ഇക്കുറി കൃഷി നേരത്തെ
കുന്നംകുളം: വരാനിരിക്കുന്ന കനത്ത വേനലിനെ മറിക്കടക്കാന്‍ കര്‍ഷകര്‍ ഇക്കുറി കൃഷി നേരത്തെയാക്കുന്നു. തലപ്പിള്ളി താലൂക്കിന്റെ നെല്ലറ യെന്ന വിശേഷണമുള്ള കാട്ടകാമ്പാലിലെ 2500 ലേറെ ഏക്കര്‍ വരുന്ന പുഞ്ച പാടങ്ങളിലാണ് ഇക്കുറി നവംബറില്‍ തന്നെ കൃഷിയിറക്കുന്നത്.
സാധാരണയായി ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ കൃഷിയിറക്കി മെയ്മാസത്തില്‍ വിളവെടുക്കുന്നതായിരുന്നു രീതി. എന്നാല്‍ കഴിഞ്ഞ തവണയുണ്ടായത് പോലെയുള്ള കനത്ത വേനലും ഒപ്പം അപ്രതീക്ഷിത വേനല്‍ മഴയും കര്‍ഷകര്‍ക്കുണ്ടാക്കുന്ന കനത്ത നഷ്ടം ഒഴിവാക്കാനായാണ് കൃഷി നേരത്തെയാക്കുന്നത്. ബണ്ട് പൊട്ടിയുള്ള കൃഷി നാശത്തിന് പുറമേ വേനലില്‍ ജലമില്ലാതായതും ഒപ്പം കൊയ്ത്തിനു ശേഷമുണ്ടായ മഴയില്‍ നെല്ലുകള്‍ നനഞ്ഞതിനാല്‍ വില ലഭിക്കാതിരുന്നതും വലിയ നഷ്ടമാണുണ്ടാക്കിയിരുന്നത്. നവംബറില്‍ കൃഷിയിറക്കിയാല്‍ മാര്‍ച്ച്് പകുതിയോടെ വിളവെടുക്കാനാകുമെന്ന് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ തുലാം മഴ ഇത്തവണ നേരത്തെയെത്തിയാല്‍ കൃഷിയിറക്കല്‍ വൈകിയേക്കും. ഒപ്പം നൂറടി തോടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതും കര്‍ഷകര്‍ക്ക് ആശ്വാസമാണ്. കഴിഞ്ഞ്് വര്‍ഷങ്ങളില്‍ വരെ ബണ്ട് തകര്‍ന്ന് ഏക്കറ് കണക്കിന് നെല്‍കൃഷി വെള്ളത്തിലായിരുന്നു. 25 ഓളം പടവുകളില്‍ മാത്രമാണ് ഇക്കുറി സാധാരണയായി പാകുന്ന ഉമ നെല്‍വിത്ത് ഉപയോഗിക്കുന്നത്. മറ്റു പടവുകളില്‍ ജ്യോതിയാണ് ഉപയോഗിക്കുന്നത്്. ഉമ നെല്‍വിത്ത് കൂടുതല്‍ തൂക്കവും കീടങ്ങളില്‍ നിന്നും ചെറുത്തു നില്‍ക്കുവാനുളള കഴിവുമുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. എന്നാല്‍ ജ്യോതി നെല്‍വിത്തിന് വില കൂടുതല്‍ ലഭിക്കുന്നത് മൂലം കര്‍ഷകര്‍ ഇത്തവണ ചില പടവുകളില്‍ ജ്യോതി നെല്‍വിത്ത് ഇറക്കാന്‍ തയ്യാറെടുക്കുന്നുണ്ട്്. ഉമ നെല്‍വിത്തിന് കഴിഞ്ഞ വര്‍ഷം 21 രൂപ 50 പൈസയാണ് ലഭിച്ചത്്. എന്നാല്‍ ജ്യോതി നെല്‍വിത്തിന് സ്വകാര്യമില്ലുകള്‍ നേരിട്ടു വന്ന് 25 രൂപ വില നല്‍കുകയും ഒപ്പം ഉടനെ പണം നല്‍കുകയും ചെയ്തിരുന്നു. ഇതാണ് പല കര്‍ഷകരേയും ജ്യോതി വിത്തിലേക്ക് ആകര്‍ഷിച്ചിരിക്കുന്നത്. നവംബറില്‍ കൃഷിയിറക്കി നല്ലവിളവും ലാഭവും ലഭ്യമാക്കാനാകുമോ എന്ന പരീക്ഷണമാണ് നടത്തുന്നത്. ഇത് വിജയകരമായാല്‍ മേഖലയിലെ കൃഷി കലണ്ടറില്‍ കാതലായ മാറ്റമുണ്ടാകാന്‍ കാരണമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."