മെക്‌സിക്കോ ഭൂകമ്പം: മരണസംഖ്യ 61 ആയി
മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയുടെ തെക്കന്‍ തീരങ്ങളിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ സംഖ്യ 61 ആയി. ഭൂകമ്പം നടന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും കെട്ടിടാവശിഷ്ടങ്ങള്‍ക്കും മറ്റും ഇടയില്‍പെട്ടവരെ കണ്ടെത്താനായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ദുരന്തത്തില്‍ 200 പേര്‍ക്ക് പരുക്കേറ്റതായി മെക്‌സിക്കോ പ്രസിഡന്റ് എന്റിക്വ പെന നീറ്റോ അറിയിച്ചു.
അതിനിടെ വെള്ളിയാഴ്ച മെക്‌സിക്കന്‍ സംസ്ഥാനമായ വെറാക്രൂസില്‍ ആഞ്ഞടിച്ച കാത്യ ചുഴലിക്കാറ്റ് നിയന്ത്രണവിധേയമായതായി യു.എസ് ദേശീയ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റിന്റെ ശക്തി കുറഞ്ഞുവരികയാണെന്നാണു വിവരം. എന്നാല്‍, ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഇപ്പോഴും തുടരുന്നുണ്ട്. കാറ്റഗറി ഒന്നില്‍പെട്ട ചുഴലിക്കാറ്റാണ് കാത്യ. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മെക്‌സിക്കോയില്‍ നൂറ്റാണ്ടിലെ ഏറ്റവും തീവ്രമായ ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 8.1 ആണ് ഭൂകമ്പം രേഖപ്പെടുത്തിയത്. ഇതേതുടര്‍ന്ന് 8.2 രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളുമുണ്ടായിട്ടുണ്ട്. രാജ്യത്തിന്റെ തീരപ്രദേശങ്ങളില്‍ ചെറിയ സുനാമിയുമുണ്ടായിരുന്നു.
മെക്‌സിക്കൊ സംസ്ഥാനങ്ങളായ ചിയാപാസ്, ടബാസ്‌കോ, ഒയാക്‌സാക എന്നിവിടങ്ങളെയാണ് ഭൂകമ്പം കാര്യമായി ബാധിച്ചത്. ഇവിടെ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുന്നതായാണു വിവരം. ഭൂകമ്പം കൂടുതല്‍ നാശം വിതച്ച ഒയാക്‌സാക, ജൂചിറ്റാന്‍ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ പൊലിസിനെയും അടിയന്തര സഹായ സാമഗ്രികളെയും അയച്ചിട്ടുണ്ട്. ഒയാക്‌സാകയില്‍ 45ഉം ചിയാപാസില്‍ 12ഉം ടബാസ്‌കോയില്‍ നാലും പേരാണു മരിച്ചത്.
പിജിജിയാപ്പന്‍ നഗരത്തിന്റെ 123 കി.മീറ്റര്‍ അകലെ തെക്കു പടിഞ്ഞാറു പ്രദേശമാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 70 കി.മീറ്റര്‍ ആഴത്തില്‍ പ്രകമ്പനമുണ്ടായതായി യു.എസ് ഭൗമശാസ്ത്ര സര്‍വേ വൃത്തങ്ങള്‍ അറിയിച്ചു. അഞ്ചിലേറെ തവണ തുടര്‍ചലനങ്ങളുണ്ടായിട്ടുണ്ട്. തലസ്ഥാനമായ മെക്‌സിക്കന്‍ സിറ്റിയിലും പ്രകമ്പനമുണ്ടായി.
പത്തു ലക്ഷത്തോളം പേരെയാണ് ഭൂകമ്പം ബാധിച്ചത്. ഇതിന്റെ പ്രകമ്പനം അമേരിക്കന്‍ നഗരമായ ടെക്‌സാസിലെ ഓസ്റ്റിന്‍ വരെ അനുഭവപ്പെട്ടിരുന്നു. 1985ല്‍ നാല് മെക്‌സിക്കന്‍ സംസ്ഥാനങ്ങളില്‍ ആയിരങ്ങളുടെ മരണത്തിനിടയാക്കിയ ദുരന്തമായിരുന്നു ഇതിനുമുന്‍പ് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ഭൂകമ്പം.
മെക്‌സിക്കോയുടെ അയല്‍രാജ്യങ്ങളായ ഗ്വാട്ടിമാല, എല്‍സാല്‍വദോര്‍, കോസ്റ്റാറിക്ക, നിക്കരാഗ്വെ, പനാമ, ഹോണ്ടുറാസ് എന്നിവിടങ്ങളിലെല്ലാം അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."