പകരം ചോദിച്ച് സിന്ധു
നോസോമി ഒകുഹാരയെ വീഴ്ത്തി പി.വി സിന്ധു
കൊറിയ ഓപണ്‍ സൂപ്പര്‍ സീരീസ് കിരീടം സ്വന്തമാക്കി
സിയൂള്‍: ലോക ചാംപ്യന്‍ഷിപ്പിലെ ഫൈനല്‍ തോല്‍വിക്ക് ഇന്ത്യയുടെ പി.വി സിന്ധു കണക്ക് തീര്‍ത്തു. കൊറിയ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഫൈനലില്‍ ജപ്പാന്റെ നോസോമി ഒകുഹാരയെ കീഴടക്കി കിരീടം സ്വന്തമാക്കിയാണ് സിന്ധു മധുരമായി പകരം ചോദിച്ചത്. സ്‌കോര്‍: 22-20, 11-21, 21-18. മൂന്ന് ആഴ്ച മുന്‍പ് ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സിന്ധുവിനെ പരാജയപ്പെടുത്തി ഒകുഹാര സ്വര്‍ണം സ്വന്തമാക്കിയിരുന്നു. തുടര്‍ച്ചയായ 14 വിജയങ്ങളുമായാണ് ഒകുഹാര കൊറിയയില്‍ കലാശപ്പോരിനിറങ്ങിയത്. ഈ അപരാജിത മുന്നേറ്റത്തിന് തടയിടാനും സിന്ധുവിനായി.
പതിവ് പോലെ കടുത്ത വെല്ലുവിളിയാണ് ജപ്പാന്‍ താരം ഉയര്‍ത്തിയത്. മത്സരം ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. ബാഡ്മിന്റണ്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ ഫൈനല്‍ പോരാട്ടമായും സൂപ്പര്‍ സീരീസ് കലാശപ്പോര് മാറി.
ആദ്യ സെറ്റില്‍ ഇരുവരും തുല്ല്യ നിലയിലാണ് മുന്നേറിയത്. അതേസമയം സിന്ധു കൂടുതല്‍ ആക്രമണാത്മക മനോഭാവമാണ് ജപ്പാന്‍ താരത്തിനെതിരേ പുറത്തെടുത്തത്. അതേസമയം സിന്ധുവിന്റെ ട്രേഡ് മാര്‍ക്കായി സ്മാഷുകള്‍ക്ക് കൃത്യമായി തിരിച്ചടികള്‍ നല്‍കാന്‍ ജപ്പാന്‍ താരത്തിന് സാധിച്ചു. കരുത്തുറ്റ റാലികളുമായി ഒകുഹാര തിരിച്ചടിക്ക് വീര്യം കൂട്ടിയപ്പോള്‍ ക്രോസ് കോര്‍ട് ബാക്ക്ഹാന്‍ഡ് ഷോട്ടുകളിലൂടെയായിരുന്നു സിന്ധുവിന്റെ മറുപടികള്‍. അവസാന ഘട്ടത്തില്‍ മുന്നില്‍ കടന്ന് ഒകുഹാര മുന്‍തൂക്കം നേടിയെങ്കിലും നാല് തുടര്‍ പോയിന്റുകള്‍ നേടി ആദ്യ സെറ്റ് സിന്ധു 22-20ന് പിടിച്ചെടുത്തു.
ആദ്യ സെറ്റിലെ തിരിച്ചടികള്‍ ഉള്‍ക്കൊണ്ട് മത്സരത്തിലേക്ക് തിരിച്ചെത്താന്‍ ജപ്പാന്‍ താരത്തിന് രണ്ടാം സെറ്റില്‍ സാധിച്ചു. ലോങ് റാലികളുമായി ഈ സെറ്റില്‍ ഒകുഹാര മുന്നേറി. നെറ്റ് പ്ലെയ്ക്ക് മറുപടി നല്‍കാന്‍ സാധിക്കാതെ ഈ ഘട്ടത്തില്‍ സിന്ധു കുഴങ്ങി. രണ്ടാം സെറ്റില്‍ പത്ത് പോയിന്റിന്റെ കൃത്യമായ വ്യത്യാസത്തില്‍ സെറ്റ് 11-21 എന്ന സ്‌കോറിന് ഒകുഹാര നേടി.
നിര്‍ണായക മൂന്നാം സെറ്റില്‍ ജപ്പാന്‍ താരത്തിന് പിഴവുകള്‍ നിരവധി വന്നത് മുതലാക്കാന്‍ സിന്ധുവിന് സാധിച്ചത് വഴിത്തിരിവായി. മത്സരത്തിന്റെ ഒരു ഘട്ടത്തിലും ലീഡ് വിട്ടുകൊടുക്കാതെ സിന്ധു നിലകൊണ്ടു. പോയിന്റ് 19-16 എന്ന നിലയില്‍ നില്‍ക്കേ അവസാനവട്ട തിരിച്ചുവരവിനായി ജപ്പാന്‍ താരം പോരാടിയതോടെ 56 ഷോട്ടുകള്‍ നീണ്ട റാലിയും മത്സരത്തെ ആവേശകരമാക്കി. 19ല്‍ നിന്ന് തുടര്‍ച്ചയായി മൂന്ന് പോയിന്റുകള്‍ നേടി സിന്ധു മത്സരവും കിരീടവും സ്വന്തം പേരിലാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."