വി.വി നാരായണന്‍ വൈദ്യരുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം
കൊടുങ്ങല്ലൂര്‍: നഗരസഭയുടെ ആദ്യ ചെയര്‍മാനായിരുന്ന വി.വി നാരായണന്‍ വൈദ്യരുടെ പുതുക്കിപ്പണിത സ്മൃതി മണ്ഡപം ഇന്ന് ഉദ്ഘാടനം ചെയ്യും. ചന്തപ്പുര ബസ് സ്റ്റാന്‍ഡിന് സമീപം ഒന്നര സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്മൃതി മണ്ഡപം ഗ്രാനൈറ്റ് വിരിച്ച് ചുറ്റും സംരക്ഷണ വലയം തീര്‍ത്ത് നവീകരിച്ച മണ്ഡപം ശനിയാഴ്ച വൈകീട്ട് മൂന്നിന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷനാകും. 1979 ല്‍ കൊടുങ്ങല്ലൂര്‍ പഞ്ചായത്ത് നഗരസഭയാക്കി ഉയര്‍ത്തിയതിനെ തുടര്‍ന്ന് അന്ന് പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി.വി നാരായണന്‍ വൈദ്യര്‍ നഗരസഭയുടെ പ്രഥമ ചെയര്‍മാനാകുകയായിരുന്നു. കൊടുങ്ങല്ലൂരിലെ സമ്പന്നവും പുരാതനവുമായ വള്ളോംപറമ്പത്ത് പണിക്കശ്ശേരി തറവാട്ടില്‍ ജനിച്ച ഇദ്ദേഹം ചെറുപ്പം മുതലേ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയായിരുന്നു. അവിവാഹിതനായ ഇദ്ദേഹത്തിന്റെ ജീവിതം, മരണം വരെ കാവില്‍ക്കടവ് കയര്‍ സൊസൈറ്റിയുടെ ഇടുങ്ങിയ ഒരു മുറിയിലായിരുന്നു. മരണത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂരിലെ മുഴുവന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പൗരാവലിയുടെയും അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നഗരസഭയുടെ നഗരമധ്യത്തില്‍ തന്നെയുള്ള സ്ഥലത്ത് ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്‌ക്കരിച്ചതും സ്മൃതി മണ്ഡപം സ്ഥാപിച്ചതും. കുറച്ചുകാലമായി ഈ സ്മൃതി മണ്ഡപം ശോചനീയാവസ്ഥയിലായതിനെ തുടര്‍ന്നാണ് നഗരസഭ പത്ത് ലക്ഷത്തോളം രൂപ ചിലവഴിച്ച് നവീകരണ പ്രവര്‍ത്തനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."