സുരക്ഷിതമല്ല കായല്‍പ്പരപ്പിലെ ഹൗസ് ബോട്ട് യാത്ര
ആലപ്പുഴ: കിഴക്കിന്റെ വെനീസിലെ കാഴ്ചകള്‍ കണ്ട് വേമ്പനാട്ട് കായലിലെ ഓളപ്പരപ്പിലൂടെയുള്ള ഹൗസ് ബോട്ട് യാത്ര വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാല്‍ വേണ്ടത്ര മുന്‍കരുതലെടുത്തില്ലെങ്കില്‍ ചിരിച്ചുല്ലസിച്ചുള്ള യാത്ര കണ്ണീരണിയാന്‍ അധിക സമയം വേണ്ടി വരില്ലെന്ന് ഇവിടെ നടക്കുന്ന അപകടങ്ങള്‍ വ്യക്തമാക്കുന്നു. കായല്‍ ടൂറിസം ആസ്വദിക്കാനെത്തി ഒടുവില്‍ പ്രിയപ്പെട്ടവരുടെ ചേതനയറ്റ മൃതദേഹവുമായി കണ്ണീരോടെ മടങ്ങിയവരുടെ സങ്കടങ്ങളുടെ കഥയും നിരവധിയുണ്ട് വേമ്പനാട് കായലിന് പറയാന്‍.
മതിയായ സുരക്ഷയില്ലാതെ ആയിരക്കണക്കിന് ഹൗസ്‌ബോട്ടുകളാണ് നിലവില്‍ വിനോദസഞ്ചാരികളെയും വഹിച്ച് വേമ്പനാട് കായലിലൂടെ സഞ്ചരിക്കുന്നത്. ഇടക്കാലത്ത് ഹൗസ് ബോട്ട് ജീവനക്കാര്‍ക്ക് ബോധവത്കരണം നല്‍കുന്ന പരിപാടികള്‍ ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ഇവര്‍ തയ്യാറായില്ല. മതിയായസുരക്ഷയില്ലാതെ സഞ്ചരിക്കുന്ന ജലയാനങ്ങള്‍ കണ്ടെത്തി നടപടിയെടുക്കുമെന്ന പ്രഖ്യാപനവും ജലരേഖയായി മാറി.
കൂടാതെ ഹൗസ്‌ബോട്ട് മേഖലയില്‍ തീപിടുത്തമുള്‍പ്പടെയുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കുകയാണ്. സെന്റ് അല്‍ഫോന്‍സ എന്ന ഹൗസ് ബോട്ട് പുലര്‍ച്ചെ നാലിന് ചെമ്പന്‍തറയ്ക്കു കിഴക്കു വശം പൂര്‍ണമായി കത്തിനശിച്ചിരുന്നു. ഉറക്കത്തിലായിരുന്ന ഒരു ഡസന്‍ യാത്രക്കാരും മൂന്നു ജീവനക്കാരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കായലോരത്തെ തെങ്ങുകളിലും ഒരു വീടിനും ഇതിനൊടൊപ്പം തീ കത്തിപ്പിടിച്ചു. തീപിടുത്തം സംബന്ധിച്ച് ആലപ്പുഴ നോര്‍ത്ത് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തിയെങ്കിലും വ്യക്തമായ കാരണം കണ്ടെത്താനായില്ല.
ആലപ്പുഴയില്‍ ഇതിനു മുന്‍പും ഷോര്‍ട്ട് സര്‍ക്യൂട്ടും ഗ്യാസ് സിലിണ്ടര്‍ പൊട്ടിയതും മൂലം ഹൗസ് ബോട്ടുകളും വീട്ടുപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്. എന്നാല്‍ അപകടങ്ങള്‍ നടക്കുമ്പോള്‍ അന്വേഷണം നടത്തുന്നതല്ലാതെ നടപടികള്‍ സ്വീകരിക്കുന്നില്ല.
