നാട്ടിടവഴികള്‍ ചെന്നുചേരുന്ന ഉത്സവപ്പറമ്പുകള്‍
1944ല്‍ ഗ്രാമീണത ചോരാത്ത തനി നാട്ടിന്‍പ്രദേശമായ കോഴിക്കോടിനടുത്തുള്ള നരിക്കുനിയിലെ പന്നിക്കോട്ടൂര്‍ മൂര്‍ക്കന്‍കുണ്ട് പ്രദേശത്താണ് എന്റെ ജനനം. വൃക്ഷലതാദികള്‍ കൊണ്ടു കാടുമൂടിയ ഇരുണ്ട പ്രദേശം. കുറേ തറവാടുവീടുകളും വയലും ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളും തറവാട്ടുമുറ്റങ്ങളിലെ വെറ്റിലക്കൊടിയും ഇടവഴികളും മാത്രമുള്ള നാട്. കൃഷിയാണ് ഇവിടുത്തെ പ്രധാന ഉപജീവനമാര്‍ഗം. കര്‍ഷകരും പാടവും പാടവരമ്പും കൊണ്ടു സജീമായിരുന്നു അവിടെ. ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ വേര്‍തിരിവില്ലാത്ത ഗ്രാമം. എല്ലാ മതക്കാരും അടുപ്പം കാത്തുസൂക്ഷിച്ചുപോന്നു. ഹിന്ദുവും മുസ്‌ലിമും തമ്മില്‍ ഇന്നുള്ളതിലേറെ ഇഴയടുപ്പമുണ്ടായിരുന്നു അന്ന്. കൊടുവള്ളിയിലെ പുത്തന്‍വീട്ടുകാരായിരുന്നു പ്രദേശത്തെ പ്രധാന മുസ്‌ലിം തറവാട്ടുകാര്‍.
ഓര്‍മവച്ച കാലംമുതല്‍ ഞങ്ങളുടെ ഉത്സവമെന്നത് ഓണവും വിഷുവും പെരുന്നാളുമാണ്. എല്ലാ ഉത്സവങ്ങളിലും എല്ലാവരും ഒന്നിച്ചു പങ്കെടുക്കുക എന്നതായിരുന്നു ഞങ്ങളുടെ രീതി. കാര്‍ഷികപ്രദേശമായ നാട്ടില്‍ അത്തം പിറന്നതുമുതല്‍ ഉത്സവപ്രതീതിയാണ്. കൊയ്ത്തു കഴിഞ്ഞ പാടവും സാധനങ്ങള്‍ കൊണ്ടു നിറയുന്ന അങ്ങാടികളും എല്ലാം... എവിടെ നോക്കിയാലും ആഹ്ലാദവും ആനന്ദവുമാണു കാണുക. പ്രദേശത്തെ പ്രധാന പറമ്പുകളായ ചാമക്കാലപറമ്പ്, നൊച്ചിക്കാപ്പറമ്പ്, അന്തക്കോട്ടക്കല്‍പറമ്പ് എന്നിവിടങ്ങളിലെല്ലാം കൈകൊട്ടിക്കളിയും കോല്‍ക്കളിയും അരങ്ങേറും. അതിലൊക്കെ ഞങ്ങളും പങ്കാളികളാകും. എന്നാല്‍ രാത്രികളില്‍ വീട്ടുമുറ്റങ്ങളില്‍ നടക്കുന്ന തിരുവാതിര കാണാന്‍ ഞങ്ങള്‍ക്കിതുവരെയും ഭാഗ്യമുണ്ടായിട്ടില്ല. അപ്പോഴേക്കും ഞങ്ങള്‍ പാതിരാമയക്കത്തില്‍ മുഴുകിയിട്ടുണ്ടാകും.
