ഓണനാളുകളില്‍ റേഷന്‍ കട തുറന്നില്ലെന്ന് ആരോപണം
കയ്പമംഗലം: ഉത്രാട ദിനത്തിലും മൂന്നാമോണത്തിനും റേഷന്‍കട തുറന്നില്ലെന്ന് ആരോപണം. ചെന്ത്രാപ്പിന്നി ഹലുവത്തെരുവിലെ എ.ആര്.ഡി.141 എന്ന നമ്പറിലുള്ള റേഷന്‍ കടക്കെതിരെയാണ് വ്യാപക ആരോപണം ഉയര്‍ന്നിട്ടുള്ളത്. ഈ റേഷന്‍ കടക്ക് കീഴിലുള്ള നൂറ് കണക്കിന് ഉപഭോക്താക്കള്‍ക്ക് ഇതുമൂലം ഓണം സ്പെഷ്യല്‍ അരിയും പഞ്ചസാരയും നഷ്ടമായി.
എണ്ണൂറോളം കാര്‍ഡുകളുള്ള റേഷന്‍ കടയില്‍ വിരലില്‍ എണ്ണാവുന്നവര്‍ക്ക് മാത്രമാണ് ഓണത്തിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമായത്. കടയുടമ അസുഖ ബാധിതനായി കിടക്കുന്നതിനാല്‍ മറ്റൊരാളാണ് കട നടത്തുന്നത്. ഇയാളെ ബന്ധപ്പെട്ടപ്പോള്‍ ഇയാള്‍ സ്ഥലത്തില്ല എന്ന വിവരമാണ് ലഭിച്ചത്. ഇതോടെ നാട്ടുകാര്‍ സപ്ലൈകോ ഓഫിസ് അധികൃതരുമായി ബന്ധപ്പെട്ടു.
സപ്ലൈകോ ഓഫിസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെ ഉത്രാട ദിനത്തില്‍ വൈകീട്ടോടെ കട തുറന്നു. എന്നാല്‍ വളരെ കുറച്ചു പേര്‍ക്ക് മാത്രമാണ് സാധനങ്ങള്‍ നല്‍കിയത്. സാധനങ്ങള്‍ തൂക്കി നല്കാന് ആളില്ലെന്നും ചൊവ്വാഴ്ച രാവിലെ വന്നാല്‍ മതിയെന്നും പറഞ്ഞ് റേഷന്‍ വാങ്ങാന്‍ വന്നവരെയെല്ലാം തിരിച്ചയക്കുകയായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലെ എത്തിയപ്പോഴും റേഷന്‍ കട അടച്ചിട്ട നിലയിലായിരുന്നു. വീണ്ടും സപ്ലൈകോ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ വൈകുന്നേരത്തോടെ റേഷന്‍കട തുറന്നു. എന്നാല്‍ ഭൂരിഭാഗം ഉപഭോക്താക്കളും റേഷന്‍കട തുറന്ന വിവരം അറിഞ്ഞിരുന്നില്ല.
ഉത്രാടത്തിന് നല്‍കേണ്ട ആനുകൂല്യം ഇനി നല്‍കാനാവില്ലെന്നും എങ്കിലും ഉപഭോക്താക്കളെ ദുരിതത്തിലാക്കിയ കടയുടമക്കെതിരെ നടപടിയുണ്ടാകുമെന്നും സപ്ലൈകോ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."