ഇടുക്കി പവര്‍ ഹൗസില്‍ വാര്‍ഷിക അറ്റകുറ്റപ്പണി മാറ്റിവച്ചു
തൊടുപുഴ: പവര്‍ എക്‌സ്‌ചേഞ്ചില്‍ വൈദ്യുതി വില ഉയര്‍ന്ന സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാനായി കെ.എസ്.ഇ.ബി ആഭ്യന്തര ഉല്‍പാദനം കുത്തനെ ഉയര്‍ത്തി. ഇടുക്കി പവര്‍ ഹൗസിലെ വാര്‍ഷിക അറ്റകുറ്റപ്പണി അടക്കം മാറ്റിവച്ച് പവര്‍ ഹൗസുകളിലെ ജനറേറ്ററുകള്‍ ഉല്‍പാദന സജ്ജമാക്കാന്‍ കെ.എസ്.ഇ.ബി, ജനറേഷന്‍ വിഭാഗത്തിന് നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉല്‍പാദനം 25.139 ദശലക്ഷം യൂനിറ്റായി ഉയര്‍ത്തി.
കഴിഞ്ഞ മൂന്നുമാസത്തിനുള്ളിലെ ഉയര്‍ന്ന ഉല്‍പാദനമാണിത്. വരുംദിവസങ്ങളില്‍ ഉല്‍പാദനം ഇനിയും ഉയര്‍ത്താനാണ് സാധ്യത. ഇടുക്കിയിലെ അഞ്ചാം നമ്പര്‍ ജനറേറ്റര്‍ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി മൂന്നു ദിവസം മുന്‍പ് ഷട്ട്ഡൗണ്‍ ചെയ്തിരുന്നു. എന്നാല്‍ പീക്ക് ലോഡ് സമയത്തെ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ബോര്‍ഡ് നിര്‍ദേശത്തെത്തുടര്‍ന്ന് അറ്റകുറ്റപ്പണി മാറ്റിവച്ച് ഉല്‍പാദനത്തിന് തയാറാക്കുകയായിരുന്നു.
യൂനിറ്റിന് 9.60 രൂപയാണ് പവര്‍ എക്‌സ്‌ചേഞ്ച് ഇന്ത്യാ ലിമിറ്റഡില്‍ (പി.എക്‌സ്.ഐ.എല്‍) ഇന്നലെ വൈദ്യുതി വില. കെ.എസ്.ഇ.ബി ക്വട്ടേഷന്‍ നല്‍കിയിരുന്നത് യൂനിറ്റിന് ഏഴ് രൂപ നിരക്കിലാണ്. പശ്ചിമബംഗാള്‍ അടക്കമുള്ള ഏതാനും സംസ്ഥാനങ്ങള്‍ ഇന്നലെ പി.എക്‌സ്.ഐ.എല്‍ വൈദ്യുതി വാങ്ങി.
ഏഴുരൂപയ്ക്ക് മുകളില്‍ വൈദ്യുതി വാങ്ങിയാല്‍ ഒരുതരത്തിലും പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് കെ.എസ്.ഇ.ബി വൃത്തങ്ങള്‍ പറഞ്ഞു. അതിനാല്‍ ആഭ്യന്തര ഉല്‍പാദനം ഉയര്‍ത്തി പ്രശ്‌നം പരിഹരിക്കാനാണ് കെ.എസ്.ഇ.ബി യുടെ ശ്രമം. കഴിഞ്ഞ ഒരുമാസത്തോളമായി പ്രതീക്ഷയ്ക്കപ്പുറത്ത് മഴ ലഭിക്കുന്നതിനാല്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ആശാവഹമാണ്. ശേഷിയുടെ 54 ശതമാനം വെള്ളം ഇപ്പോള്‍ അണക്കെട്ടുകളിലുണ്ട്. ഇടുക്കി പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസിലെ വൈദ്യുതി ഉല്‍പാദനം 4.57 ദശലക്ഷം യൂനിറ്റായി ഉയര്‍ത്തി.
130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകളില്‍ മൂന്നാം നമ്പര്‍ പുനരുദ്ധാരണത്തിലാണ്. വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി ഷട്ട് ഡൗണ്‍ ചെയ്ത അഞ്ചാം നമ്പര്‍ ജനറേറ്ററാണ് പണി മാറ്റിവച്ച് ചാര്‍ജ് ചെയ്തത്. ശബരിഗിരി 4.515, കുറ്റ്യാടി 3.796, നേര്യമംഗലം 1.821, ലോവര്‍പെരിയാര്‍ 3.456, പൊരിങ്ങല്‍കുത്ത് 1.03, ഇടമലയാര്‍ 0.63, പള്ളിവാസല്‍ 0.64, ഷോളയാര്‍ 0.16, മലങ്കര 0.10 ദശലക്ഷം യൂനിറ്റ് എന്നിങ്ങനെയായിരുന്നു വിവിധ പദ്ധതികളിലെ ഉല്‍പാദനം.
2238.49 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഇപ്പോള്‍ സംഭരണികളിലുണ്ട്. ഇത് കഴിഞ്ഞ വര്‍ഷം ഇതേദിവസത്തേക്കാള്‍ 4.438 ദശലക്ഷം യൂനിറ്റ് അധികമാണ്. 66.366 ദശലക്ഷം യൂനിറ്റായിരുന്നു സംസ്ഥാനത്തെ ഇന്നലത്തെ വൈദ്യുതി ഉപഭോഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."