റെയില്‍ ഫെന്‍സിങ് നിര്‍മാണം; ഒരു മാസത്തിനകം തുടങ്ങുമെന്ന് വനം വകുപ്പ്
കാട്ടിക്കുളം: നീണ്ട കാത്തിരിപ്പിനൊടുവില്‍ കൃഷിയിടങ്ങളോട് ചേര്‍ന്ന വനാതിര്‍ത്തികളില്‍ റയില്‍ ഫെന്‍സിങ് നിര്‍മിക്കാന്‍ തീരുമാനമായി.
ആദ്യഘട്ടത്തില്‍ കാട്ടിക്കുളം പാല്‍വെളിച്ചം ഭാഗത്താണ് നിര്‍മാണം ആരംഭിക്കുകയെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിനായി ഒന്‍പത് കോടിരൂപയാണ് ആദ്യ ഘട്ടത്തില്‍ അനുവദിച്ചിരിക്കുന്നത്.
തിരുനെല്ലി പഞ്ചായത്തും മാനന്തവാടി നഗരസഭയും അതിര്‍ത്തി പങ്കിടുന്ന പാല്‍വെളിച്ചം ഭാഗത്ത് നിന്ന് ആറ് കിലോമീറ്റര്‍ ദൂരത്തില്‍ ഉരുക്ക് ഫെന്‍സിങ് നിര്‍മിക്കാനാണ് ധാരണ.
ഫെന്‍സിങ് നിര്‍മാണവുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നതായാണ് വിവരം.
പതിനഞ്ച് വര്‍ഷത്തോളമായി കാട്ടാന ശല്യത്തിനെതിരേ ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിവിധ കര്‍ഷക സംഘടനകളും പ്രദേശവാസികളും പ്രക്ഷോഭം നടത്തിവരികയായിരുന്നു. കര്‍ണാടകയിലെ നാഗര്‍ ഹോള ഹുന്‍സൂര്‍, ചൂരിക്കാട്, കാനൂര എന്നിവിടങ്ങളില്‍ റയില്‍ ഫെന്‍സിങ് നിര്‍മിച്ചിരുന്നു. മേഖലകളില്‍ റെയില്‍വേ ഉരുക്ക് പാള കൊണ്ട് നിര്‍മിച്ച ഫെന്‍സിങ് വിജയമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തില്‍ വേലി നിര്‍മാണം ആറ് കിലോമീറ്റര്‍ ദൂരത്തില്‍ തുടങ്ങാനാണ് വനം വകുപ്പൊരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."