുമ്പികളെയും പരിചയപ്പെടാം. വിലയ്ക്കുവാങ്ങിയ പൂ കൊണ്ടു പൂക്കളമുണ്ടാക്കുമ്പോള്‍ നഷ്ടപ്പെടുന്നതു പ്രകൃതിയുമായുള്ള സൂക്ഷ്മബന്ധമാണ്. പത്തു കാട്ടുപൂക്കളുടെ പേരു പറയാന്‍ പോലും ത്രാണിയില്ലാത്തവരായി പുതിയ കാലത്തെ ഓണക്കുട്ടികള്‍ മാറുന്നു. പാരിസ്ഥിതികമായ സര്‍ഗാനുഭവങ്ങളില്‍നിന്നു വിപണിയുടെ കൃത്രിമത്വത്തിലേക്ക് ഓണവും പെരുന്നാളുമൊക്കെ മാറിക്കഴിഞ്ഞു. എന്നാലും ഇത്തരം ആഘോഷങ്ങളാണു നമ്മുടെ ജീവിതത്തെ ചൈതന്യവത്താക്കുന്നത്.
ആഹാരം പോലും പ്രശ്‌നവല്‍ക്കരിക്കപ്പെടുന്ന ഒരു കാലമായി നമ്മുടേത്. സംസ്‌കൃതിയുടെ ഇഴയടുപ്പത്തിന് ആഹാരവും ഉപയോഗിച്ചേ മതിയാകൂ. മതിലുകെട്ടി വേര്‍തിരിച്ച വീടുകളുടെ പോലും അടുക്കളകളെ ബന്ധിപ്പിക്കണം. നല്ലൊരു ചമ്മന്തി അരച്ചാല്‍ പോലും അയല്‍പക്കത്തേയ്ക്കു കൊടുത്തയയ്ക്കുന്ന ശീലമുണ്ടായിരുന്നു നമുക്ക്. ആ ശീലം തിരിച്ചുപിടിക്കണം. വെറുപ്പിന്റെ പ്രകടനങ്ങളെ ആഹാരത്തിന്റെ രുചികൊണ്ടു നേരിടാം. നമ്മുടെ മതക്കാരനോ ജാതിക്കാരനോ അല്ലാത്ത ആരെങ്കിലുമൊക്കെ ആഘോഷവേളകളില്‍ ആഹാരം കഴിക്കാനുണ്ടാകണം. കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നു രുചികളുടെ വൈവിധ്യം ആസ്വദിക്കണം. ഋതുമാറ്റങ്ങള്‍ക്കിടയില്‍, അതിന്റെ ചാക്രികതയില്‍ നമുക്കു ലഭിക്കുന്ന സൗഭാഗ്യമായാണ് ഓണത്തിന്റെയും പെരുന്നാളിന്റെയും ഒന്നിച്ചുനില്‍പ്പിനെ കാണേണ്ടത്. അത് ആഘോഷിച്ചേ മതിയാകൂ. എല്ലാവര്‍ക്കും ഹൃദ്യമായ ഓണപ്പെരുന്നാള്‍ ആശംസകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."