കൊണ്ടോട്ടി മത്സ്യമൊത്ത വിതരണ മാര്‍ക്കറ്റ് നടത്തിപ്പ്: പ്രത്യേക കൗണ്‍സില്‍ ചേര്‍ന്ന് നടപടി കൈക്കൊള്ളും
കൊണ്ടോട്ടി: കൊണ്ടോട്ടിയിലെ മത്സ്യമൊത്ത വിതരണ മാര്‍ക്കറ്റ് നടത്തിപ്പ് പ്രശ്‌നത്തില്‍ കൊണ്ടോട്ടി നഗരസഭ സമവായ ചര്‍ച്ചകള്‍ അവസാനിപ്പിച്ചു. മത്സ്യവിതരണ കേന്ദ്രം നടത്തിപ്പ് സംബന്ധിച്ച് പ്രത്യേക കൗണ്‍സില്‍ ചേര്‍ന്ന് നടപടികള്‍ കൈകൊള്ളുമെന്ന് നഗരസഭ ചെയര്‍മാന്‍ സി.കെ നാടിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പുതിയ കരാറുകാറും പഴയ കരാറുകാരും തമ്മിലുളള തര്‍ക്കത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ മത്സ്യ മൊത്ത വിതരണകേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കഴിഞ്ഞദിവസം നഗരസഭ സര്‍വകക്ഷിയോഗം ചേര്‍ന്നിരുന്നു. യോഗത്തിലുയര്‍ന്ന അഭിപ്രായങ്ങളോട് പഴയ കരാറുകാര്‍ സഹകരിക്കാഞ്ഞതിനാലാണ് നഗരസഭ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതമായത്. മാര്‍ക്കറ്റിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് നഗരസഭയുടെ പരിഗണനയിലുള്ളത്.
കാലങ്ങളായി കുറഞ്ഞ തുകയ്ക്ക് മാര്‍ക്കറ്റ് ഏറ്റെടുക്കുന്ന കരാറുകാരെ ഒഴിവാക്കി പുതിയ സംഘം കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിപ്പ് ഏറ്റെടുത്തതോടെയാണ് പ്രശ്‌നം തുടങ്ങിയത്. മലിനജലം ശുദ്ധീകരിക്കുന്നതിനുള്ള പ്ലാന്റ് നിര്‍മിക്കാന്‍ കരാറുകാര്‍ക്ക് കഴിഞ്ഞില്ല. പഴയ കരാറുകാരുടെ സ്വന്തം സ്ഥലത്തെ മലിനജല ശുദ്ധീകരണശാല ഉപയോഗിക്കാന്‍ അനുവാദവും ലഭിച്ചില്ല . ഇതോടെ നടത്തിപ്പ് പുതിയ സംഘത്തിന് പ്രതിസന്ധിയായി.
കഴിഞ്ഞ മെയില്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് ലേല തുക രണ്ടുപേരും കൂട്ടായി അടവാക്കി കച്ചവടം നടത്തുകയെന്നും മലിനജലശുദ്ധീകരണശാല ഉപയോഗിക്കുന്നതിന് വാടക പഴയ കരാറുകാര്‍ക്ക് നല്‍കണമെന്നും നിര്‍ദേശം വച്ചു. ഈ നിര്‍ദേശം പുതിയ കരാറുകാര്‍ അംഗീകരിച്ചെങ്കിലും പഴയവര്‍ അംഗീകരിച്ചില്ല. പിന്നീട് നഗരസഭയുടെ അധീനതയിലുള്ള 15 സെന്റ് സ്ഥലത്തെ സംബന്ധിച്ച് തര്‍ക്കമുണ്ടായി. സ്ഥലം അളന്നു തിട്ടപ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും പഴയകരാറുകാര്‍ കോടതി കേസ് നല്‍കിയതിനാല്‍ മുടങ്ങി. തുടര്‍ന്ന് നടന്ന യോഗങ്ങളിലെല്ലാം കോടതി തീരുമാനത്തിലൂടെ മാത്രമേ തര്‍ക്കം പരിഹരിക്കപ്പെടൂവെന്ന നിലപാടാണ് പഴയ കരാറുകാര്‍ എടുത്തതെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞു.
സര്‍വകക്ഷിയോഗവും തൊഴിലാളികളും പിന്തുണ നല്‍കിയ സാഹചര്യത്തിലാണ് നഗരസഭ സ്വന്തം നിലയില്‍ തീരുമാനമെടുത്ത് മുന്നോട്ടു പോവാന്‍ തീരുമാനിച്ചത്. മാര്‍ക്കറ്റിന്റെ സംരക്ഷണവും സാമ്പത്തിക ഉന്നമനവും മുന്‍നിര്‍ത്തിയുള്ള തീരുമാനമായിരിക്കും നഗരസഭ എടുക്കുകയെന്ന് ചെയര്‍മാന്‍ സി.കെ നാടിക്കുട്ടി,കൗണ്‍സില്‍മാരായ അഡ്വ.കെ.കെ അബ്ദുസ്സമദ്,ചുക്കാന്‍ ബിച്ചു,വി.അബ്ദുല്‍ ഹക്കീം എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."