എന്റെ ഓര്‍മയിലെ ഗംഭീര ഓണാഘോഷം നടന്നതു രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. ആറു പെങ്ങന്മാര്‍ക്കിടയിലേക്കെത്തിയ ആദ്യത്തെ ആണ്‍തരി എന്ന പരിഗണന വീട്ടിലെനിക്കെപ്പോഴും കിട്ടിയിരുന്നു. അതുകൊണ്ട് ഇത്തിരി കുസൃതികാട്ടലും എന്റെ പതിവായിരുന്നു. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ കര്‍ക്കടക മാസത്തിന്റെ അവസാനവാരത്തില്‍ വീട്ടില്‍ മഴ നനയാതെ വച്ചിരിക്കുന്ന വൈക്കോല്‍കൂനയില്‍ അറിയാതെ ഞാനൊന്നു തീപ്പെട്ടിക്കൊള്ളി ഉരസിവച്ചു. എന്നാല്‍ തീ ആളിപ്പടര്‍ന്ന് ഞങ്ങളുടെ ഓലമേഞ്ഞവീട് മൊത്തം കത്തിനശിച്ചു. അങ്ങനെ ആ ഓണത്തിന്റെ കാര്യം അങ്ങനെ പോയി. ആധാരമെഴുത്തുകാരനായ അച്ഛന്റെ ശ്രമഫലമായി വീട് പുതുക്കിപ്പണിതു. രണ്ടാം ക്ലാസിലെത്തിയ വര്‍ഷം ഓടുമേഞ്ഞു പുതുക്കിപ്പണിത വീട്ടിലായിരുന്നു ഞങ്ങളുടെ ഓണം.
ചിങ്ങം പുലര്‍ന്നുവെന്നു പറയുമ്പോഴേക്കു മനസില്‍ ഒരു ആഹ്ലാദം ഹൃദയത്തില്‍ തട്ടും. മാവേലിയെയും ഓണത്തിന്റെ ഐതിഹ്യങ്ങളും അറിയാത്ത കാലത്തെ ഓണാഘോഷം മനസിന്റെ ഉത്സവമായിരുന്നു. ചിങ്ങം പുലര്‍ന്നതുമുതല്‍ ഓണത്തിനുള്ള ഒരുക്കത്തിലായിരിക്കും വീടും വീട്ടുകാരും നാടും നാട്ടുകാരുമെല്ലാം. അടിക്കലും തുടക്കലും മുറ്റത്തെ പുല്ല് പറിക്കലുമെല്ലാം വീട്ടിലെ ഓരോരുത്തര്‍ക്കു വിഭജിച്ചുനല്‍കലും മേല്‍നോട്ടം വഹിക്കലും അച്ഛനാണ്. അമ്മയും മൂത്തപെങ്ങളുമാണ് എല്ലാത്തിനും നേതൃത്വം നല്‍കുക. മുറ്റത്തെ പുല്ല് പറിക്കലാണ് ഞങ്ങള്‍ ഏറ്റവും ശ്രദ്ധിക്കുന്ന ജോലി. അച്ഛന്‍ വരച്ചുതരുന്ന ഭാഗത്തെ പുല്ല് പറിച്ചു വൃത്തിയാക്കി കൊടുത്താല്‍ ഓണത്തിന്റെ തലേന്നു രാത്രി ശാലിയാതെരുവില്‍നിന്നു കൊണ്ടുവരുന്ന ശാലിയംമുണ്ട് അച്ഛന്‍ വാങ്ങിത്തരും. അതിനായി തനിക്കു കിട്ടിയ ഭാഗം പരമാവധി ഭംഗിയായി വൃത്തിയാക്കാന്‍ ഓരോരുത്തരും മത്സരിക്കും.
