ചമ്പക്കര ജലോത്സവം; പായിപ്പാട് ചുണ്ടന്‍ ജേതാക്കള്‍
മരട്: എരൂര്‍ ചമ്പക്കര ജലോത്സവത്തില്‍ ഉദയംപേരൂര്‍ ബോട്ട് ക്ലബ്ബിന്റെ ലൂയീസ് കുര്യാക്കോസ് ക്യാപ്റ്റനായ പായിപ്പാട് ചുണ്ടന്‍ ജേതാക്കളായി. സിബീഷ് ക്യാപ്റ്റനായ ആയാപറമ്പ് പാണ്ടി രണ്ടാം സ്ഥാനത്തെത്തി. കോരിച്ചൊരിയുന്ന മഴയിലും ആവേശം കൈവിടാതെ നടന്ന വാശിയേറിയ കരക്കാരുടെ ഉത്സവമായ ജലോത്സത്തിന് ആവേശം പകരാന്‍ ഇരുകരകളിലും ആര്‍പ്പുവിളികളോടെ ആയിരങ്ങളാണ് എത്തിചേര്‍ന്നത്.
ഇരുട്ടുകുത്തി വള്ളങ്ങളുടെ എ ഗ്രേഡ് ഫൈനലില്‍ എത്തിയ മൂന്നു വള്ളങ്ങള്‍ക്കും ഒന്നാം സമ്മാനം തുല്യമായി നല്‍കി. നെട്ടൂര്‍ ജേക്കബ് ഹഡ്‌സണ്‍ ക്യാപ്റ്റനായ ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ ഹനുമാന്‍ നമ്പര്‍ 1, അജിത്ത് മുച്ചങ്ങത്ത് ക്യാപ്റ്റനായ ചേപ്പനം ബോട്ട് ക്ലബ്ബിന്റെ സെന്റ് ആന്റണി, തുരുത്തിപ്പുറം ബോട്ട്ക്ലബ്ബിന്റെ പൗലോസ് ജോബി ക്യാപ്റ്റനായ തുരുത്തിപ്പുറം എന്നീ വള്ളങ്ങളാണ് ഒന്നാം സ്ഥാനം. പങ്കിട്ടത്.
ഇരുട്ട്കുത്തി ബി ഗ്രേഡില്‍ താന്തോണിത്തുരുത്തിന്റെ രൂപേ ശ് ക്യാപ്റ്റനായ കാശിനാഥന്‍ ഒന്നാമതെത്തി. റെജി പാപ്പി ക്യാപ്റ്റനായ മടപ്ലാന്തുരുത്ത് ബോട്ട് ക്ലബ്ബിന്റെ ജിബി തട്ടകനാണ് രണ്ടാം സ്ഥാനം. ലൂസേഴ്‌സ് ഫൈനലില്‍ എ ഗ്രേഡില്‍ തൈക്കൂടം ബോട്ട് ക്ലബ്ബിന്റെ താണിയനും ബി ഗ്രേഡില്‍ അതേ ക്ലബ്ബിന്റെ തന്നെ ശ്രീമുരുകനും ഒന്നാമതെത്തി.
വിജയികള്‍ക്ക് ഫോണ്‍ ഫോര്‍ മാനേജിങ് ഡയറക്ടര്‍ സയീദ് ഹമീദ് ട്രോഫികള്‍ സമ്മാനിച്ചു. സമ്മേളനം എം. സ്വരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പി.ടി. തോമസ് എംഎല്‍എ ഫ്‌ലാഗ് ഓഫ് ചെയ്തു. തൃപ്പൂണിത്തുറ നഗരസഭ അധ്യക്ഷ ചന്ദ്രികാദേവി, മരട് നഗരസഭാധ്യക്ഷ സുനീല സിബി എന്നിവര്‍ ചേര്‍ന്ന് ദീപം തെളിച്ചു.
ജലോത്സവ സമിതി ചെയര്‍മാന്‍ കെ.എ. ദേവസി അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ എ.ബി. സാബു, തൃപ്പൂണിത്തുറ നഗരസഭ വൈസ് ചെയര്‍മാന്‍ ഒ.വി. സലിം, കൊച്ചി നഗരസഭാ കൗണ്‍സിലര്‍ വി.പി. ചന്ദ്രന്‍, മരട് നഗരസഭ കൗണ്‍സിലര്‍മാരായ ടി.കെ. ദേവരാജന്‍, ആന്റണി ആശാന്‍ പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."