ആയിരക്കണക്കിനു ഹൗസ് ബോട്ടുകള്‍ സഞ്ചിക്കുന്ന ആലപ്പുഴയില്‍ കായല്‍ത്തീരങ്ങളോടു ചേര്‍ന്നു വിവിധയിടങ്ങളില്‍ ഹൗസ് ബോട്ടുകള്‍ക്കായി ഇന്ധന ബങ്കുകളും വൈദ്യുതി ചാര്‍ജിംഗ് സ്‌റ്റേഷനുകളും ആരംഭിക്കണമെന്ന നിര്‍ദേശം കടലാസിലാണ്. അനധികൃത ഇന്ധന, വൈദ്യുതി ശേഖരണവും ഉപയോഗവുമാണ് പ്രധാന സുരക്ഷാ ഭീഷണി. ഇതോടൊപ്പം സഞ്ചാരികള്‍ കാല്‍വഴുതി കായലില്‍ വീഴുന്ന സംഭവങ്ങളും ആവര്‍ത്തിക്കുകയാണ്. തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെടുന്നത്. സഞ്ചാരികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കാത്തതും അപകടത്തിന് കാരണമാകുന്നു.അപകടങ്ങള്‍ പെരുകിയതോടെ ടൂറിസം മേഖലയെ ആശ്രയിച്ച് കഴിയുന്നവരും ആശങ്കയിലാണ്.നിലവാരമില്ലാതെ സര്‍വീസ് നടത്തുന്ന ജലയാനങ്ങളെ തടയണമെന്നാണ് മേഖലയുമായി ബന്ധപ്പെട്ടവരും ആവശ്യപ്പെടുന്നത്.
കുറച്ച് നാള്‍ മുമ്പ് വേമ്പനാട്ട് കായലില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഹൗസ് ബോട്ടില്‍ ഉല്ലാസയാത്രയ്ക്കിടെ കായലില്‍ വീണ് മരിച്ച ഫറോക്ക് സ്വദേശിയായ ഐന്‍ എന്ന രണ്ട് വയസുകാരന്‍ മരിച്ച സംഭവം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു അഞ്ചുകുടുംബങ്ങള്‍ക്കൊപ്പമെത്തിയ ഐന്‍ ഹൗസ്‌ബോട്ടിന്റെ മുകളിലത്തെ നിലയില്‍ നിന്ന് കായലിലേക്ക് വീഴുകയായിരുന്നു.ഐനിന്റെ ചേതനയറ്റ ശരീരവുമായി കണ്ണീരോടെയാണ് ഈ കുടുംബം മടങ്ങിയത്.
നേരത്തെയും നിരവധി അപകടങ്ങള്‍ക്ക് വേമ്പനാട്ട് കായല്‍ സാക്ഷിയായിട്ടുണ്ടെങ്കിലും വേണ്ടത്ര സുരക്ഷയൊരുക്കാന്‍ ഹൗസ്‌ബോട്ടുകളും ടൂറിസം വകുപ്പും തയ്യാറാകുന്നില്ല. കായല്‍ സാഹചര്യങ്ങളിലെ അപകടങ്ങളെ കുറിച്ച് അവബോധമില്ലാത്ത ഇതരജില്ലകളില്‍ നിന്നെത്തുന്ന വിനോദ സഞ്ചാരികളാണ് ഹൗസ്‌ബോട്ട് അപകടങ്ങളില്‍ പ്രധാനമായും ഇരയാകുന്നത്. ഇവര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ആരുമില്ല.
രണ്ടര വയസുകാരന്‍ ഐനിനെ കൂടാതെ , മാസങ്ങള്‍ക്ക്് മുമ്പ് കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ജുനൈദ് (25) ബോട്ടിങ്ങിനിടയില്‍ കായലില്‍ വീണ് മരിച്ചിരുന്നു.13 അംഗ സംഘമാണ് ബോട്ടില്‍ ഉണ്ടായിരുന്നത് . ജുനൈദ് കാല്‍ വഴുതി വെള്ളത്തില്‍ വീണതെന്നാണ് പറയപ്പെടുന്നത്.നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. വിനോദ സഞ്ചാരികള്‍ക്ക് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ ഹൗസ്‌ബോട്ടുകള്‍ തയ്യാറാകുന്നില്ല. ഹൗസ് ബോട്ടുകളിലെ സുരക്ഷാപാളിച്ചകളെ കുറിച്ച് വിലയിരുത്താനോ മതിയായ നിര്‍ദേശങ്ങള്‍ നല്‍കാനോ അധികൃതര്‍ തയ്യാറാകുന്നുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."