മുറ്റത്തെ തറയില്‍ പൂക്കളമിടലും പൂപറിക്കലുമാണ് ഓണക്കാലത്തെ മറ്റൊരു ജോലി. എല്ലാവര്‍ക്കുമൊപ്പം ഞാനും പൂകൊട്ടയുമെടുത്തു പൂപറിക്കാന്‍ പോകും. വയലും മലയും കാടും കയറി പൂപറിക്കാന്‍ പോകും. എന്നാല്‍ ഒരിക്കല്‍ പോലും എന്റെ കുട്ട നിറയ്ക്കാന്‍ എനിക്കു സാധിച്ചിട്ടില്ല. കൂട്ടത്തിലുള്ളവരെ നുള്ളിയും പിച്ചിയും അടിപിടി കൂടിയും, തെങ്ങിന്‍മുകളില്‍ കരിക്കു തള്ളിയിടാനെത്തുന്ന കുരങ്ങുകളെ കല്ലെടുത്തെറിഞ്ഞും സമയം ചെലവഴിക്കാറാണു പതിവ്. പെങ്ങന്മാരെല്ലാം രണ്ടു കുട്ടപൂവൊക്കെ പറിച്ചു തിരിച്ചുവരുമ്പോഴാണു ഞങ്ങള്‍ പൂപറിക്കാന്‍ തുടങ്ങാറ്. കുറച്ചു പൂവ് പറിച്ചിട്ട് കുട്ട നിറയ്ക്കാതെ തിരിച്ചുപോരും. പൂക്കളമിടാന്‍ കുഞ്ഞിപ്പെങ്ങളാണു നേതൃത്വം നല്‍കുക.
അത്തം കഴിഞ്ഞ് ചിത്തിര മുതല്‍ വീട്ടില്‍ ശാലിയാതെരുവില്‍നിന്നു തുണിത്തരങ്ങളും മറ്റിടങ്ങളില്‍നിന്നു കൈകോട്ടും കത്തിയും പടന്നയും പിന്നെ മുറം, കൊട്ട, തലക്കുട എന്നിവയെല്ലാം വീട്ടുമുറ്റത്തു കൊണ്ടുവരും. ഉമ്മറത്തു നിരത്തിവയ്ക്കുന്ന സാധനങ്ങളില്‍നിന്ന് അമ്മയും അച്ഛനും വേണ്ടതുമാത്രം വാങ്ങി സാധനത്തിന്റെ ഇരട്ടിപ്പൈസ നല്‍കി അവരെ തിരിച്ചയക്കും. പെങ്ങന്മാര്‍ക്കുള്ള കുപ്പിവളയും മിഠായികളും പൂനൂര്‍ ചന്തയില്‍നിന്നാണു വാങ്ങിക്കാറ്.
തിരുവോണനാളിലെ പപ്പടം കൂട്ടിയുള്ള സദ്യ ഗംഭീരമായിരുന്നു. വൈക്കോല്‍കൂനയിലെ തീപടര്‍ന്നു പുര കത്തിയതിനാല്‍ കഴിഞ്ഞ ഓണം ഗംഭീരമാക്കാന്‍ കഴിയാത്തതിനാല്‍ അച്ഛന്‍ ഇത്തവണ തിരുവോണം ഗംഭീരമായി സജ്ജീകരിച്ചിരുന്നു. വീട്ടില്‍ വിളയിച്ച പച്ചക്കറിയും അടുത്ത വീടുകളില്‍നിന്നു തികയാത്തവ വാങ്ങിയും വിഭവങ്ങളൊരുക്കാന്‍ അമ്മയും മുന്‍കൈയെടുത്തു. തേങ്ങാപ്പാലില്‍ ഉണ്ടാക്കിയ ഉണങ്ങലരിപ്പായസവും അവിയലും ശര്‍ക്കര ചേര്‍ത്തുണ്ടാക്കിയ മധുരമുള്ള കൂട്ടുകറിയും പച്ചടിയുമായിരുന്നു സാമ്പാറിനും പപ്പടത്തിനും ഉപ്പേരിക്കും പുറമെ നാക്കിലയില്‍ വിളമ്പിയത്. പതിവില്‍നിന്നു വിപരീതമായി കറികളെല്ലാം വെളിച്ചെണ്ണയില്‍ വറവിടുക തിരുവോണ സദ്യയ്ക്കു വേണ്ടി മാത്രമാണ്. എന്നാലും പപ്പടമാണ് ഇലയിലെ പ്രധാന ആഡംബരം. എണ്ണയില്‍ വറുത്തെടുത്തതെല്ലാം അന്നത്തെ ഇലയിലെ ആഡംബര സൂചകമായാണു ഞങ്ങള്‍ കാണാറ്. തിരുവോണത്തിനും വിഷുവിനും വേണ്ടി മാത്രമാണു പപ്പടം വീട്ടില്‍ വാങ്ങുക.
