മണ്ണിടിച്ചില്‍ ഭീതിയില്‍ നാല് സെന്റ് കോളനി നിവാസികള്‍
അടിമാലി: കനത്ത മഴ ദിവസങ്ങളായി തുടരുന്നതിനാല്‍ മണ്ണിടിച്ചില്‍ ഭീതിയിലാണ് അടിമാലി പതിനാലാംമൈല്‍ നാല് സെന്റ് കോളനിയിലെ താമസക്കാര്‍.
ഈ കോളനിയിലെ മിക്ക വീടുകളിലും ആളുകള്‍ കഴിഞ്ഞ് കൂടുന്നത് പേടിയോടെയാണ്. വീടിന്റെ പിന്‍ഭാഗത്ത് മണ്ണിടിഞ്ഞും മുറ്റം ഇടിഞ്ഞും പല വീടുകളും അപകടാവസ്ഥയിലാണ്. വലിയൊരു മൊട്ടകുന്നിന്റെ ചെരുവിലാണ് വീടുകളെല്ലാം സ്ഥിതി ചെയ്യുന്നത്. ഒരു വീടിന്റെ മുറ്റം ഇടിഞ്ഞാല്‍ മണ്ണ് പതിക്കുന്നത് മറ്റൊരു വീടിന്റെ ഭിത്തിയിലേക്കാണ്.
ഇത് വന്‍ അപകട ഭീതിയാണ് പരത്തുന്നത്. മിക്ക വീടുകളുടേയും സംരക്ഷണ ഭിത്തി നിര്‍മിച്ചിരിക്കുന്നത് ചാക്കുകളില്‍ മണ്ണ് നിറച്ചാണ്. മണ്ണിടിഞ്ഞ് ഭിത്തിക്ക് വിള്ളല്‍ വീണ വീടുകളും നിരവധിയാണ്. ഭൂരിപക്ഷം വീടുകളും മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. 1981 ലാണ് 2.40 ഏക്കര്‍ സ്ഥലം കോളനിക്കായി സര്‍ക്കാര്‍ നല്‍കിയത്.
ഇപ്പോള്‍ അന്‍പതോളം കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. അടിയന്തിരമായി സംരക്ഷണ ഭിത്തികള്‍ നിര്‍മിച്ച് നല്കാന് പഞ്ചായത്ത് തയാറകണമെന്ന് കോളനി നിവാസികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."