നാട്ടുകാരുടെ പ്രിയപ്പെട്ട കാരണവര്‍ വിടവാങ്ങി
നീര്‍ക്കുന്നം : നാട്ടുകാരുടെ പ്രിയപ്പെട്ട കാരണവര്‍ വിടവാങ്ങി.കാട്ടൂക്കാരന്‍ പറമ്പില്‍ അലിക്കുഞ്ഞ് സാഹിബ് (95) ആണ് നാടിനെ നൊമ്പരപ്പെടുത്തി ഇന്നലെ വിടപറഞ്ഞത്. നീര്‍ക്കുന്നം പ്രദേശത്തെ തലമുതിര്‍ന്നയാള്‍ എന്ന നിലയില്‍ ഏറെ ആദരവോടെയാണ് യുവതലമുറയും ഇദ്ദേഹത്തെ കണ്ടിരുന്നത്. പ്രമുഖ സൂഫിവര്യനായ മാവുങ്കല്‍ മുഹമ്മദ് കുഞ്ഞ് മുസ്്‌ലിയാരുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം മഖ്ബറ സന്ദര്‍ശിക്കുന്ന പതിവ് ഒരിക്കലും തെറ്റിച്ചിരുന്നില്ല. പ്രായത്തിന്റെ അവശതകള്‍ കര്‍മ്മ രംഗത്ത് സജീവമാകുന്നതില്‍ നിന്ന് അവസാന നിമിഷം വരെയും അദ്ദേഹത്തെ തടഞ്ഞില്ല. ഏത് കാലാവസ്ഥയിലും അദ്ദേഹം പള്ളിയില്‍ എത്തുമായിരുന്നു. വാര്‍ദ്ധക്യത്തിലും ചിട്ടയായി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് നാട്ടുകാര്‍ വിസ്മയത്തോടെയാണ് കണ്ടിരുന്നത്.
ആരുടെ വിയോഗവാര്‍ത്ത അറിഞ്ഞാലും അവിടെ എത്തിപ്പെടുകയും പ്രാര്‍ഥന നടത്തുകയും ചെയ്യും.നാട്ടിലെ ആര്‍ക്ക് അസുഖം ബാധിച്ചെന്ന് അറിഞ്ഞാലും ആശ്വാസവാക്കുകളുമായി വീട്ടിലെത്തുമായിരുന്നു.
പരിശുദ്ധ റമളാന്‍ മാസം ആയാല്‍ മുഴുവന്‍ സമയവും പള്ളിയില്‍ തന്നെ നിസ്‌ക്കാരം, ഖുര്‍ആന്‍ പാരായണം, ദിക്ക്ര്‍, സ്വലാത്ത് എന്നിവയില്‍ കര്‍മ്മനിരതനാകും. കൊച്ചു കുട്ടികള്‍ക്ക് നല്ല കാര്യങ്ങളില്‍ പ്രോല്‍സാഹനം നല്‍കുന്നതും കാണാം.സഹായം പ്രതീക്ഷിച്ച് വരുന്നവരെ നിരാശരാക്കാതിരിക്കുന്നതും ഈ വയോധികന്റെ രീതിയായിരുന്നു. പതിവ് പോലെ തന്നെ ഇന്നലെയും പ്രഭാത നിസ്‌ക്കാരത്തിനായി തയ്യാറടെക്കുമ്പോഴാണ് നാട്ടുകാരുടെ പ്രിയപ്പെട്ട കാരണവര്‍ വിടപറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."