സ്‌പോണ്‍സര്‍ഷിപ്പോടെയുള്ള ഡയാലിസിസ് സംവിധാനം മാതൃകാപരം: ഉമ്മന്‍ ചാണ്ടി
മാള: സ്‌പോണ്‍സര്‍ഷിപ്പോടെ സാധാരണ ജനങ്ങള്‍ക്കായി ഡയാലിസിസ് യൂനിറ്റുകള്‍ പോലുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നത് മാതൃകാപരവും അഭിനന്ദനാര്‍ഹവുമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെ കരുണാകരന്‍ സ്മാരക മാള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ സമൂഹത്തിലെ വിവിധ സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും സഹകരണത്തോടെ സജ്ജമാക്കിയ ഡയാലിസിസ് യൂനിറ്റുകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താലൂക്കാശുപത്രി, ജില്ലാ ആശുപത്രി തുടങ്ങി മെഡിക്കല്‍ കോളജുകളില്‍ വരെ ഡയാലിസിസ് യൂനിറ്റുകള്‍ സജ്ജമായി വരുന്ന സ്ഥാനത്ത് അവയില്‍ നിന്നും ഒരുപടി കൂടി കടന്ന് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായ ഇവിടെ സ്‌പോണ്‍സര്‍ഷിപ്പോടെ ഈ സംവിധാനം ഒരുക്കിയത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.എം സുഹിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ എം.എല്‍.എ മാരായ യു.എസ് ശശി, ടി.യു രാധാകൃഷ്ണന്‍, എ.കെ ചന്ദ്രന്‍ വിശിഷ്ടാതിഥികളായിരുന്നു. ഡയാലിസിസ് യൂനിറ്റിന്റെ ദൈനംദിന നടത്തിപ്പ് ഏറ്റെടുത്ത ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഉമാ പ്രേമന്‍, ഡയാലിസിസ് യൂനിറ്റുകള്‍ സംഭാവന ചെയ്ത എം.ഐ.എല്‍ കെ.എസ്.ബി ചാരിറ്റബിള്‍ ട്രസ്റ്റ് എക്‌സി ഡയറക്ടര്‍ എസ് മഹേഷ്, ഡോ. ഷാജു ഐനിക്കല്‍, പോള്‍ ഡേവീസ് കളപ്പറമ്പത്ത്, സ്റ്റാന്‍ലി ജോസഫ് പാറേക്കാട്ട്, അന്നമനട എ.എം.ടി ഫൗണ്ടേഷനിലെ മുഹമ്മദ് ഷാഫി, ഹോളിഗ്രേസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോസ് കണ്ണംപിള്ളി എന്നിവരെ ചടങ്ങില്‍ ഉമ്മന്‍ചാണ്ടി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗീസ് കാച്ചപ്പിള്ളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ സുകുമാരന്‍, ടി.എം രാധാകൃഷ്ണന്‍, പി ശാന്തകുമാരി, ടെസ്സി ടൈറ്റസ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. നിര്‍മ്മല്‍ സി പാത്താടന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ ബിജു ബാബു, ടി.പി രവീന്ദ്രന്‍, ഷീബ പോള്‍, സോന കെ കരീം, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആര്‍ പ്രസാദ്, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സംസ്ഥാനത്ത് ആദ്യമായി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രിയില്‍ സ്‌പോണ്‍സര്‍ഷിപ്പോടെ ഒരുക്കിയതാണ് അഞ്ച് ഡയാലിസിസ് യൂനിറ്റുകളോടെയുള്ള സംവിധാനം. ആശുപത്രിയുടെ ഒന്നാം നിലയില്‍ സജ്ജമാക്കിയ ഡയാലിസിസ് യൂനിറ്റുകള്‍ നിയന്ത്രിക്കുന്നത് ശാന്തി മെഡിക്കല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററാണ്. ആദ്യത്തെ മൂന്ന് വര്‍ഷം രോഗികള്‍ക്ക് തികച്ചും സൗജന്യമായി ഇവിടെ ഡയാലിസിസ് നടത്താനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിന് ശേഷം തുടര്‍ന്നും സൗജന്യമായി സേവനം നല്‍കാനുള്ള സംവിധാനം ഒരുക്കും.
ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് ഡയാലിസിസ് യൂനിറ്റ് സജ്ജമാക്കിയത്. മാള, പൊയ്യ, കുഴൂര്‍, അന്നമനട, ആളൂര്‍, പുത്തന്‍ചിറ ഗ്രാമപഞ്ചായത്തുകളിലെയും മറ്റിടങ്ങളിലേയും രോഗികള്‍ക്ക് ഈ കേന്ദ്രത്തിന്റെ സേവനം ലഭ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."