കണ്ണമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവച്ചു
വേങ്ങര: മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്നു കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പൂക്കുത്ത് മുജീബ് രാജിവച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെ പഞ്ചായത്ത് സെക്രട്ടറി പി. പ്രഭാകരനു രാജിക്കത്ത് കൈമാറി. പാണക്കാട് ഹൈദരലി ശാഹാബ് തങ്ങളുടെയും സാദിഖലി തങ്ങളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് രാജി.
രണ്ടു മാസം മുന്‍പു പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസും ലീഗും ചര്‍ച്ച നടത്തി യു.ഡി.എഫ് ശക്തമാക്കാന്‍ തീരുമാനിച്ചിരുന്നു. നിലവിലുള്ള വൈസ് പ്രസിഡന്റ് രാജിവയ്ക്കാനും പ്രസ്തുത സ്ഥാനത്തേക്കു കോണ്‍ഗ്രസിലെ പുള്ളാട്ട് സലീമിനെ നിയമിക്കാനും ധാരണയായിരുന്നു. എന്നാല്‍, പഞ്ചായത്ത് പുതുതായി നിര്‍മിച്ച സ്റ്റേഡിയം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിനു മുന്‍പേ കോണ്‍ഗ്രസിലെ ഒരു വിഭാഗം ക്ലബ് പ്രവര്‍ത്തകരെ ഇറക്കി ഉദ്ഘാടനം ചെയ്തതു ബന്ധം വഷളാക്കുന്നതിനു കാരണമായി. വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പു കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ ഇരുകൂട്ടരെയും വിളിച്ചുവരുത്തി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് പുതിയ തീരുമാനം.
20 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ മുസ്ലിംലീഗ് 10, ജനതാദള്‍ (യു) ഒന്ന്, കോണ്‍ഗ്രസ് അഞ്ച്, സി.പി.എം രണ്ട്, സി.പി.ഐ ഒന്ന്, വെല്‍ഫയര്‍ പാര്‍ട്ടി ഒന്ന് എന്നിങ്ങനെയാണ് അംഗബലം. ഇതില്‍ ലീഗും ജനതാദളും ചേര്‍ന്നാണ് ഭരണം നടത്തുന്നത്. പുതിയ തീരുമാനപ്രകാരം യു.ഡി.എഫ് അംഗങ്ങളുടെ എണ്ണം പതിനാറാകും. അതേസമയം, പുതിയ വൈസ് പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്നതില്‍ കോണ്‍ഗ്രസിന്റെ പ്രദേശികതലത്തില്‍ തീരുമാനമായിട്ടില്ലെന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."