83ലും തളരാതെ കൈസുമ്മത്താത്ത പറയുന്നു, 'കുട്ട്യാളേ ഞാന്‍ രാഷ്ട്രപതിയുടെ ആളാ'..
അരീക്കോട്: 'കുട്ട്യാളേ ഞാന്‍ രാഷ്ട്രപതിയുടെ ആളാ'. നര്‍മം കലര്‍ത്തി അഭിമാനത്തോടെ പുതുതലമുറയോട് 83 വയസ് പ്രായമുള്ള കദീശുമ്മ എന്ന കൈസുമ്മത്താത്ത ഇടക്കിടെ ഇങ്ങനെ പറയും. 2009 ലാണ് കുനിയില്‍ ആലുംകണ്ടി കദീശുമ്മ എന്ന നാട്ടുകാരുടെ കൈസുമ്മ രാഷ്ട്രപതി പ്രതിഭാ പാട്ടീലില്‍ നിന്ന് സാക്ഷരതാ അവാര്‍ഡ് ഏറ്റുവാങ്ങിയത്. 'അന്ന് പഠിച്ചോളണംന്നൊന്നും ഇല്ല,പാട്ടും പാടി കളിക്കണെ കാലല്ലെ. ന്നാലും പള്ളിക്കൂടത്തില്‍ മുടങ്ങാതെ ഞാന്‍ പോകും. ഖുര്‍ആന്‍ ഓത്ത് നല്ലോണം പഠിച്ചു. അതോണ്ട് തന്നെ പടച്ചോന്‍ ഇന്റെ രണ്ട് കണ്ണിനും ഈ വയസ്സാന്‍ കാലത്തും നല്ല കാഴ്ച തന്നതും'. കുട്ടിക്കാലത്തെ കളിയും ചിരിയും പഠനവും വരുന്നവര്‍ക്കൊക്കെ കദീശുമ്മ നര്‍മം കലര്‍ത്തി പറഞ്ഞ് കൊടുക്കും.
1990ല്‍ 72ാം വയസിലാണ് പഠനത്തിന്റെ തുടക്കം. അത് ഒരു തുടക്കമായിരുന്നു. കുനിയില്‍ ആലുംകണ്ടി ഏറാന്‍തൊടി കദീശുമ്മ രാഷ്ട്രപതി ഭവനിലെത്തിയ കഥയുടെ തുടക്കം. 1990 മുതല്‍ സാക്ഷരതാ പഠിതാവായ കദീശുമ്മ 1998ല്‍ സമീപത്ത് തുടര്‍വിദ്യാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ അതിലെ വിദ്യാര്‍ഥിയായി. നൂറ് വരെ എണ്ണാന്‍ കദിശുമ്മയെ ആരും പഠിപ്പിച്ചതല്ല. വയലില്‍ നിന്ന് നെല്ല് മെതിക്കുന്ന നേരം കറ്റകള്‍ കെട്ടുകളാക്കി വെക്കുമ്പോള്‍ ഒന്ന് മുതല്‍ 100 വരെ കദീശുമ്മ എണ്ണും. അതിനപ്പുറം എത്രയാ സംഖ്യയെന്ന് അറിവില്ല. പിന്നീട് വിദ്യാര്‍ഥികള്‍ 'അക്ഷര കൈരളി' കൈയില്‍ നല്‍കി എഴുത്തും വായനയും പഠിപ്പിച്ചു. ഇതോടെ അന്നത്തെ വിദ്യഭ്യാസ മന്ത്രിക്ക് കത്തുമെഴുതി. പഠിതാക്കള്‍ക്കായി അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ സംഘടിപ്പിച്ച മത്സര പരിപാടികളില്‍ കദീശുമ്മയും കൂട്ടുകാരികളും മൈലാഞ്ചിയിട്ട കൈകളുമായി ഒപ്പന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയെടുത്തു.
2009ല്‍ റമദാന്‍ 28ന് ആയിരുന്നു കദീശുമ്മയും വയനാട് ജില്ലയിലെ ആദിവാസി യുവതികളായ ഉഷാകേളു, ബിന്ദു ദാമോദരന്‍ എന്നിവര്‍ക്കൊപ്പം രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ വിളിച്ചുചേര്‍ത്ത വിരുന്നില്‍ കൂടാന്‍ വണ്ടി കയറിയത്. രാഷ്ട്രപതിഭവന്‍, ഇന്ത്യാഗേറ്റ്, മുഗള്‍ ഗാര്‍ഡന്‍ തുടങ്ങി മനം നിറയെ കാഴ്ചകള്‍ കണ്ടു.
രാഷ്ട്രപതിയില്‍ നിന്ന് സാക്ഷ്യപത്രം വാങ്ങി അവര്‍ക്കൊപ്പം ഇരുന്ന് ഭക്ഷണവും കഴിച്ചു. പാട്ട് പാടാന്‍ അറിയുമോ എന്ന ചോദ്യത്തിന് മുന്നില്‍ ഉത്തരം പറയാന്‍ കാത്തുനില്‍ക്കാതെ കദീശുമ്മ മൈക്കെടുത്ത് ബദര്‍ പാട്ട് പാടി. രാഷ്ട്രപതിഭവനില്‍ ബദര്‍ പാട്ടിന്റെ ധ്വനികള്‍ ഉയര്‍ത്താന്‍ സാധിച്ചതില്‍ കദീശുമ്മ ഇന്നും അഭിമാനിക്കുന്നു. പിന്നീട് കദീശുമ്മുവിന് ഒരു ആവശ്യം. അരീക്കോടിനെയും കുനിയില്‍ പ്രദേശത്തേയും ബന്ധിപ്പിക്കുന്ന പാലം വേണം. രാഷ്ട്രപതിയുടെ കാതോരമോതിയ അരീക്കോട് - കുനിയില്‍ പാലം ഇന്ന് നിര്‍മാണം പുരോഗമിച്ച് കൊണ്ടിരിക്കുന്നു.
മാര്‍ച്ച് മാസത്തില്‍ പാലം ഉദ്ഘാടനം ചെയ്യുന്നതോടെ നാട്ടുകാരുടെ കൈസുമ്മുവിന് ആഗ്രഹം സഫലമാവും.ഇന്ന് കദീശുമ്മ എഴുതാത്ത അക്ഷരങ്ങളും വായിക്കാത്ത വരികളുമില്ല. '83 വയസുള്ള ന്നെ ലോകം അറിഞ്ഞത് ഞാന്‍ പഠിച്ചിട്ടല്ലെ. കുട്ട്യാളേ ഇങ്ങളും പഠിക്കണം.മലപ്പുറം ജില്ല ഇനീം മുന്നോക്കം പോണം'. ഇതാണ് പുതുതലമുറയോടുള്ള നിര്‍ദേശം. കീഴുപറമ്പ് പഞ്ചായത്തിലെ അക്ഷരദീപം പദ്ധതിയാണു കദിശുമ്മുവിനു തുണയായത്. പരേതനായ ഏറാന്‍ തൊടി ബീരാന്‍ കുട്ടിയാണ് ഭര്‍ത്താവ്. കുട്ട്യാലി, മുഹമ്മദ്, അബ്ദുസ്സലാം, ഹൈദര്‍, അബ്ദുല്‍ കരീം എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."