വീട്ടിലെ സദ്യ കഴിഞ്ഞ് അയല്‍വീടുകളില്‍നിന്നും കഴിക്കുക എന്നതു നാട്ടുനടപ്പാണ്. അതിനുവേണ്ടി വീട്ടില്‍നിന്നു വയറു നിറയ്ക്കാതെയാണു സദ്യ കഴിച്ചിറങ്ങുക. ആറോ ഏഴോ വീട്ടില്‍ കയറിയിറങ്ങും. ആറിലും ഏഴിലുമെത്തിയാല്‍ വയറങ്ങു വീര്‍ക്കും. പിന്നെ ഒന്നും തിന്നാന്‍ കഴിയില്ല. എന്നാല്‍ അവരെ ചൊടിപ്പിക്കാതിരിക്കാന്‍ കോലായിലിരുന്നു പപ്പടം കഴിച്ചാണു വീട്ടിലേക്കു മടങ്ങുക.
അടുത്ത വര്‍ഷം കര്‍ക്കടകത്തിന്റെ രണ്ടാം പകുതിയില്‍ തോരാതെ പെയ്യുന്ന ഒരു മഴക്കാലം. കുട്ടമ്പൂര്‍ പുന്നശ്ശേരി യു.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ഞാന്‍. സ്‌കൂള്‍ വിട്ടു വീട്ടിലെത്തിയപ്പോഴാണ് അമ്മയ്ക്കു സുഖമില്ലെന്നറിഞ്ഞത്. രാത്രി ഉറക്കമൊഴിച്ചും ഞങ്ങള്‍ അമ്മയെ നോക്കിയിരുന്നു. രാവിലെ അമ്മ മരിച്ചു. അമ്മയുടെ ക്രിയകളെല്ലാം കഴിഞ്ഞ് ഞങ്ങള്‍ തലേന്നത്തെ ക്ഷീണത്തിലിരിക്കുമ്പോഴാണ് അച്ഛന്‍ മൂത്ത സഹോദരി ദേവകിയോടു വെള്ളം ചോദിക്കുന്നത്. വെള്ളം കുടിച്ച് അച്ഛനും യാത്ര പറഞ്ഞു.
പിന്നെ ഞങ്ങളുടെ ഒന്‍പതുപേരുടെയും കാരണവരായത് മൂത്ത പെങ്ങള്‍ ദേവകിയമ്മയാണ്. അവളടക്കം ആറുപെണ്‍മക്കളും ഞാനടക്കം മൂന്ന് ആണ്‍മക്കളുമായിരുന്നു എന്റെ അച്ഛനും അമ്മയ്ക്കും.
പരിമിതികളില്‍നിന്ന് അവര്‍ ഞങ്ങളെ നോക്കി. ആ കൊല്ലം ഞങ്ങള്‍ക്ക് ഓണവും വിഷുവുമില്ലായിരുന്നു. അടുത്ത ഓണം മൂത്ത പെങ്ങളുടെ നേതൃത്വത്തിലാണ്. പൊലിമ ഒട്ടും കുറയാതെ അതു ഗംഭീരമാക്കാന്‍ അവര് ശ്രമിച്ചിരുന്നു. പക്ഷെ അച്ഛനും അമ്മയും ഞങ്ങള്‍ ഒന്‍പതു മക്കളും ചേര്‍ന്നുണ്ട ഓണക്കാലമായിരുന്നു എന്റെ മനസിലേക്ക് ഓടിയെത്തിയത്. ഉമ്മറത്ത് ഇതൊക്കെ ആലോചിച്ചിരുന്ന എന്നെ അപ്പുറത്തെ വീട്ടിലെ മറിയോമ്മയുടെ മക്കളായ എന്റെ കളിക്കൂട്ടുകാരായ കുഞ്ഞിയും പരീതും മുഹമ്മദും വിളിച്ചുകൊണ്ടുപോയി. അന്നത്തെ ഓണത്തിന് അവിടുന്നായിരുന്നു ഉച്ചയൂണ്‍. വീട്ടില്‍ പെങ്ങളോട് അവിടുന്ന് ഉണ്ട കാര്യം പറയാതെ ഇവിടെനിന്നും ഇത്തിരി കഴിച്ചു. ഇതിനിടയില്‍ രണ്ടാമത്തെ പെങ്ങള്‍ ചോദിക്കുന്നുണ്ടായിരുന്നു:''നീയെന്താ വേറെ എവിടുന്നോ എന്തോ കഴിച്ച പോലെ..!!'' പക്ഷെ എല്ലാം മറച്ചുവച്ച് ഒരു നുള്ള് ചോറ് വീട്ടില്‍നിന്നു കഴിച്ചു.
