മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ സംഭവം: ഹരജി അനുവദിക്കരുതെന്ന്
കൊച്ചി: കോഴിക്കോട് കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ തടയുകയും അന്യായമായി തടവില്‍വയ്ക്കുകയും ചെയ്ത സംഭവത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ ടൗണ്‍ എസ്.ഐ പി.എം.വിമോദ് നല്‍കിയ ഹരജി അനുവദിക്കരുതെന്ന് വ്യക്തമാക്കി മാധ്യമപ്രവര്‍ത്തകന്‍ ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കി. ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ബ്യൂറോ ചീഫ് എസ്. ബിനുരാജാണ് അഡ്വ. സെബാസ്റ്റ്യന്‍പോള്‍ മുഖേന സത്യവാങ്മൂലം നല്‍കിയത്. കോഴിക്കോട് കോടതിയില്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ ജൂലൈ 30ന് എത്തിയ മാധ്യമസംഘത്തെ കൈയേറ്റം ചെയ്യുകയും അന്യായമായി തടവില്‍ വയ്ക്കുകയും ചെയ്തതിനെത്തുടര്‍ന്നാണു വിമോദിനെതിരേ പരാതി നല്‍കിയതെന്നും വിമോദിന്റെ നടപടി ഭരണഘടന പൗരനു നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രകോപനപരമായ സാഹചര്യമില്ലാതിരുന്നിട്ടും താനുള്‍പ്പെടെയുള്ളവരെ തടഞ്ഞുവയ്ക്കുകയും അസഭ്യം പറയുകയും ചെയ്ത എസ്.ഐയുടെ നടപടി നിയമവിരുദ്ധമാണ്. തങ്ങളെ തടഞ്ഞുവയ്ക്കാനുള്ള നിയമപരമായ അധികാരമോ നിര്‍ദേശമോ ഇല്ലാതെയാണ് എസ്.ഐ ഇത്തരമൊരു നടപടി സ്വീകരിച്ചത്. സംഭവദിവസം വൈകിട്ട് ആറുവരെ ഡ്യൂട്ടിയില്‍ നിന്ന് മാറിനില്‍ക്കാന്‍ മേലുദ്യോഗസ്ഥന്‍ നിര്‍ദേശിച്ചിട്ടും പാലിക്കാന്‍ വിമോദ് തയാറായില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. പുനലൂര്‍ സ്റ്റേഷനില്‍ ജോലി നോക്കിയിരുന്ന കാലത്ത് വാഹന പരിശോധനയുമായി ബന്ധപ്പെട്ട് വിമോദിനെ നാട്ടുകാരുടെ എതിര്‍പ്പു നിമിത്തം ചെങ്ങമനാട് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."