തണ്ണീര്‍മുക്കം ബണ്ട് ഒരു വര്‍ഷം തുറന്നിടണമെന്ന് കക്ക തൊഴിലാളി യൂനിയന്‍
മുഹമ്മ: വേമ്പനാട്ടു കായലിലെ മലിനീകരണം തടയാനും കക്കാ മത്സ്യ വംശ വര്‍ധനവിനും തണ്ണീര്‍മുക്കം ബണ്ട് പരീക്ഷണാടിസ്ഥാനത്തില്‍ ഒരു വര്‍ഷം തുറന്നിടണമെന്ന് ജില്ലാ കക്കാ തൊഴിലാളി യൂനിയന്‍ സി ഐ ടി യു എട്ടാം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.
മല്ലി കക്കാ വാരി നശിപ്പിക്കുന്നതിനെതിരെ കര്‍ശന പരിശോധനയും നടപടിയും സ്വീകരിക്കുക. കക്കാ വ്യവസായ മേഖലയില്‍ ആധുനിക വല്‍ക്കരണം നടപ്പാക്കുക, കായല്‍ മലിനീകരണം തടയാന്‍ ബോധവല്‍ക്കരണവും നിയമ നടപടിയും സ്വീകരിക്കുക, കക്കാ തൊഴിലാളികള്‍ക്ക് ക്ഷേമ പദ്ധതി നടപ്പാക്കുക, കക്കാ വ്യവസായത്തെ ജി എസ് ടിയില്‍ നിന്നും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം പ്രമേയത്തിലൂടെ ഉന്നയിച്ചു. കെ എന്‍ മാധവന്‍ നഗറില്‍(ഗൗരി നന്ദനം ഓഡിറ്റോറിയം) ചേര്‍ന്ന സമ്മേളനത്തിന് മുന്നോടിയായി യൂനിയന്‍ പ്രസിഡന്റ് പി എസ് ഷാജി പതാക ഉയര്‍ത്തി. പി എന്‍ ദാസന്‍ രക്തസാക്ഷി പ്രമേയവും കെ എന്‍ ബാഹുലേയന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സമ്മേളനം സി ഐ ടി യു സംസ്ഥാന സെക്രട്ടറി എന്‍ പത്മലോചനന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി ഡോ.ടി എം തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തി. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി വേമ്പനാട്ടു കായലിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ പദ്ധതി തയാറാക്കുമെന്ന് മന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. കായലിന്റെ അടിത്തട്ടില്‍ അടിഞ്ഞുകൂടിയിട്ടുള്ള പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ ഇനിയും നീക്കം ചെയ്തില്ലെങ്കില്‍ കക്കയുടെയും മത്സ്യത്തിന്റെയും നിലനില്‍പ്പ് അസാധ്യമാണ്. കക്കാവ്യവസായ സംഘങ്ങള്‍ മുന്നോട്ടുവന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യണം.
കക്കയുടെ വിഭവ ശോഷണത്തെ തടയുന്നതിന് കര്‍മപരിപാടി വേണം. ലഭ്യതയില്ലാത്ത പ്രദേശങ്ങള്‍ തെരഞ്ഞെടുത്ത് ഇവയുടെ പ്രജന കേന്ദ്രമാക്കണം. കൂടാതെ പരിമിതമായെങ്കിലും ലഭിക്കുന്ന കക്ക ശാസ്ത്രീയമായി സംസ്‌ക്കരിച്ച് ഉയര്‍ന്ന വിലയ്ക്ക് ബ്രാന്റഡ് ഉല്‍പന്നമായി വില്‍ക്കണം.
മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചും കക്കാമേഖലയെ രക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. പി എസ് ഷാജി അധ്യക്ഷനായി. സി ഐ ടി യു ഏരിയ സെക്രട്ടറി എന്‍ പി സ്‌നേഹജന്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സി കെ സുരേന്ദ്രന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സി ഡി തങ്കപ്പന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."