തന്ത്രങ്ങള്‍ വിജയം കണ്ടു; ഫറോക്ക് നഗരസഭ യു.ഡി.എഫ് നിലനിര്‍ത്തി
ഫറോക്ക്: നഗരസഭാധ്യക്ഷ സ്ഥാനം നിലനിര്‍ത്താന്‍ യു.ഡി.എഫ് നേതൃത്വം ഒരുക്കിയ തന്ത്രങ്ങള്‍ വിജയം കണ്ടു. മുസ്്‌ലിം ലീഗിലെ പി. റുബീന പുതിയ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നില്‍ യു.ഡി.എഫിന്റെ കൂട്ടായ പ്രവര്‍ത്തനമാണ്.
ഇന്നലത്തെ യോഗത്തില്‍ നിന്നു വിട്ടുനിന്ന കൗണ്‍സിലറെ എത്തിക്കാനായതാണ് യു.ഡി.എഫ് വിജയത്തില്‍ നിര്‍ണായകമായത്. വളരെ സൂക്ഷ്മതയോടെയാണ് നേതൃത്വം കാര്യങ്ങള്‍ നീക്കിയത്. യു.ഡി.എഫിനെ പിന്തുണക്കുന്ന രണ്ടു സ്വതന്ത്രരടക്കം 19 പേരെയും തെരഞ്ഞെടുപ്പില്‍ പങ്കെടുപ്പിക്കുന്നതിനു ദിവസങ്ങള്‍ നീണ്ട പ്രയത്‌നത്തിന്റെ വിജയും കൂടിയാണ് ഇന്നലെ കണ്ടത്.
നഗരസഭാധ്യക്ഷയായിരുന്ന മുസ്‌ലിം ലീഗിലെ ടി. സുഹറാബി പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നാണ് രാജിവച്ചത്. മുസ്‌ലിം ലീഗ് കൗണ്‍സിലര്‍മാര്‍ക്കിടയിലുള്ള അസ്വാരസ്യങ്ങള്‍ തീര്‍ക്കുന്നതിനും സ്വാതന്ത്രന്മാരെ കൂടെ നിര്‍ത്തുന്നതിനമുള്ള പ്രവര്‍ത്തനം അന്നുതന്നെ ലീഗ് നേതൃത്വം ആരംഭിച്ചിരുന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദേശ പ്രകാരം ലീഗ് അഖിലേന്ത്യ സെക്രട്ടറി നേരിട്ടു ഇടപെട്ടു ചര്‍ച്ച നടത്തിയാണ് പ്രശ്‌നങ്ങള്‍ രമ്യതയിലെത്തിച്ചത്.
അതേസമയം സ്വതന്ത്രന്മാരെ കൂടെ നിര്‍ത്താനുള്ള നീക്കങ്ങള്‍ക്കിടയില്‍ രണ്ടു കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഇടഞ്ഞത് യു.ഡി.എഫ് നേതൃത്വത്തിന്റെ പരാജയമായി. ഇത് കടുത്ത പ്രതിസന്ധിയാണ് യു.ഡി.എഫിനുള്ളില്‍ സൃഷ്ടിച്ചത്.
കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വിപ്പ് നല്‍കുന്നതിനു ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് കൗണ്‍സിലര്‍മാര്‍ മുങ്ങിയ വിവരം നേതൃത്വം അറിയുന്നത്. കക്കാട്ടുപ്പാറ ഡിവിഷനില്‍ വിജയിച്ച കെ.ടി ശാലിനിയും കോതാര്‍ത്തോടില്‍ നിന്നു വിജയിച്ച കെ. മൊയ്തീന്‍കോയയുമാണ് നേതൃത്വവുമായി ഇടഞ്ഞത്്. ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖിന്റെ നേതൃത്വത്തില്‍ ശാലിനിയെ കണ്ട് കാര്യങ്ങള്‍ സംസാരിച്ചു. ഇവരെ വ്യാഴാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ എത്തിച്ചെങ്കിലും മൊയ്തീന്‍ കോയയെക്കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല.
മൊയ്തീന്‍ കോയ വരുമെന്ന പ്രതീക്ഷയില്‍ യു.ഡി.എഫിന്റെ മറ്റു 18 അംഗങ്ങളും നഗരസഭയിലെത്തിയിരുന്നു. എന്നാല്‍ കാണാതായ കൗണ്‍സിലര്‍ എത്താത്തതിനെ തുടര്‍ന്നു വ്യാഴാഴ്ച നടന്ന യോഗത്തില്‍ മറ്റു അംഗങ്ങള്‍ പങ്കെടുക്കേണ്ടെന്ന തീരുമാനമാണ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം യു.ഡി.എഫ് നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമായത്.
ക്വാറം തികയാത്തതിനാല്‍ വ്യാഴാഴ്ചത്തെ യോഗം ഇന്നലത്തേക്കു വരണാധികാരി മാറ്റിവയ്ക്കുകുമായിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെ കെ. മൊയ്തീന്‍ കോയയെ തടഞ്ഞുനിര്‍ത്തിയവര്‍ തന്നെ ഡി.സി.സി ഓഫിസില്‍ ഹാജരാക്കി.
നീണ്ട ചര്‍ച്ചക്കൊടുവില്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടതോടെയാണ് യു.ഡി.എഫ് നേതൃത്വത്തിനു ശ്വാസം നേരെ വീണത്.
ആറു മാസത്തിനു ശേഷം നഗരസഭയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്ന ധാരണയുടെ പുറത്താണ് ഇന്നലത്തെ യോഗത്തില്‍ കെ. മൊയ്തീന്‍ കോയ പങ്കെടുത്തതെന്നാണു ലഭിക്കുന്ന സൂചന.
രണ്ടുദിവസം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ നടന്ന നഗസഭാധ്യക്ഷ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായത് യു.ഡി.എഫിന്റെ രാഷ്ട്രീയ വിജയമായി. യു.ഡി.എഫ് അംഗങ്ങളെ ഒറ്റക്കെട്ടായി നിര്‍ത്തുന്നതില്‍ ലീഗ് ജില്ലാ മണ്ഡലം നേതൃത്വം നടത്തിയ ഇടപെടലുകളും യു.ഡി.എഫ് വിജയത്തില്‍ നിര്‍ണായകമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."