ഗണേഷിന്റെ ദിലീപ് അനുകൂല പ്രസ്താവന കേരളാ കോണ്‍ഗ്രസി(ബി)ന്റെ രാഷ്ട്രീയമോഹങ്ങള്‍ക്ക് തിരിച്ചടി
കൊല്ലം: ദിലീപിനെ പിന്തുണച്ച് പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ്‌കുമാര്‍ രംഗത്തുവന്നതോടെ, കേരളാ കോണ്‍ഗ്രസ് ബിയുടെ രാഷ്ട്രിയ മോഹങ്ങള്‍ക്കാണ് തിരിച്ചടിയായത്.
ഇടതുമുന്നണിയില്‍ ഘടകകക്ഷിയാകാമെന്ന കേരള കോണ്‍ഗ്രസ് (ബി)യുടെ മോഹമാണ് കെ.ബി ഗണേഷ്‌കുമാറിന്റെ ദിലീപ് പരാമര്‍ശത്തില്‍ തട്ടി പൊലിയുന്നത്.
ദിലീപിനെ അനുകൂലിച്ച് ഗണേഷ് കുമാര്‍ നടത്തിയ പരസ്യപ്രസ്താവനക്കെതിരേ നടിക്കെതിരായ ആക്രമണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിക്കുന്നതോടെ ചിത്രങ്ങള്‍ മാറിമറിയും.
ദിലീപില്‍ നിന്ന് ആനുകൂല്യം പറ്റിയവരൊന്നും ഇപ്പോള്‍ ദിലീപ് പ്രശ്‌നത്തില്‍പ്പെട്ടപ്പോള്‍ മിണ്ടുന്നില്ലെന്നും അത് അവസാനിപ്പിച്ച് ജയിലിലെത്തി ദിലീപിനെ കാണണമെന്നുമാണ് ഗണേഷ്‌കുമാര്‍ പറഞ്ഞത്.
ഇടതുമുന്നണിക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കുകയും ഇടതുപിന്തുണയോടെ മത്സരിക്കുകയും ചെയ്ത കേരള കോണ്‍ഗ്രസ് ബിയുടെ ഏക എം.എല്‍.എയാണ് ഗണേഷ്. പാര്‍ട്ടിയെ മുന്നണി ഘടകക്ഷിയാക്കാന്‍ ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കെയാണ് മകന്റെ വിവാദ പ്രസ്താവന.
അതിനോട് സി.പി.എം നേതൃത്വം പൂര്‍ണമായും എതിര്‍പ്പു പറഞ്ഞിട്ടുമില്ല. മാത്രമല്ല, സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ക്യാബിനറ്റ് റാങ്കോടെ പിള്ളയ്ക്ക് നല്‍കുകയും ചെയ്തിരുന്നു.
നിയമസഭയില്‍ ഇടതുമുന്നണി എം.എല്‍.എയായിത്തന്നെയാണ് ഗണേഷ്‌കുമാര്‍ സംസാരിക്കുന്നതും തീരുമാനങ്ങളെടുക്കുന്നതും.
ഇടതുമുന്നണി ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗവുമായി ലയിച്ച് ഘടകക്ഷിയാകാന്‍ ഇടക്കാലത്ത് ശ്രമിച്ചെങ്കിലും സ്‌കറിയാ തോമസും പിള്ളയും തമ്മിലുള്ള 'മൂപ്പിളമ'തര്‍ക്കത്തില്‍പ്പെട്ട് അത് പൊലിഞ്ഞുപോവുകയായിരുന്നു.
അതിനിടയിലാണ് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ദിലിപിനെ പിന്തുണച്ച് ഗണേഷ്‌കുമാര്‍ വെട്ടിലായത്.
സര്‍ക്കാരും സി.പി.എമ്മും ഈ അന്വേഷണത്തെ ശക്തമായി പിന്തുണച്ചാണ് മുന്നോട്ടു പോകുന്നത്.
അതിനിടെ അതിനെതിരേ ഒരു ഭരണപക്ഷാനുകൂല എം.എ.എല്‍.എയുടെ ഭാഗത്തു നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശങ്ങളാണ് ഗണേഷ്‌കുമാറില്‍ നിന്നുണ്ടായതെന്നാണ് സി.പി.എമ്മിന്റെ നിലപാട്.
അത് ഗണേഷിനേയും ബാലകൃഷ്ണപിള്ളയേയും സി.പി.എം നേതൃത്വം അറിയിച്ചു കഴിഞ്ഞതായും സൂചനയുണ്ട്.
പാര്‍ട്ടിയെ മുന്നണിയിലെടുത്താല്‍ ഏതാനും പൊതുമേഖലാ സ്ഥാപനങ്ങളില്‍ക്കൂടി പദവികള്‍ ലഭിക്കുമെന്നും പാര്‍ട്ടിക്ക് കൂടുതല്‍ സംഘടനാശേഷി ഉണ്ടാക്കാന്‍ മുന്നണി പ്രവേശം സഹായകമാകുമെന്നുമുള്‍പ്പെടെ പിള്ളയും മറ്റു നേതാക്കളും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അതെല്ലാം ഒറ്റയടിക്ക് ഒരു പ്രസ്താവനയിലൂടെ ഇല്ലാതാക്കിയെന്ന പരാതി സ്വന്തം പക്ഷത്തു നിന്നും നേരിടുകയാണ് ഗണേഷ്‌കുമാര്‍.
കൂടാതെ, ഗണേഷ്‌കുമാറിനെതിരേ സി.പി.എമ്മിന് പിറകേ കൊല്ലത്തെ എല്‍.ഡി.എഫിനുള്ളിലും പത്തനാപുരം നിയോജകമണ്ഡലത്തിലും പ്രതിഷേധം ശക്തമാകുന്നു.
എല്‍.ഡി.എഫ് വോട്ട് നേടി വിജയിച്ച എം.എല്‍.എയുടെ നടപടി മുന്നണിയ്ക്ക് തീരാകളങ്കമാണെന്നും മുന്നണിയുടെ പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്ന എം.എല്‍.എയുടെ ചെയ്തികള്‍ അവസാനിപ്പിക്കണമെന്നും വിവരിക്കുന്ന ജില്ലാകമ്മിറ്റിയുടെ പരാതി സംസ്ഥാനേതൃത്വത്തിന് ഉടന്‍ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."