ഫറൂഖാബാദില്‍ ഒരു മാസത്തിനകം മരിച്ചത് 49 കുഞ്ഞുങ്ങള്‍ ഉത്തര്‍പ്രദേശില്‍ വീണ്ടും ശിശു മരണം
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജിനു പിന്നാലെ ഫറൂഖാബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലും കുട്ടികളുടെ കൂട്ടമരണം.
ഫറൂഖാബാദിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 49 നവജാത ശിശുക്കളാണ് മതിയായ ചികിത്സ ലഭിക്കാതെ മരണമടഞ്ഞത്. ജൂലൈ 20നും ഓഗസ്റ്റ് 21നുമിടയില്‍ 460 പ്രസവങ്ങള്‍ നടന്നതില്‍ 49 നവജാത ശിശുക്കള്‍ മരണമടഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. മരുന്നുകളുടെയും ഓക്‌സിജന്റെയും അഭാവമാണ് മരണകാരണമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
വാര്‍ത്ത പുറത്തുവന്നതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ മജിസ്‌ട്രേറ്റ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഉമാകാന്ത് പാണ്ഡെ അടക്കം മൂന്നു ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരേ പൊലിസ് കേസ് എടുത്തിട്ടുണ്ട്.
അതേസമയം, കുട്ടികളുട പോഷകാഹാര കുറവാണ് കൂട്ടമരണത്തിന് കാരണമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. പല കുട്ടികളെയും മരിച്ചതിന് ശേഷമാണ് രക്ഷിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്.
എന്നാല്‍, ആശുപത്രിയില്‍ ആവശ്യത്തിന് ഓക്‌സിജന്‍ സിലണ്ടറുകളോ മരുന്നുകളോ ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓക്‌സിജന്‍ സിലണ്ടറുകള്‍ അടക്കം ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ എര്‍പ്പെടുത്തണമെന്ന്് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ ആശുപത്രി അധികൃതര്‍ക്ക് 19 തവണ നോട്ടീസ് നല്‍കിയിരുന്നുവെന്നും എന്നാല്‍, അധികൃതര്‍ നടപടിയൊന്നും എടുത്തില്ലെന്നും ജില്ലാ പൊലിസ് സൂപ്രണ്ട് ധ്യാനാനന്ദ് വ്യക്തമാക്കി. ചീഫ് മെഡിക്കല്‍ ഓഫിസര്‍ അടക്കമുള്ള ഡോക്ടര്‍മാര്‍ക്കെതിരേ കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൂടുതല്‍ പേര്‍ക്കെതിരേ കേസ് എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ഫറൂഖാബാദിലെ ശിശുമരണത്തിന് കാരണം ഓക്‌സിജന്റെ കുറവല്ലെന്ന് ഉത്തര്‍പ്രദേശ് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി പ്രശാന്ത് ത്രിവേദി പറഞ്ഞു.
വിവിധ രോഗങ്ങളാണ് കുട്ടികള്‍ മരിക്കാന്‍ ഇടയായത്. സംഭവത്തില്‍ ഡോക്ടര്‍മാരുടെ ഒരു സംഘം അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."