യോഗ്യതാ മാനദണ്ഡങ്ങള്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ പുനപ്പരിശോധിക്കുന്നു
പട്യാല: ലോക ചാംപ്യന്‍ഷിപ്പിലെ ടീം തെരഞ്ഞെടുപ്പില്‍ കടുത്ത വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ പുനപ്പരിശോധിക്കുന്നു. അടുത്ത വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവ മുന്നില്‍ കണ്ടാണ് പുതിയ തീരുമാനം.
ലണ്ടനിലെ ലോക അത്‌ലറ്റിക് മീറ്റില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം പരിതാപകരമായിരുന്നുവെന്നാണ് അത്‌ലറ്റിക് ഫെഡറേഷന്റെ വിലയിരുത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ആസൂത്രണം, പരിശീലനം, അവ നടപ്പാക്കല്‍ എന്നീ വിഷയത്തില്‍ അസോസിയേഷന്‍ അംഗങ്ങള്‍ തമ്മില്‍ പുതിയ ധാരണയിലെത്തിയിട്ടുണ്ട്.
അടുത്ത ദിവസം തന്നെ പുതിയ മാനദണ്ഡങ്ങള്‍ താരങ്ങളെ അറിയിക്കും. താരങ്ങളുടെ പ്രകടനങ്ങളുടെ പോരായ്മയെ കുറിച്ച് കോച്ച് ബഹാദൂര്‍ സിങിനെ അറിയിച്ചിട്ടുണ്ടെന്ന് എ.എഫ്.ഐ പ്രസിഡന്റ് ആദില്ലെ സുമരിവാല പറഞ്ഞു. ഇനിമുതല്‍ പരിശീലകരുടെ നിലവാരവും ഫെഡറേഷന്‍ പരിശോധിക്കും. നിലവാരമില്ലാത്തവരെ പദവിയില്‍ നിന്ന് മാറ്റും. ഓരോ ടൂര്‍ണമെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തൂ എന്ന് സുമരിവാല പറഞ്ഞു.
2020 ഒളിംപിക്‌സാണ് ലക്ഷ്യം. 400 മീറ്റര്‍, 4-400 മീറ്റര്‍ റിലേ, ജാവലിന്‍ ത്രോ എന്നിവയില്‍ ടീം ഒരുപാട് മുന്നേറാനുണ്ടെന്നും സുമരിവാല കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."