അസൗകര്യങ്ങളാല്‍ ശ്വാസംമുട്ടി തേക്കടി
കുമളി: ആവശ്യത്തിന് ബോട്ടുകള്‍ ഇല്ലാത്തത് തേക്കടിയുടെ വിനോദ സഞ്ചാര സാധ്യതകള്‍ക്ക് തിരിച്ചടിയാകുന്നു. അവധിക്കാലത്ത് എത്തുന്നവര്‍ ബോട്ട് യാത്ര നടത്താനാകാതെ നിരാശയോടെ മടങ്ങുകയാണ്.
ബോട്ട് ടൂറിസമാണ് തേക്കടിയുടെ മുഖ്യ ആകര്‍ഷണം. തേക്കടിയിലെ ബോട്ട് സവാരി എങ്ങനെയും നിര്‍ത്തിക്കുകയാണ് വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ലക്ഷ്യം.
പണി പൂര്‍ത്തിയാക്കിയ ബോട്ടുപോലും തടാകത്തിലിറക്കാന്‍ കഴിഞ്ഞിട്ടില്ല. തടാക യാത്രയില്‍ വന്യജീവികളെ അടുത്തു കാണാനാവുമെന്നതാണ് തേക്കടിയെ ലോക പ്രശസ്തമാക്കിയത്. എന്നാല്‍ ആവശ്യത്തിന് ബോട്ടുകളില്ലാത്തതിനാല്‍ ഇവിടെയെത്തുന്നവരില്‍ ഭൂരിഭാഗമാളുകള്‍ക്കും ഇതിനുള്ള അവസരം ലഭിക്കുന്നില്ല. തേക്കടിയില്‍ വനംവകുപ്പും കെ.ടി.ഡി.സിയുമാണ് വിനോദ സഞ്ചാരികള്‍ക്കായി ബോട്ടിങ് നടത്തുന്നത്. ഏതാനും വര്‍ഷത്തിനിടെ ബോട്ട് ടിക്കറ്റിന്റെ എണ്ണത്തില്‍ വലിയ കുറവുണ്ടായി.
തേക്കടിയില്‍ കെ.ടി.ഡി.സിക്ക് മുന്‍പ് അഞ്ച് ബോട്ടുകളുണ്ടായിരുന്നത് രണ്ടായി ചുരുങ്ങി. ജലരാജ-126, ജലസുന്ദരി-30 എന്നിങ്ങനെ കെ.ടി.ഡി.സി ബോട്ടുകളില്‍ 156 സീറ്റുണ്ട്. മാര്‍ച്ചില്‍ അറ്റകുറ്റപ്പണി നടത്തേണ്ടിയിരുന്ന 54 സീറ്റുള്ള ജലതരംഗിണി സര്‍വിസ് നടത്താതെ തീരത്ത് വിശ്രമിക്കുന്നു. വനംവകുപ്പിന് തേക്കടിയില്‍ പെരിയാര്‍, വനജ്യേത്സന എന്നീ രണ്ട് ബോട്ടുണ്ട്. ഇതില്‍ 60 പേര്‍ക്ക് വീതം യാത്ര ചെയ്യാം. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ടൂറിസം വകുപ്പ് കെ.ടി.ഡി.സിക്കുവേണ്ടി തേക്കടിയിലേക്ക് ഒരു ബോട്ട് അനുവദിച്ചിരുന്നു.
വനംവകുപ്പിന്റെ എതിര്‍പ്പുള്ളതിനാല്‍ നിര്‍മാണം പൂര്‍ത്തിയായി രണ്ടരവര്‍ഷം കഴിഞ്ഞിട്ടും ബോട്ട് തേക്കടിയിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല.
ദിവസവും അഞ്ചുതവണ ബോട്ട് സര്‍വിസുണ്ട്. മുന്‍പ് 2500 പേര്‍ക്കുവരെ സഞ്ചരിക്കാനുള്ള സൗകര്യങ്ങള്‍ തേക്കടിയിലുണ്ടായിരുന്നു. നിലവില്‍ കെ.ടി.ഡി.സി, വനംവകുപ്പ് ബോട്ടുകളിലായി 1100 പേര്‍ക്കേ അവസരമുള്ളു. എന്നാല്‍ പ്രവേശന ടിക്കറ്റെടുത്ത് തേക്കടിയിലെത്തിയ പലരും ബോട്ട് ടിക്കറ്റ് ലഭിക്കാതെ നിരാശരായി മടങ്ങുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."