ബോംബര്‍-പോര്‍ വിമാനങ്ങള്‍ പറത്തി മറുപടി: കൊറിയന്‍ ആകാശത്ത് യു.എസ്-ദ.കൊറിയന്‍ ശക്തിപ്രകടനം
സിയൂള്‍: ഉത്തര കൊറിയയുടെ നിരന്തര പ്രകോപനങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാനൊരുങ്ങി അമേരിക്ക. കൊറിയന്‍ ആകാശത്ത് നാല് പോര്‍വിമാനങ്ങളും രണ്ട് ബോംബര്‍ വിമാനങ്ങളും പറത്തിയാണ് യു.എസ് തിരിച്ചടി സൂചന നല്‍കിയിരിക്കുന്നത്.
ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഉ.കൊറിയയുടെ ആണവ-മിസൈല്‍ ഭീഷണികളെ ചെറുക്കാന്‍ യു.എസ്-ദ.കൊറിയന്‍ സഖ്യം സജ്ജമാണെന്നു പ്രകടിപ്പിക്കാനായി നാല് എഫ്-35ബി ചാര പോര്‍വിമാനങ്ങളും രണ്ട് ബി-1ബി വിമാനങ്ങളും ഉപദ്വീപിലൂടെ പറന്നതായി മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. പോര്‍വിമാനങ്ങള്‍ ദ.കൊറിയയുടേതും ബോംബറുകള്‍ അമേരിക്കയുടേതുമാണ്. റഡാറുകളുടെ കണ്ണുവെട്ടിച്ചു പറക്കാന്‍ കഴിയുന്ന കരുത്തുറ്റതുമാണ് ഈ വിമാനങ്ങള്‍.
ഈ മാസം മൂന്നിന് ഉ.കൊറിയ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ആണവ പരീക്ഷണം നടത്തുകയും ജപ്പാനുമുകളിലൂടെ രണ്ടു തവണ ദീര്‍ഘദൂര മിസൈല്‍ പറത്തുകയും ചെയ്തതിനു പിറകെയാണ് ശക്തിപ്രകടനവുമായി അമേരിക്കയും ദ.കൊറിയയും രംഗത്തെത്തിയത്. മേഖലയിലെ ഭീഷണികള്‍ തുടരുന്ന പശ്ചാത്തലത്തില്‍ പ്രതിരോധശേഷി ശക്തമാക്കാനായി ഇത്തരം പരിശീലനം ഇനിയും തുടരുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സൈനിക പ്രകടനത്തിന്റെ ചിത്രവും പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു.
ഇതിനുമുന്‍പ് കഴിഞ്ഞ മാസം 31നും യു.എസ്-ദ.കൊറിയന്‍ സംയുക്ത സൈനിക ശക്തി പ്രകടനം നടന്നിരുന്നു. രാജ്യാന്തര എതിര്‍പ്പുകളും സമ്മര്‍ദങ്ങളും വകവയ്ക്കുന്നില്ലെന്നും അമേരിക്കയുടേതിനു തുല്യമായ സൈനിക ശക്തി കൈവരിക്കുന്നതു വരെ ആണവായുധ പരീക്ഷണം തുടരുമെന്നും കഴിഞ്ഞ ദിവസവും ഉ. കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിറകെയാണ് യു.എസ്-ദ.കൊറിയന്‍ സംയുക്ത സൈനിക പ്രകടനം.
അതിനിടെ, നിലവിലെ നിലപാട് മാറ്റാന്‍ തയാറായില്ലെങ്കില്‍ ഉ.കൊറിയ തകര്‍ത്തുതരിപ്പണമാക്കുമെന്ന് ഐക്യരാഷ്ട്രസഭയിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലി മുന്നറിയിപ്പ് നല്‍കി. ഇന്ന് നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ഈ വിഷയം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവതരിപ്പിക്കുമെന്നാണു കരുതുന്നത്. ഈ ആഴ്ച ജപ്പാന്‍, ദ.കൊറിയന്‍ നേതാക്കളുമായി ട്രംപ് നടത്തുന്ന കൂടിക്കാഴ്ചയിലും ഇക്കാര്യം തന്നെയാകും പ്രധാന ചര്‍ച്ചാവിഷയം.
യു.എന്‍ ഉപരോധങ്ങള്‍ക്കു മറുപടിയായി, യു.എസിനെ ചാരമാക്കുമെന്നും ജപ്പാനെ കടലില്‍ മുക്കുമെന്നുമാണ് ഉ.കൊറിയ പ്രതികരിച്ചത്. പസഫിക് സമുദ്രത്തിലെ യു.എസ് ദ്വീപായ ഗുവാം ആക്രമിക്കുമെന്നും ഉ.കൊറിയ നേരത്തെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ ഏറ്റവും ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലായിരുന്നു വെള്ളിയാഴ്ച ജപ്പാനു മുകളിലൂടെ ഉ.കൊറിയ പറത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."