കര്‍ക്കടകത്തില്‍ ദുര്‍കടം എന്ന് അമ്മൂമ്മ പറയാറുള്ള ആ ചൊല്ലാണ് അന്നുച്ച തിരിഞ്ഞുള്ള മയക്കത്തില്‍ എന്റെ മനസിലേക്ക് ഓടിയെത്തിയത്. ജീവിതത്തിന്റെ ഗതിവിഗതികള്‍ ആഘോഷങ്ങളുടെ മാറ്റുകുറയ്ക്കും. എന്നാല്‍ മനസാണ് എല്ലാം ഉത്സവാന്തരീക്ഷമുള്ളതാക്കുന്നത്. തിരിച്ചുവരവിന്റെ ഓരോ ഉത്സവങ്ങളും സമ്മാനിക്കുന്നത് ഓണവും പെരുന്നാളും വിഷുവുമാണ്. അതുകൊണ്ടാണ് ഇന്നു മറ്റൊരു ഓണമെത്തിയപ്പോഴും ആലിക്കാന്റെ വീടര് മറിയോമ്മയുടെ കൈപ്പുണ്യമുള്ള മോര് കറിയുടെയും ചോറിന്റെയും രുചി നാവില്‍നിന്നു വിട്ടുമാറാത്തത്. മറിയോമ്മയുടെ ഹൃദയത്തില്‍ തട്ടിയുള്ള വിളമ്പലാണ് ആ രുചി എന്റെ നാവിന്‍തുമ്പില്‍ ഇന്നും നിലനില്‍ക്കുന്നതിന്റെ കാരണം.
അടുപ്പം നിലനിര്‍ത്തി എല്ലാവരോടും ഇഴുകിച്ചേരുമ്പോഴായിരുന്നു അന്നത്തെ ഓണാഘോഷങ്ങള്‍ പൂര്‍ണമാകുന്നത്. എന്നാല്‍ കൃത്രിമത്വത്തിന്റെയും വ്യാപാരവല്‍ക്കരണത്തിന്റെയും കാരണമായി കാലം വരുത്തിയ ചില മാറ്റങ്ങള്‍ ഇത്തരം ആഘോഷങ്ങള്‍ക്കും മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. നാട്ടില്‍നിന്നു കൊട്ടയില്‍ പൂപറിച്ചു പൂക്കളമിട്ടതിനു പകരം വിപണിയില്‍നിന്നു പൂവാങ്ങി പൂവിടുന്നതു ഞാനങ്ങ് ഒഴിവാക്കി. പൂവ് വിലകൊടുത്തു വാങ്ങാന്‍ തുടങ്ങിയതു മുതലിങ്ങോട്ട് ഞാന്‍ എന്റെ വീട്ടില്‍ പൂക്കളമിട്ടിട്ടില്ല. കസവു മുണ്ടുടുക്കുമ്പോഴും തനിമ നിലനിര്‍ത്താതെ കേരളീയതയുടെ ആവരണം മാത്രമാണ് ഇന്നു മലയാളികള്‍ അണിഞ്ഞിരിക്കുന്നത്. എന്റെ ഗ്രാമവും അങ്ങനെ തന്നെ... റോഡും വാഹനങ്ങളും വന്നതോടെ അവിടെയും മാറ്റങ്ങള്‍ വന്നുതുടങ്ങി...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."