ലൈഫ് ഭവന പദ്ധതി: നടപടികള്‍ വൈകും
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനത്തെ തുടര്‍ന്നു ജില്ലയില്‍ പെരുമാറ്റച്ചട്ടം നിലവില്‍വന്നതിനാല്‍ ലൈഫ് ഭവനപദ്ധതിയുടെ അന്തിമ ലിസ്റ്റില്‍ ആക്ഷേപമുള്ളവരുടെ പരാതികള്‍ സ്വീകരിക്കല്‍ നിര്‍ത്തിവച്ചു. ആദ്യഘട്ട ആക്ഷേപങ്ങള്‍ പരിശോധിച്ചു കഴിഞ്ഞ 11നാണ് പട്ടിക പുനഃപ്രസിദ്ദീകരിച്ചിരുന്നത്. ഇതില്‍ ആക്ഷേപമുള്ളവര്‍ ജില്ലാ കലക്ടര്‍ക്കു പരാതി സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം.
പദ്ധതിക്കായി ജില്ലയില്‍നിന്നു ലഭിച്ചത് 45,714 അപേക്ഷകളാണ്. ഇതില്‍ 13,217 പേര്‍ ഭൂരഹിത ഭവനരഹിതരും 32,497 പേര്‍ ഭൂമിയുള്ള ഭവനരഹിതരുമാണ്. ജില്ലയിലെ 94 പഞ്ചായത്തുകളില്‍നിന്നു ലഭിച്ച അപേക്ഷകളുടെ കണക്കാണിത്. 12 നഗരസഭകളിലെ അപേക്ഷകള്‍ പൂര്‍ണമായും ലഭ്യമായിട്ടില്ല. ഇതുകൂടിയാകുമ്പോള്‍ അപേക്ഷകരുടെ എണ്ണം വര്‍ധിക്കും. ഈ അപേക്ഷകള്‍ പരിശോധിച്ച ശേഷമുള്ള അന്തിമ ലിസ്റ്റാണ് പഞ്ചായത്തുകളില്‍ ഇപ്പോള്‍ പ്രസിദ്ദീകരിച്ചിട്ടുള്ളത്.
എന്നാല്‍, സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡപ്രകാരം അപേക്ഷകരില്‍ ഭൂരിഭാഗം പേരും ലിസ്റ്റില്‍നിന്നു പുറത്താണ്. ഓരോ പഞ്ചായത്തിലും ഇരുനൂറും മുന്നൂറും അപേക്ഷകളുണ്ടെങ്കിലും അന്തിമ ലിസ്റ്റില്‍ അന്‍പതില്‍ താഴെ അപേക്ഷകര്‍ മാത്രമാണ് ഇടംപിടിച്ചിട്ടുള്ളത്. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ പുറപ്പെടുവിപ്പിച്ച മാനദണ്ഡങ്ങളിലെ അപാകതകളാണ് അര്‍ഹരായവര്‍ പുറത്താകാനുള്ള കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."