ട്രാഫിക് പൊലിസ് പറയുന്നു: 'എരിയുന്ന വെയിലിലെ തീയല്ല പ്രശ്‌നം'
കോഴിക്കോട്: ഗതാഗതക്കുരുക്കില്‍പ്പെടുമ്പോള്‍ വാച്ചില്‍ നോക്കി നെടുവീര്‍പ്പിടുന്നവരും മുന്നിലുള്ള വാഹനങ്ങളെ മറികടന്ന് മുന്നിലെത്താന്‍ ശ്രമിക്കുന്നവരും ഒടുവില്‍ പഴിപറയുന്നത് ട്രാഫിക് പൊലിസുകാരെയാണ്. എന്നാല്‍ എലത്തൂര്‍ മുതല്‍ രാമനാട്ടുകര നിസരി ജങ്ഷന്‍ വരെയുള്ള 183 ചതുരശ്ര കിലോമീറ്റര്‍ പരിധിയിലെ ഗതാഗതസംവിധാനം നിയന്ത്രിക്കേണ്ട സിറ്റി ട്രാഫിക് പൊലിസുകാര്‍ ആരെയും പഴിക്കാതെ ദുരിതം സഹിക്കുകയാണ്.
ജോലിക്രമത്തില്‍ മേലുദ്യോഗസ്ഥര്‍ വരുത്തുന്ന പരിഷ്‌കാരങ്ങളും അംഗബലത്തിലുള്ള കുറവും ദീര്‍ഘവീക്ഷണത്തോടെയല്ലാതെ നിര്‍മിക്കുന്ന റോഡുകളും ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിലുള്ള ഡ്രൈവര്‍മാരുടെ നിസ്സംഗതയും ഗതാഗത നിയന്ത്രണത്തിന് ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതിന് അധികൃതര്‍ മുന്‍കൈ എടുക്കാത്തതും ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങളാണ് ജില്ലയിലെ ട്രാഫിക് പൊലിസുകാര്‍ അനുഭവിക്കുന്നത്. അനുദിനം ശരാശരി ആറ് അപകട കേസുകള്‍ ഉള്‍പ്പെടെ പത്തിലധികം കേസുകളാണ് സിറ്റി ട്രാഫിക് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഒരു മാസത്തില്‍ 150-ലധികം ക്രൈം കേസുകളും രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. ജോലി സംബന്ധമായി വരുത്തുന്ന പരിഷ്‌കാരങ്ങളാണ് ഇവര്‍ക്കു പ്രധാനമായും വെല്ലുവിളിയാകുന്നത്. 15 സ്റ്റാഫ് ഡ്യൂട്ടിയെടുത്തതിനു ശേഷം മാത്രം രാത്രി ഡ്യൂട്ടിയെടുത്താല്‍ മതിയെന്ന കീഴ്‌വഴക്കത്തില്‍ മാറ്റംവരുത്തി ആറാം ദിനം രാത്രി ഡ്യൂട്ടിയെടുക്കണമെന്നാണ് പുതിയ പരിഷ്‌കാരത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ആറും എട്ടും മണിക്കൂര്‍ റോഡില്‍ വെയിലും പൊടിയുമേറ്റ് സേവനം ചെയ്യുന്ന പൊലിസുകാരന്റെ മാനസികാവസ്ഥ മനസിലാക്കാതെയാണ് സിറ്റി പൊലിസ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഇത്തരത്തിലുള്ള നിലപാടുകള്‍ സ്വീകരിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കൂടാതെ പരാതി പരിഹാര സെല്ലിലെ അംഗങ്ങളെ ട്രാഫിക് പോയിന്റലേക്ക് മാറ്റാനുള്ള നീക്കവും നടക്കുന്നു. കേസുമായി ബന്ധപ്പെട്ട് ട്രാഫിക് സ്റ്റേഷനില്‍ കയറിയിറങ്ങുന്നവരുടെ ദുരിതം ഇരട്ടിയാക്കുന്നതാണ് പുതിയ നടപടികള്‍. അന്വേഷണ ഉദ്യോഗസ്ഥന്റെ മേല്‍ അധികഭാരമേല്‍പ്പിക്കുമ്പോള്‍ സാധാരണക്കാരനു ലഭിക്കേണ്ട നീതിയാണ് വൈകുന്നത്. ഇരുപതോളം ഒഴിവുകള്‍ നികത്താത്തതും ട്രാഫിക് പൊലിസുകാരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. രാജ്യാന്തര നിലവാരത്തില്‍ ആറു റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചെങ്കിലും നഗരത്തിലെ ഗതാഗതക്കുരുക്കിന് ഇതുവരെ കാര്യമായ പരിഹാരമായിട്ടില്ല.
മാവൂര്‍ റോഡ്, സ്റ്റേഡിയം ജങ്ഷനുകളിലുള്‍പ്പെടെ ലെഫ്റ്റ് ഫ്രീ വേ സംവിധാനം ഇപ്പോഴും കാര്യക്ഷമമല്ലാത്തതും അമിതമായ വാഹനപ്പെരുപ്പവും പൊലിസുകാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ ഡ്രൈവര്‍മാര്‍ തയാറാകാത്തതും ഉള്‍പ്പെടെ ഗതാഗതക്കുരുക്കിന് കാരണം നിരവധിയാണ്. നിയമലംഘനം നടത്തുന്നവരെ പിടികൂടാന്‍ ജങ്ഷനുകളില്‍ സ്ഥാപിച്ച കാമറകളുടെ പ്രവര്‍ത്തനവും കാര്യക്ഷമമല്ല. വാഹനങ്ങളുടെ നമ്പര്‍ ലഭിക്കുന്ന തരത്തില്‍ കാര്യക്ഷമമായ കാമറകള്‍ ഇല്ലെന്നതും പോരായ്മയാണ്. മാന്യമായ ഡ്രൈവിങ് സംസ്‌കാരം ശീലമാക്കാത്തതാണ് ഗതാഗതപ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് ട്രാഫിക് അധികൃതരുടെ പക്ഷം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."