വിരുന്നുകാരി
യാത്രയിലലസമായി പാറുന്ന മുടിയിഴകള്‍, പലപ്പോഴും ചിന്തകളുടെ ഒഴുക്കിനെ തടയിട്ടിരുന്നു. കാറ്റിനനുസരിച്ചു നൃത്തം വയ്ക്കുന്ന മുടിയിഴകളെ ഒതുക്കിവയ്ക്കാന്‍ ദേവു വല്ലാതെ പണിപ്പെടുന്നുണ്ടായിരുന്നു. അപ്പോഴൊക്കെയും അവളുടെ ചിന്തകളിലാകെ ഒരു ചോദ്യം മുഴങ്ങിക്കൊണ്ടേയിരുന്നു. ഞാനാര്?
ഉത്തരങ്ങള്‍ തേടി മനസതിന്റെ വഴിയില്‍ പായുമ്പോഴും പലപ്പോഴും പല ചോദ്യങ്ങള്‍ക്കുമുത്തരം കണ്ടെത്താനവള്‍ക്കായില്ല. ആര്‍ക്കാണു തെറ്റിയത്? ഞാനനാഥ ആയിരുന്നില്ലല്ലോ, അച്ഛനാണോ അമ്മയാണോ അങ്ങനെ ഒരു തീരുമാനമെടുത്തത്? അച്ഛനും അമ്മയുമുണ്ടായിട്ടും അനാഥബാല്യം പേറേണ്ട താനെന്ന കുഞ്ഞുദേവുവിനെ സ്‌നേഹിക്കാനാരുമുണ്ടായില്ലല്ലോ?
കുഞ്ഞുദേവൂട്ടിയുടെ മനസിലെ ബിംബങ്ങളാകാന്‍ അവര്‍ക്കതു കൊണ്ടല്ലേ പറ്റാഞ്ഞത്. അച്ഛനുമമ്മയ്ക്കും സഹോദരങ്ങള്‍ കൊടുക്കുന്ന സ്ഥാനമൊന്നും ദേവൂട്ടിയുടെ മനസിലുണ്ടായിട്ടില്ലായിരുന്നു എന്നതാണു സത്യം.
അവരുടെ കുറ്റം കൊണ്ടു തന്നെയല്ലേ ദേവൂട്ടി ഇങ്ങനെ ആയത്. അമ്മിഞ്ഞപ്പാലിന്റെ മാധുര്യം നുണയാനൊരിക്കല്‍ ദേവൂട്ടിക്കും കൊതിയുണ്ടായിക്കാണില്ലേ? താരാട്ടുകേള്‍ക്കാനും, അച്ഛന്റെ വിരലില്‍ തൂങ്ങിനടക്കാനും കൊതിക്കാത്തതാരാണ്? അമ്മയുടെ മാറിലെ ചൂടു പറ്റാന്‍ മോഹമില്ലാത്തതാര്‍ക്കാണ്? ആരാണിതെല്ലാം ദേവൂട്ടിയ്ക്കു നിഷേധിച്ചത്? കാലത്തെയും വിധിയേയുമെന്തിനാണു പഴിക്കുന്നത്?
ജീവിതത്തിലെ ചില പ്രത്യേക ഘട്ടങ്ങളിലുചിതമായ തീരുമാനങ്ങള്‍ അച്ഛനുമമ്മയുമെടുക്കാത്തതുകൊണ്ടു നഷ്ടമായത് ദേവൂട്ടിയുടെ സ്വപ്‌നങ്ങളായിരുന്നില്ലേ? അമ്മയെയും അച്ഛനെയും ഒരു പരിധിക്കപ്പുറം സ്‌നേഹിക്കാന്‍ തനിക്കു പറ്റാത്തതും അവരുടെ അന്നത്തെ ആ ഒരു നിലപാടു കൊണ്ടായിരിക്കില്ലേ?
ആരാണെനിക്കവര്‍? ഓണത്തിനുമുത്സവത്തിനും പുത്തനുടുപ്പും മധുര പലഹാരങ്ങളുമായി വരുന്ന വിരുന്നുകാര്‍ മാത്രം? സഹോദരങ്ങളെ സ്‌നേഹിക്കാന്‍ പഠിപ്പിക്കാഞ്ഞതും അവരെ അന്യരായിക്കണ്ടതും ആരുടെ കുറ്റമാണ്? കുഞ്ഞു മനസില്‍ സ്‌നേഹത്തിന്റെ വിത്തു വിതയ്ക്കുന്നതിനു പകരം വിഷാദവും ഒറ്റപ്പെടലും സമ്മാനിച്ചതവര്‍ തന്നെയല്ലേ?
ദേവൂട്ടിയുടെ മനസിന്റെ വേദന അന്നുമിന്നും ആരും കണ്ടില്ല, അല്ലെങ്കില്‍ കാണാന്‍ ശ്രമിച്ചില്ല, അതല്ലേ സത്യവും. കൂട്ടുകാരൊക്കെ അച്ഛന്റെയുമമ്മയുടേം സ്‌നേഹവാത്സല്യങ്ങള്‍ വര്‍ണിക്കുമ്പോള്‍ നിശബ്ദതയുടെ താഴ്‌വരയില്‍ ഒളിച്ചിരിക്കുകയായിരുന്നില്ലേ പാവം ദേവൂട്ടി.
ഒറ്റപ്പെടലുകളും ഏകാന്തതയും മനസിനെ തടവറയിലിട്ടു പൂട്ടിയപ്പോഴും ആരോടും ദേവൂട്ടി പരിഭവം പറഞ്ഞില്ല. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മാതൃവാത്സല്യമെന്തെന്നറിയാത്ത കുട്ടിയായിരുന്നില്ലേ താന്‍, സ്‌കൂളവധികള്‍ അച്ഛനോടുമമ്മയോടുമൊപ്പം ആഘോഷിക്കുമെങ്കിലും എവിടെയൊക്കെയോ ആരൊക്കെയോ അപരിചിതത്വത്തിന്റെ നിഴലുകളായി മനസിലിടം നേടിയത് അവളാരെയുമറിയിച്ചിരുന്നില്ലല്ലോ, അവളിലെ കുഞ്ഞുനൊമ്പരങ്ങളാരും മനസിലാക്കിയതുമില്ലല്ലോ.
സ്വന്തം വീട്ടിലെ വിരുന്നുകാരി മാത്രമല്ലേ ദേവൂട്ടി, അനുവാദം ചോദിക്കാതെ ഒന്നും സ്വന്തമാക്കാന്‍ മനസനുവദിക്കാത്തവള്‍, അച്ഛനുമമ്മയും സഹോദരങ്ങളും ആതിഥേയരായി, താനെന്ന അതിഥിയെ സല്‍കരിക്കുന്ന കാഴ്ച കാണാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യ മാത്രം. ദേവൂട്ടിയുടെ നൊമ്പരമെന്നും അവളുടെ മാത്രം സ്വന്തമായിരുന്നു, അതായിരുന്നു അവളുടെ ഇഷ്ടവും. തന്റെ ദുഃഖങ്ങള്‍ എന്നും തന്റേതു മാത്രമാക്കി, സ്വന്തം വീട്ടില്‍ വിരുന്നുകാരിയായി വിരുന്നുണ്ണാനെത്തുന്ന അതിഥി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."